30 May, 2020 08:26:23 PM


സുഭിക്ഷകേരളം: ഏറ്റുമാനൂര്‍ നഗരസഭയില്‍ സംഘര്‍ഷാവസ്ഥ; കൃഷി ഓഫീസര്‍ കരഞ്ഞു



ഏറ്റുമാനൂര്‍: സുഭിക്ഷകേരളം പദ്ധതിക്ക് പണം കണ്ടെത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഏറ്റുമാനൂര്‍ നഗരസഭാ കൌണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. നേരത്തെ അംഗീകാരം ലഭിച്ച കാര്‍ഷികപദ്ധതികളുടെ പണം സുഭിക്ഷകേരളം പദ്ധതിയ്ക്ക് മാറ്റി വിനിയോഗിക്കുന്നതിനെ സംബന്ധിച്ചുള്ള തര്‍ക്കമാണ് സംഘര്‍ഷാവസ്ഥക്ക് കാരണമായത്. ഇതിനിടെ യോഗത്തില്‍ പങ്കോടുത്ത കൃഷി ഓഫീസറുടെ നേര്‍ക്ക് മുന്‍ചെയര്‍മാന്‍ തിരിഞ്ഞത് അവരെ കരച്ചിലിന്‍റെ വക്കിലെത്തിച്ചു. അവസാനം വനിതാ അംഗങ്ങളെത്തി അവരെ സമാധാനിപ്പിക്കുകയായിരുന്നു.


വീടുകളില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നഗരസഭ തയ്യാറാക്കിയ 20 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് നേരത്തെ അംഗീകാരം ലഭിക്കുകയും ഇതിന്‍റെ ഭാഗമായുള്ള ഗ്രോ ബാഗ്, പച്ചക്കറി തൈകള്‍ തയ്യാറാക്കി വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. കേരളാ കോണ്‍ഗ്രസ് എം പ്രതിനിധിയായ ജോര്‍ജ് പുല്ലാട്ട് നഗരസഭാ ചെയര്‍മാന്‍ പദവിയില്‍ നിന്ന് പടിയിറങ്ങും മുമ്പായിരുന്നു ഇത്. ഇദ്ദേഹത്തിന്‍റെ ഭാര്യയുടെ പേരിലുള്ള ഷാരോണ്‍ പ്ലാസ്റ്റിക്സ്  എന്ന  സ്ഥാപനം ഈ-ടെന്‍ഡറില്‍ ഏറ്റവും കുറവ് തുക ക്വാട്ട് ചെയ്തു. നഗരസഭാ സ്റ്റിയറിംഗ് കമ്മറ്റി പ്രൊക്യുര്‍കമ്മറ്റിയുടെ ശുപാര്‍ശപ്രകാരം  ഈ സ്ഥാപനത്തിനെ പ്രവൃത്തി ഏല്‍പ്പിക്കുവാന്‍ തീരുമാനിച്ചു. ഈ വിവരം ചെയര്‍മാന്‍റെ ചാര്‍ജ് വഹിക്കുന്ന വൈസ് ചെയര്‍പേഴ്സണ്‍ ലൌലി ജോര്‍ജ് ഇംപ്ലിമെന്‍റിംഗ് ഓഫീസറായ ഏറ്റുമാനൂര്‍ കൃഷി ഓഫീസറെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു.


ഇതിന് പിന്നാലെയാണ് സുഭിക്ഷകേരളം പദ്ധതിയ്ക്ക് പണം കണ്ടെത്താനായി ഈ വര്‍ഷം അംഗീകരിച്ച പദ്ധതികള്‍ വെട്ടിചുരുക്കാന്‍ നഗരസഭാ കൌണ്‍സില്‍ തീരുമാനിച്ചത്. ഗ്രോ ബാഗ് നിര്‍മ്മാണത്തിന് അനുവദിച്ച തുക വെട്ടികുറക്കണമെന്ന് വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റിചെയര്‍മാന്‍ ആവശ്യപ്പെട്ടതോടെ പദ്ധതികളില്‍ പരസ്പരം അഴിമതി ആരോപണവും തുടര്‍ന്ന് ബഹളവുമായി. ഭക്ഷ്യോത്പാദനത്തില്‍ എല്ലാവരും സ്വയംപര്യാപ്തരാകുക എന്ന ലക്ഷ്യത്തോടെയുള്ള സുഭിക്ഷകേരളം പദ്ധതിയ്ക്ക് ഏറ്റവും അനുയോജ്യമായ പച്ചക്കറി കൃഷിവ്യാപനത്തിനുള്ള തുക വെട്ടികുറയ്ക്കുന്നതിനെ ജോര്‍ജ് പുല്ലാട്ട് ഉള്‍പ്പെടെ ഏതാനും കൌണ്‍സിലര്‍മാര്‍ എതിര്‍ത്തു. 



