05 June, 2020 03:10:32 PM


ജോലി 25 സ്കൂളുകളില്‍; ശമ്പളം ഒരു കോടിയിലേറെ: വന്‍തട്ടിപ്പുമായി അധ്യാപിക



ലക്നൗ: ഒരേ സമയം ഇരുപത്തിയഞ്ച് സ്കൂളുകളിൽ ജോലി ചെയ്ത് ഒരു കോടിയിലേറെ ശമ്പളമായി കൈപ്പറ്റി ഒരു അധ്യാപിക. ഒറ്റനോട്ടത്തിൽ തന്നെ അസംഭവ്യമെന്ന് പറയാവുന്ന തട്ടിപ്പ് അരങ്ങേറിയത് യുപിയില്‍. യുപി വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയയിലെ (KGBV) സയൻസ് അധ്യാപികയായ അനാമിക ശുക്ലയാണ് ഒരേ സമയം ഇരുപത്തിയഞ്ച് സ്കൂളുകളിൽ 'ജോലി ചെയ്ത്' ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയത്.


മാനവ് സമ്പദ പോർട്ടൽ എന്ന പേരിൽ അധ്യാപകരുടെ ഒരു ഡാറ്റാബേസ് വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിരുന്നു. ഇതിനിടെയാണ് അനാമിക എന്ന പേരിലുള്ള അധ്യാപികയുടെ തട്ടിപ്പ് വെളിച്ചത്താവുന്നത്. അധ്യാപകരുടെ വ്യക്തിഗത വിവരങ്ങളും ജോലിയിൽ പ്രവേശിച്ച ദിവസം, പ്രൊമോഷൻ ലഭിച്ചിട്ടുണ്ടെങ്കിൽ ആ ദിവസം എന്നിവയെല്ലാം ഡാറ്റാബേസിനായി ശേഖരിച്ചിരുന്നു. ഇത്തരത്തിൽ ശേഖരിച്ച വിവരങ്ങളെല്ലാം അപ്ലോഡ് ചെയ്തു പരിശോധിക്കുന്നതിനിടെയാണ് അനാമിക ശുക്ലയുടെ പേര് ഇരുപത്തിയഞ്ച് സ്കൂളുകളിൽ കണ്ടെത്തിയത്.

അംബേദ്കർ നഗർ, ഭാഗ്പത്, അലിഗ‍ഡ്, സഹ്റന്‍പുർ, പ്രയാഗ്ര്രാജ് തുടങ്ങി പല ജില്ലകളിലെ സ്കൂളുകളിലാണ് ഒരേ വ്യക്തിഗത വിവരങ്ങൾ അടങ്ങിയ അനാമിക ശുക്ലയുടെ പേര് ഉൾപ്പെട്ടത്. റെക്കോഡ് പ്രകാരം ഏതാണ്ട് പതിമൂന്ന് മാസത്തോളം ഈ സ്കൂളുകളിൽ ജോലി ചെയ്ത ഇവർ ഒരുകോടിയിലധികം രൂപയും ശമ്പള ഇനത്തിൽ കൈപ്പറ്റി. തട്ടിപ്പ് പുറത്തായതോടെ ഇവരുടെ ശമ്പളം തടഞ്ഞുവയ്ക്കാൻ വകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്. അതേസമയം, അനാമികയെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജനറല്‍ വിജയ് കിരൺ അറിയിച്ചത്.


യുപിയിലെ പ്രൈമറി സ്കൂളുകളിൽ അധ്യാപകരുടെ ഹാജർ പരിശോധിക്കാൻ തത്സമയസംവിധാനം ഉണ്ടെന്നിരിക്കെ ഇതൊക്കെ മറികടന്ന് ഇവർ ഇത്തരമൊരു തട്ടിപ്പ് നടത്തിയത് അതിശയകരം തന്നെയാണെന്നായിരുന്നു പ്രതികരണം. ഓണ്‍ലൈനായി ഹാജർ മാർക്ക് ചെയ്യാനുള്ള സംവിധാനം നിലവിലിരിക്കെ ഇവരെങ്ങനെയാണ് ഒരേസമയം പല സ്ഥലങ്ങളിൽ ഹാജർ മാർക്കു ചെയ്യുന്നതെന്ന ചോദ്യവും ഉന്നയിക്കുന്ന ഇദ്ദേഹം സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് വ്യക്തമാക്കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K