05 June, 2020 03:48:56 PM


പൊലീസിൽ ക്രിമിനലുകൾ ഉണ്ടായാൽ പുറത്താക്കാൻ മടിക്കരുത്: മുൻ ഡിജിപി ഹേമചന്ദ്രൻ

- പ്രത്യേക ലേഖകന്‍



തിരുവനന്തപുരം: ഭരണത്തില്‍ സ്വാധീനമുള്ളവരെ പൊലീസ്‌ വഴിവിട്ടു സംരക്ഷിക്കുന്നതിനു ഭരിക്കുന്നവര്‍ കൂട്ടുനിന്നാല്‍ അത്‌ പൊലീസീലെത്തന്നെ മറ്റുദ്യോഗസ്ഥനെ തെറ്റായി സ്വാധീനിക്കുമെന്ന്‌ മുന്‍ ഡിജിപി എ.ഹേമചന്ദ്രന്‍. സ്വാധീനമുള്ള ഏതെങ്കിലുമൊരു വ്യക്തിയോ ചെറിയ ഗ്രൂപ്പോ നിയമലംഘനം നടത്തുമ്പോള്‍ മാതൃകാപരമായി നടപടിയെടുക്കുന്നതില്‍ വീഴ്‌ചയുണ്ടായാല്‍ അത്‌ മറ്റുദ്യോഗസ്ഥരെ സ്വാധീനിക്കുമെന്ന് കഴിഞ്ഞ 31നു ഫയര്‍ഫോഴ്‌സ്‌ മേധാവിയായി വിരമിച്ച അദ്ദേഹം പറയുന്നു‌.


ഇന്നയാള്‍ക്ക്‌ ഇന്ന വിധത്തില്‍ സ്വാധീനമുള്ളതു കൊണ്ടാണ്‌ നടപടിയെടുക്കാതിരുന്നത്‌ എന്ന്‌ വ്യാഖ്യാനം വരാന്‍ ഇടയാക്കുന്നത്‌ നല്ലതല്ല. അദ്ദേഹം വിശദീകരിക്കുന്നു. പൊലീസ്‌ സംവിധാനത്തിനു സെലക്‌റ്റീവാകാന്‍ പറ്റില്ല. നിയമലംഘനം നടത്തുന്നത്‌ ഏതു പാര്‍ട്ടിക്കാരനോ ജാതി, മത വിഭാഗത്തില്‍പ്പെട്ട ആളോ ആയാലും നിയമം നിഷ്‌കര്‍ഷിക്കുന്ന തരത്തിലുള്ള നടപടിയെടുക്കാന്‍ കഴിയണം. അങ്ങനെ നടപ്പാക്കി കാണുമ്പോഴാണ്‌ ജനാധിപത്യപരമായ പൊലീസിങ്‌ ഉണ്ടാകുന്നത്‌.


തെറ്റായ രാഷ്ട്രീയ സ്വാധീനത്തിനു വിധേയമാകുന്ന പൊലീസ്‌ വര്‍ഗ്ഗീയ സ്വാധീനത്തിനും വിധേയരാകാം. പൊലീസിലെ ക്രിമിനല്‍വല്‍ക്കരണം വളരെ ഗൗരവമായി എടുക്കേണ്ട വിഷയമാണെന്നും സംസ്ഥാന ഇന്റലിജന്‍സ്‌ മേധാവിയുടെയും ക്രൈംബ്രാഞ്ച്‌ മേധാവിയുടെയും ഉള്‍പ്പെടെ നിരവധി ഉന്നത തസ്‌തികകള്‍ വഹിച്ച അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പൊലീസ്‌ സേനയ്‌ക്കുള്ളില്‍ ക്രിമിനല്‍ സ്വഭാവമുള്ള ആളുകള്‍ ഉണ്ടാകുന്നത്‌ അങ്ങേയറ്റം അപകടകരമാണ്‌. പ്രത്യേകിച്ചും ഒരു ജനാധിപത്യ സംവിധാനത്തില്‍. ആന്തരികമായ പ്രൊഫഷലിസം വളര്‍ത്തിയെടുക്കുക എന്നതാണ്‌ ഇതിനു പരിഹാരം.


ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പൊലീസില്‍ എടുക്കാന്‍ പാടില്ലെന്ന്‌ കോടതി വിധികളുണ്ട്‌. സര്‍വീസിലിരിക്കെ ഇത്തരം കേസുകളില്‍ പ്രതികളാകുന്നവരുടെ വിഷയം പരിശോധിക്കാന്‍ ഉദ്യോഗസ്ഥതല സമിതി വേണം. ഇക്കാര്യത്തില്‍ തുടര്‍ച്ചയായ ജാഗ്രത പുലര്‍ത്തുകയും ഏതു തലത്തിലുള്ള ഉദ്യോഗസ്ഥനായാലും മാതൃകാപരമായ നടപടിയെടുക്കുകയും വേണം. അത്തരക്കാരെ പുറത്താക്കുകതന്നെ വേണം. കാരണം, മറ്റു മേഖല പൊലെയല്ല ഇത്‌.ഒരുപാട്‌ അധികാരമുള്ള ആള്‍ക്ക്‌ അത്‌ ദുരുപയോഗം ചെയ്യാനുള്ള പ്രവണത ഉണ്ടെങ്കില്‍ മാതൃകാപരമായി കൈകാര്യം ചെയ്യും എന്ന സന്ദേശം കൊടുക്കാന്‍
കഴിയണം.


പൊലീസിലെ വര്‍ഗ്ഗീയവല്‍ക്കരണത്തേക്കുറിച്ചും ഹേമചന്ദ്രന്‍ നിലപാട്‌ വ്യക്തമാക്കുന്നു. സംസ്ഥാനതലത്തിലായാലും ദേശീയ തലത്തിലായാലും പല വിധത്തിലുള്ള വര്‍ഗ്ഗീയ സ്വാധീനം വളര്‍ത്തിയെടുക്കാന്‍ പല വിധ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. അത്‌ കുറേ വര്‍ഷങ്ങളായി വര്‍ധിക്കുന്നു. വര്‍ഗ്ഗീയ കലാപമൊക്കെ ഉണ്ടായാല്‍ അതു നേരിടാന്‍ ഉത്തരവാദപ്പെട്ട പൊലീസിനെ സ്വാധീനിക്കുന്നത്‌ ഭരണഘടനാപരവും ജനധിപത്യപരവും നിയമപരവുമായ മൂല്യങ്ങളാണോ എന്നത്‌ വളരെ പ്രധാനമാണ്‌. പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ജാതിയും മതവുമെല്ലാം യൂണിഫോമാണ്‌ എന്നാണ്‌ പഠിപ്പിച്ചിട്ടുള്ളത്‌. അതിനപ്പുറമുള്ള സ്വാധീനത്തിനു വഴങ്ങാന്‍ സാധ്യതയുണ്ട്‌. അതിനെ ആന്തരികമായ ജാഗ്രതയിലൂടെ മാറ്റിയെടുക്കേണ്ടതുണ്ട്‌.


മനുഷ്യനെ ലോകത്ത്‌ എവിടെയും സ്വാധീനിക്കുന്ന ഘടകങ്ങള്‍ കേരളത്തിലും സ്വാധീനിക്കും. പ്രൊഫഷണലിസം  വളര്‍ത്തിയെടുക്കുകയാണെങ്കില്‍ അതിനെ മറികടക്കാന്‍ സാധിക്കും. തെറ്റായ രാഷ്ട്രീയ സ്വാധീനം പോലുള്ള ദൗര്‍ബല്യങ്ങള്‍ക്ക്‌ വഴങ്ങുന്ന സാഹചര്യമുണ്ടായാല്‍ വര്‍ഗ്ഗീയവല്‍ക്കരണവും ക്രിമിനല്‍വല്‍ക്കരണവും പോലുള്ള ഏറ്റവും അപകടകരമായ സ്വാധീനങ്ങളും പൊലീസിനെ ബാധിക്കും. പ്രൊഫഷണലിസം വളര്‍ത്തിയെടുക്കാന്‍ എല്ലാ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതൃത്വത്തിനും ഉത്തരവാദിത്തമുണ്ട്‌. ഹേമചന്ദ്രന്‍ പറയുന്നു.


കഴിഞ്ഞ യുഡിഎഫ്‌ സര്‍ക്കാരിന്‍റെ കാലത്ത്‌ കോളിളക്കമുണ്ടാക്കിയ സോളാര്‍ കേസ്‌ അന്വേഷിച്ച പ്രത്യേക സംഘത്തിന്‍റെ തലവന്‍ ആയിരുന്നു അദ്ദേഹം. പിന്നീട്‌ സോളാര്‍ അന്വേഷിച്ച ജസ്‌റ്റിസ്‌ ശിവരാജന്‍ കമ്മീഷന്‍ ഈ അന്വേഷണസംഘത്തെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ ഹേമചന്ദ്രനെ പിണറായി സര്‍ക്കാര്‍ കെഎസ്‌ആര്‍ടിസി സിഎംഡി പദവിയിലേക്കു മാറ്റി. പിന്നീട്‌ ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പ്രധാന ഭാഗങ്ങളെല്ലാം ഹൈക്കോടതി തള്ളി. അതുകൊണ്ട്‌ കമ്മീഷനെതിരേ ഒന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറയേണ്ട സമയത്ത്‌ അകത്ത്‌
പറഞ്ഞിട്ടുണ്ടെന്നും ഹേമചന്ദ്രന്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K