നഗരസഭയിലെ എല്ലാ വീട്ടുകാര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് പച്ചക്കറി കൃഷിക്കായുള്ള ഗ്രോബാഗ് നിര്‍മ്മാണം വിഭാവനം ചെയ്തത്. എന്നാല്‍  നെല്‍കൃഷിയ്ക്ക് സബ്സിഡി കൊടുക്കുന്നതുപോലുള്ള പദ്ധതികള്‍ നാട്ടിലെ കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്നും അത് നല്ലൊരു ശതമാനവും നഗരസഭയ്ക്ക് വെളിയിലുള്ള ലോബികള്‍ 'അടിച്ചുമാറ്റുക'യാണെന്നും ചില അംഗങ്ങള്‍ വാദിച്ചു. ചെറുവാണ്ടൂര്‍ പാടശേഖരത്ത് 16 ഏക്കറില്‍ 15 ഏക്കറിലും കൃഷി ചെയ്യുന്നത് പെരുവയിലുള്ള സ്വകാര്യ റൈസ് മില്‍ ലോബിയാണെന്ന ആരോപണവുമായി ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് എഴുന്നേറ്റു. സബ്സിഡിയ്ക്ക് പുറമെ കൃഷിനാശം സംഭവിച്ചാല്‍ അതിന്‍റെ നഷ്ടപരിഹാരം ഉള്‍പ്പെടെ ഈ ലോബിക്കാണ് ലഭിക്കുകയെന്നും നാട്ടിലെ കര്‍ഷകര്‍ക്ക് കാര്യമായ ആനുകൂല്യങ്ങള്‍ ലഭിക്കാറില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.


പേരൂര്‍ - തെള്ളകം പാടശേഖരത്തെ നെല്‍കര്‍ഷകനായ മോന്‍സി എന്നയാള്‍ തരിശുകൃഷി ചെയ്യാന്‍ സന്നദ്ധനായി എത്തിയിട്ടും അയാള്‍ക്ക് നല്‍കാതെ പുറത്തുനിന്നും വന്ന സൊസൈറ്റിയെ ഏല്‍പ്പിച്ചതിലെ അഴിമതി ഇതിനു പിന്നാലെ ജോര്‍ജ് പുല്ലാട്ട് ചൂണ്ടികാട്ടി. വികസനകാര്യസ്ഥിരംസമിതി അധ്യക്ഷന്‍ കൂടി അറിഞ്ഞുകൊണ്ടായിരുന്നു ഇതെന്നായിരുന്നു ജോര്‍ജ് ആരോപിച്ചത്. ഇതോടെ കര്‍ഷകനായ മോന്‍സിക്കെതിരെ ആരോപണങ്ങളുമായി കോണ്‍ഗ്രസ് പ്രതിനിധിയായ ടോമി പുളിമാന്‍തുണ്ടം എഴുന്നേറ്റു. ഇതിനിടെ യോഗത്തില്‍ സന്നിഹിതയായിരുന്ന കൃഷി ഓഫീസര്‍ക്കെതിരെ ആരോപണങ്ങളുമായി ജോര്‍ജ് പുല്ലാട്ട് എഴുന്നേറ്റു.


