30 May, 2020 11:55:23 PM


പലവ്യഞ്ജന കിറ്റുകളില്‍ തിരിമറി; കാഞ്ഞിരപ്പള്ളിയില്‍ റേഷന്‍ കടയുടമ അറസ്റ്റില്‍



കാഞ്ഞിരപ്പള്ളി: ലോക്ഡൗൺ കാലത്ത് സപ്ലൈകോ വിതരണം ചെയ്ത പലവ്യജ്ഞന കിറ്റുകളിൽ കൃത്രിമം കാട്ടിയ റേഷൻ കടയുടമ അറസ്റ്റില്‍. സപ്ലൈകോ അധികൃതർ നല്‍കിയ പരാതിയെതുടര്‍ന്ന് കൂവപ്പള്ളി എആർ ഡി 1526023 നമ്പർ റേഷൻ കടയുടമ ജോണി ഫിലിപ്പിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊതു വിഭാഗകാർക്കടക്കം വിതരണം ചെയ്ത ശേഷം മിച്ചം വന്ന പലവ്യജ്ഞന കിറ്റുകൾ പാറത്തോട് സപ്ലൈകോ ഔട്ട്ലറ്റിൽ തിരികെ എത്തിച്ച ശേഷം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.


സപ്ലൈകോ വിതരണം ചെയ്ത സാധനങ്ങളായിരുന്നില്ല തിരികെ ലഭിച്ച കിറ്റുകളിൽ ഭൂരിഭാഗം എണ്ണത്തിലും ഉണ്ടായിരുന്നത്. 17 ഇനങ്ങളടങ്ങിയ പലവ്യജ്ഞന കിറ്റുകളുടെ ആകെ തൂക്കം 10 കിലോ 700 ഗ്രാമാണെന്നിരിക്കെ തിരികെ ലഭിച്ച കിറ്റുകളുടെ തൂക്കം 6 കിലോയും, 8 കിലോയുമായിരുന്നു. പല കിറ്റുകളിൽ നിന്നും പഞ്ചസാര, വെളിച്ചെണ്ണ, ഗോതമ്പ് അടക്കം എടുത്ത് മാറ്റിയിരുന്നു. സപ്ലൈകോ വിതരണം ചെയ്ത സാധനങ്ങൾക്ക് പകരം ഗുണമേന്മ ഇല്ലാത്തതും വില കുറഞ്ഞതും, കാലാവധി കഴിഞ്ഞതുമായ സാധനങ്ങളാണ് തിരികെ എത്തിച്ച കിറ്റുകളിലുണ്ടായിരുന്നത്.


സപ്ലൈകോ വിതരണം ചെയ്യാത്ത സാധനങ്ങളും കിറ്റിൽ ഉണ്ടായിരുന്നു. കൂടാതെ പല സാധനങ്ങളുടെ തൂക്കത്തിലും വലിയ അന്തരം കണ്ടെത്തി. 42 കിറ്റുകളാണ് പരാതിയുയർന്ന ജോണി ഫിലിപ്പിന്‍റെ കൂവപ്പള്ളിയിലെ റേഷൻ കടയിൽ നിന്നും തിരികെ ലഭിക്കേണ്ടിയിരുന്നതെങ്കിലും 41 എണ്ണം മാത്രമാണ് ലഭിച്ചത്. സപ്ലൈകോ ജീവനക്കാർക്ക് തൂക്കത്തിൽ തോന്നിയ സംശയമാണ് ക്രമക്കേട് തിരിച്ചറിയാൻ കാരണമായത്.


നാട്ടുകാരും പൊതുപ്രവർത്തകരും കടയുടമയ്ക്കെതിരെ നടപടി അവശ്യപ്പെട്ട് പ്രതിക്ഷേധിച്ചതോടെ കാഞ്ഞിരപ്പള്ളി സപ്ലൈകോ അസി.മാനേജർ എ മോഹനൻ, ജൂണിയർ മാനേജർ ജയൻ നായർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ക്രമക്കേട് നടന്നതായി കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകുകയായിരുന്നു. സപ്ലൈകോ അധികൃതർ വകുപ്പ് മന്ത്രിക്കും, ജില്ലാ സപ്ലൈ ഓഫീസർക്കും ക്രമക്കേട് സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറി. താലൂക്ക് സപ്ലൈ ഓഫീസർ റ്റി.ജി സത്യപാലും സ്ഥലത്തെത്തി പരിശോധന നടത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K