06 June, 2020 07:22:34 PM


അധോലോക നായകൻ ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ച് മരിച്ചതായി അഭ്യൂഹം



ദില്ലി: പാകിസ്ഥാനില്‍ ഒളിവില്‍ കയുന്ന അധോലോക നേതാവും ഇന്ത്യ തേടുന്ന കൊടുംകുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ചു മരിച്ചതായി അഭ്യൂഹം. കറാച്ചിയിൽ വെച്ച് ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ചുവെന്ന് ഏതാനും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ശരിയാണോ തെറ്റാണോ എന്നത് സംബന്ധിച്ച് ഒരു വ്യക്തതയുമില്ല. ദാവൂദ് ഇഹ്രാഹിം മരിച്ചതായുള്ള വാർത്തകൾ മുൻപും വന്നിട്ടുണ്ട്.


ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യ മെഹജാബിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് പാക് അധികൃതരെ ഉദ്ധരിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ദാവൂദിന്റെ പേഴ്‌സണ്‍ സ്റ്റാഫ് അംഗങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അധികൃതര്‍ ക്വറന്റീനിലാക്കിയിട്ടുണ്ട്. കറാച്ചിയിലെ സൈനിക ആശുപത്രിയിലാണ് ദാവൂദിനെ ചികിത്സിക്കുന്നതെന്നായിരുന്നു ഇന്നലെ വൈകി വന്ന റിപ്പോർട്ടുകൾ. 1993ലെ ബോംബെ സ്‌ഫോടന കേസുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ ഇന്റര്‍പോള്‍ തിരയുന്ന കുറ്റവാളിയാണ് ദാവൂദ് ഇബ്രാഹിം. ഇയാളെ കൊടുംകുറ്റവാളിയായാണ് ഇന്ത്യ വിശേഷിപ്പിക്കുന്നത്.


ഇയാള്‍ പാകിസ്ഥാനിലെ കറാച്ചിയില്‍ താമസിക്കുന്നുണ്ടെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായി ഇക്കാര്യം പാകിസ്ഥാന്‍ നിഷേധിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ഇയാള്‍ക്ക് കോവിഡ് ബാധയുണ്ടായെന്നും മരിച്ചുവെന്നുമുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. 2003ല്‍ ഇന്ത്യയും അമേരിക്കയും ചേര്‍ന്ന് ദാവൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. 2.5 കോടി ഡോളറാണ് ഇയാളുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K