കഴിഞ്ഞ പദ്ധതിവര്‍ഷം തയ്യാറാക്കിയ ഗ്രോബാഗും തൈകളും വിതരണം ചെയ്യാനാവാതെ പോയത് കൃഷി ഓഫീസറുടെ പിടിപ്പുകേടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനുശേഷം കൃഷിഓഫീസറുടെ ഇരിപ്പിടത്തിനരികെ ചെന്ന് കൈചൂണ്ടി ഭീഷണിയുടെ സ്വരത്തില്‍ ജോര്‍ജ് പുല്ലാട്ട് സംസാരിച്ചതും പ്രശ്നമായി. കരച്ചിലിന്‍റെ വക്കിലെത്തിയ കൃഷി ഓഫീസര്‍ അവസാനം 'തന്നെ ഹരാസ് ചെയ്താല്‍ കേസ് കൊടുക്കും' എന്ന് മുന്‍ചെയര്‍മാനോട് പറഞ്ഞു. ഇതോടെ ജോര്‍ജ് പുല്ലാട്ട് പിന്‍വലിയുകയായിരുന്നു. എന്നാല്‍ പദ്ധതി നഗരസഭ തയ്യാറാക്കിയതാണെങ്കിലും ജോര്‍ജ് പുല്ലാട്ടിന്‍റെ ബന്ധുവിന്‍റെ സ്ഥാപനം ഗ്രോബാഗും തൈകളും തയ്യാറാക്കിയത് തങ്ങളുടെ അറിവോടെയല്ലെന്ന് കൃഷി ഓഫീസര്‍ പിന്നീട് കൈരളി വാര്‍ത്തയോട് പറഞ്ഞു. കൃഷിഭവന്‍റെ രേഖാമൂലമുള്ള അറിയിപ്പോ അനുമതിയോ ഇക്കാര്യത്തില്‍ നല്‍കിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു.


ഇതിനിടെ വൈസ് ചെയര്‍പേഴ്സണ്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശപ്രകാരം ഈ വര്‍ഷം ഗ്രോബാഗ് നിര്‍മ്മാണത്തിന് അനുവദിച്ച 20 ലക്ഷം രൂപയില്‍ നിന്ന് 7 ലക്ഷം രൂപ വകമാറ്റി സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി തോടുകളും കനാലുകളും വൃത്തിയാക്കാന്‍ തീരുമാനിച്ചു. സാമൂഹിക അകലം പാലിക്കുന്നതിനായി നഗരസഭയുടെ കൌണ്‍സില്‍ ഹാളില്‍ നിന്ന് കുടുംബശ്രീഓഫീസിന് മുകളിലെ ഹാളിലേക്ക് യോഗം മാറ്റിയിരുന്നു. പക്ഷെ ബഹളം വെച്ച് അംഗങ്ങള്‍ ഒന്നിച്ച് വേദിയിലേക്കിറങ്ങിയതോടെ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തപ്പെട്ടു.


2020-21 വര്‍ഷത്തെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചശേഷമാണ് സുഭിക്ഷകേരളം പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനുള്ള  ഉത്തരവ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായത്. തനതുഫണ്ട് തീരെയില്ലാത്ത ഏറ്റുമാനൂര്‍ നഗരസഭാ അധികൃതരെ ഇത് വിഷമവൃത്തത്തിലാക്കിയിരുന്നു. ഇതിനിടെയാണ് ഒരാഴ്ച മുമ്പ് നടന്ന കൌണ്‍സില്‍ യോഗത്തില്‍ പദ്ധതികള്‍ വെട്ടിചുരുക്കി പണം കണ്ടെത്തണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം അംഗീകരിച്ചിരുന്നു. എന്നാല്‍ വാര്‍ഡ് കൌണ്‍സിലര്‍മാര്‍ തങ്ങള്‍ക്ക് അനുവദിച്ച പദ്ധതികള്‍ വെട്ടികുറയ്ക്കാന്‍ സമ്മതിച്ചില്ല. പദ്ധതി വിജയകരമാകണമെങ്കില്‍ 34 ലക്ഷം രൂപ കൂടി കണ്ടെത്തേണ്ട അവസ്ഥയിലാണ് ഇന്ന് രാവിലെ വൈസ് ചെയര്‍പേഴ്സണ്‍ ലൌലി ജോര്‍ജിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംഘര്‍ഷഭരിതമായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K