05 June, 2020 01:30:47 PM


മീനച്ചിലാറ്റില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി



അയര്‍കുന്നം: മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങവെ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ആറുമാനൂര്‍ തുരുത്തിമറ്റത്തില്‍ ഗോപാലന്‍റെയും പൊന്നമ്മയുടെയും മകന്‍ അനീഷ് ഗോപാലന്‍ (25) ആണ് വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മൂന്ന് കൂട്ടുകാരോടൊപ്പം ടാപ്പുഴ കല്ലുങ്കല്‍ കടവില്‍ കുളിക്കാനിറങ്ങവെ ഒഴുക്കില്‍പെട്ടത്. ഇന്ന് ഉച്ചകഴിഞ്ഞ് ഒരു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കുളിക്കാനിറങ്ങിയ അനീഷ് നീന്തുന്നതിനിടെയാണ് വെള്ളത്തില്‍ മുങ്ങിതാഴ്ന്നത്.


അനീഷ് മുങ്ങിതാഴുന്നത് കണ്ട കൂട്ടുകാര്‍ ബഹളം വെച്ചതിനെതുടര്‍ന്ന് ഓടികൂടിയ നാട്ടുകാരും കോട്ടയത്തുനിന്നെത്തിയ അഗ്നിരക്ഷാസേന അംഗങ്ങളും ചേര്‍ന്ന് നടത്തിയ തെരച്ചില്‍ പ്രതികൂലസാഹചര്യങ്ങളാല്‍ ഇന്നലെ വൈകിട്ട് ഏഴരയോടെ നിര്‍ത്തുകയായിരുന്നു. ആറ്റിലെ ഒഴുക്കും വെളിച്ചകുറവും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. വെള്ളിയാഴ്ച രാവിലെ വീണ്ടും തെരച്ചില്‍ ആരംഭിച്ചു.


ഒരു മണിയോടെ കുളിക്കടവിന്‍റെ പരിസരത്ത് 150 മീറ്റര്‍ മാറി പുഴയുടെ അടിത്തട്ടില്‍ പാറകെട്ടുകള്‍ക്കിടയില്‍നിന്നാണ് മൃതദേഹം കിട്ടിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പെയിന്‍റിംഗ് തൊഴിലാളിയായ അനീഷ് ആനപാപ്പാനായും ജോലി ചെയ്യാറുണ്ട്. സഹോദരങ്ങള്‍ മനു, വാവ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K