01 June, 2020 07:15:37 PM


കടുത്തുരുത്തി ബൈപാസ് റോഡ്: അന്തിമഘട്ട നിർമ്മാണം 3ന് തുടങ്ങും

ബൈപാസിലെ ഫ്ളൈ ഓവർ നിർമ്മാണം പൂർത്തീകരിച്ചു... രണ്ട് പാലങ്ങളുടെ നിർമ്മാണം ഉടൻ



കടുത്തുരുത്തി : കോട്ടയം - എറണാകുളം റോഡിന് സമാന്തരമായി നിർമ്മിക്കുന്ന കടുത്തുരുത്തി ടൗൺ ബൈപ്പാസ് റോഡിന്റെ അന്തിമ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ജൂൺ 3ന് തുടങ്ങുമെന്ന് അഡ്വ മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. ബൈപ്പാസ് റോഡിൽ വലിയ തോടിനും, ചുള്ളി തോടിനും കുറുകെ നിർമ്മിക്കുന്ന രണ്ട്  പാലങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ മൂന്നാം തീയതി രാവിലെ 10 മണിക്ക് ആരംഭിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി.


കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന "വിഷൻ - 2020" വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള  ബൈപ്പാസ് റോഡ് നിർമ്മാണം സർക്കാർ തലത്തിലുള്ള വിവിധ സാങ്കേതിക പ്രശ്നങ്ങളിൽ കുടുങ്ങിയത് മൂലമാണ് അവസാന ഘട്ടത്തിലുള്ള  ജോലികൾ ആരംഭിക്കാൻ താമസം നേരിട്ടത്. കൊറോണ വൈറസ് രോഗാവസ്ഥ മൂലം ഉണ്ടായ ലോക് ഡൗൺ നിയന്ത്രണങ്ങളും പ്രവർത്തി തുടങ്ങുന്നതിന് തടസ്സമായി തീർന്നിരുന്നു. 


പിഡബ്ല്യുഡി ആദ്യം തയ്യാറാക്കിയ പ്ലാനിൽ വെള്ളപ്പൊക്ക പ്രശ്നങ്ങൾ കണക്കിലെടുത്ത് ചില മാറ്റങ്ങൾ വരുത്തേണ്ടത് ആവശ്യമായി തീർന്നു. ഇതു പ്രകാരം വലിയ തോടിന് കുറുകെയുള്ള പാലം 23 മീറ്റർ നീളത്തിൽ നിർമ്മിക്കാനാണ് ഡിസൈൻ വിഭാഗം പുതിയ നിർദേശം നൽകിയത്. വെള്ളപ്പൊക്ക സാഹചര്യങ്ങൾ പരിഹരിക്കുന്നത്  കണക്കിലെടുത്ത് 13 മീറ്റർ നീളത്തിൽ ലാന്റ് സ്പാൻ രണ്ട് വശത്തും നിർമ്മിക്കാൻ നടപടി സ്വീകരിച്ചു.


ചുള്ളിത്തോടിന് കുറുകെ പൊതുമരാമത്ത് വകുപ്പ് നിർദ്ദേശിച്ചിരുന്ന 6 മീറ്റർ വീതിയിലുള്ള ചെറിയ കലുങ്ക് രൂക്ഷമായ വെള്ളക്കെട്ട് സമയത്ത് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നുള്ള പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയതിനെതുടര്‍ന്ന് സമഗ്രമായ മാറ്റമാണ് ഇക്കാര്യത്തിൽ വരുത്തിയിരിക്കുന്നത്. ചുള്ളി തോടിന് ഇരുവശത്തും പൈൽ ക്യാപ്പ് നിർമ്മിച്ച് അബട്ട്മെന്റ് വാർത്ത്  10 മീറ്റർ നീളത്തിലുള്ള വീതി കൂടിയ പുതിയ പാലം നിർമ്മിക്കുന്നതിനാണ്  പുതിയ തീരുമാനം. രണ്ട്  പാലങ്ങളുടെയും നിർമ്മാണം സംബന്ധിച്ച് സംസ്ഥാന സർക്കാരിൽ നിന്ന് ഡിസൈൻ പുന:ക്രമീകരിച്ച് അനുമതി ലഭിക്കുന്നതിന് കൂടുതൽ  കാലതാമസം നേരിട്ടതും  ബൈപ്പാസ് നിർമ്മാണം വൈകുന്നതിന് ഇടയാക്കിയ മുഖ്യ ഘടകമാണ്. 


കടുത്തുരുത്തി ബൈപ്പാസിലെ അവശേഷിക്കുന്ന റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കാൻ നടപടി സ്വീകരിച്ചതായും മോൻസ് ജോസഫ് വ്യക്തമാക്കി. ഇതിന് മുന്നോടിയായി ആപ്പുഴ തീരദേശ റോഡുമായി ബൈപ്പാസ്  ബന്ധിപ്പിക്കുന്ന ഭാഗത്ത് നടപ്പാക്കേണ്ട നിർമ്മാണ കാര്യങ്ങളെക്കുറിച്ച് ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും പ്രത്യേകം ചർച്ച നടത്തും. ബൈപ്പാസ് റോഡിൽ പൂർത്തിയാക്കാനുള്ള കാര്യങ്ങളും സർവ്വീസ് റോഡ് സൗകര്യം ഏർപ്പെടുത്തുന്നതും പരിശോധിച്ച് തീർപ്പാക്കുന്നതിന് വകുപ്പ് മന്ത്രി ജി സുധാകരൻ, റോഡ്സ് വിഭാഗം ചീഫ് എൻജിനീയർ, തിരുവനന്തപുരം റോഡ് സേഫ്റ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരുമായി എംഎൽഎ ചർച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ജൂൺ 10ന്, മുമ്പ് ഉദ്യോഗസ്ഥ സംഘം ബൈപ്പാസ് റോഡിൽ സന്ദർശനം നടത്തും.


ബൈപ്പാസിന്റെ  ഒന്നാം ഘട്ടത്തിൽ ഐടിസി ജംഗ്ഷനിലും, ബ്ലോക്ക് ജംഗ്ഷനിൽ നിന്നുമുള്ള റോഡ് നിർമാണത്തിനാണ് തുടക്കം കുറിച്ചത്. രണ്ടാംഘട്ടത്തിൽ വിഭാവനം ചെയ്ത ഫ്ലൈ ഓവർ നിർമ്മാണം പൂർത്തിയായി. ഇത് ബൈപ്പാസ് റീച്ചിലേക്ക് ബന്ധിപ്പിക്കുന്ന ജോലികളും ഉടനെ നടപ്പാക്കുന്നതാണ്. കോട്ടയം റോഡ്സ് വിഭാഗം എക്സി.എൻജിനീയറുടെ മേൽനോട്ടത്തിൽ ഫ്ലൈ ഓവർ നിർമ്മാണ കാര്യങ്ങൾ പരിശോധിച്ച് അനുബന്ധ ജോലികള്‍ പൂർത്തീകരിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K