28 May, 2020 08:35:23 AM


മദ്യം കയ്യെത്തും ദൂരത്ത്; വാങ്ങാന്‍ കിലോമീറ്ററുകള്‍ താണ്ടണം: 'എട്ടിന്‍റെ പണി'യുമായി ആപ്പെത്തികോട്ടയം: മദ്യ വിതരണത്തിനുള്ള ബെവ് ക്യൂ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമായെന്ന് ഫെയർകോഡ് ടെക്നോളജീസ്. പതിനായിരം പേരാണ് ആദ്യ മിനിറ്റിൽ ആപ്പ് ഡൗൺലോഡ് ചെയ്തതെന്നാണ് വിവരം. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമായത്. പക്ഷെ ഉപഭോക്താക്കള്‍ക്ക് 'എട്ടിന്‍റെ പണി'യും നല്‍കികൊണ്ടാണ് ആപ്പ് അവതരിച്ചത്. സ്വന്തം നാട്ടില്‍ കയ്യെത്തും ദൂരത്ത് ബിവറേജസ് ഷോപ്പും ബാറുകളും നിലനില്‍ക്കേ കിലോമീറ്ററുകള്‍ താണ്ടി അന്യനാട്ടിലെത്തി മദ്യം വാങ്ങേണ്ട അവസ്ഥയാണ് ആപ്പിലൂടെ ബുക്ക് ചെയ്തവര്‍ക്ക് കൈവന്നത്. 


ഇന്നലെ രാത്രി പത്ത് മണിയോടെ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭിക്കും എന്നാണ് അധികൃതര്‍ അവസാനം അറിയിച്ചിരുന്നത്. എന്നാല്‍ രാത്രി ഏറെ വൈകി ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമായതായി ഫെയ്‌സ്ബുക്ക് പേജിലൂടെ ഫെയര്‍കോഡ് ടെക്‌നോളജീസ് അറിയിച്ചു. എന്നാല്‍ ഇതുവരെയും പ്ലേ സ്റ്റോറില്‍ നേരിട്ട് കയറുന്നവര്‍ക്ക് ആപ്പ് കണ്ടെത്താനാവുന്നില്ല. ഇതിനിടെയാണ് ഇന്നലെ രാത്രി വളരെ വൈകി ആപ്പിന്‍റെ ലിങ്ക് പ്രചരിച്ചുതുടങ്ങിയത്. ഈ ലിങ്കിലൂടെ ബീറ്റാ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്തവര്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്ത് ഉപയോഗിച്ചുതുടങ്ങിയപ്പോഴാണ് പണി കിട്ടിതുടങ്ങിയത്. 


ഏറ്റുമാനൂര്‍ സ്വദേശികളായ ചിലര്‍ക്ക് മദ്യം വാങ്ങാന്‍ അനുമതി ലഭിച്ചത് ഉഴവൂര്‍, കുറവിലങ്ങാട്, കറുകച്ചാല്‍ തുടങ്ങിയ കിലോമീറ്ററുകള്‍ക്കപ്പുറമുള്ള സ്ഥലങ്ങളിലെ ബിവറേജസ് ഷോപ്പിലും ബാറുകളിലും. ഉഴവൂരില്‍ ബുക്ക് ചെയ്തവര്‍ക്ക് കുറവിലങ്ങ്, ഏറ്റുമാനൂര്‍, പാലാ തുടങ്ങിയ പ്രദേശങ്ങളിലെ മദ്യശാലകളും. ഇതോടെ ഇന്നലെ പ്രചരിച്ച വ്യാജന്‍ ആണോ തങ്ങള്‍ക്ക് കിട്ടിയ ആപ്പെന്ന് പലരും സംശയിച്ചുതുടങ്ങി. ഇതോടെ ആപ്പിലൂടെ ബുക്ക് ചെയ്തവര്‍ എസ്എംഎസ് വഴിയും ബുക്ക് ചെയ്യാന്‍ ശ്രമിച്ചു. പക്ഷെ നിങ്ങളുടെ ബുക്കിംഗ് സ്വീകരിച്ചുകഴിഞ്ഞു. ഇനി നാല് ദിവസത്തിനുശേഷം മാത്രമേ ബുക്കിംഗ് സ്വീകരിക്കൂ എന്ന മറുപടി ആണ് ലഭിച്ചത്. ഇതേ അവസ്ഥയാണ് കേരളത്തിലങ്ങോളമിങ്ങോളം നിലനില്‍ക്കുന്നത്. ചുരുക്കം ചിലര്‍ക്ക് മാത്രം അടുത്തുള്ള ഷോപ്പുകളില്‍നിന്ന് വാങ്ങാന്‍ അനുമതി ലഭിച്ചിട്ടുണ്ട്.


ഇതിനിടെ മാധ്യമങ്ങളില്‍ ആപ്പ് റഡിയായതായി വാര്‍ത്ത വന്നതോടെ തങ്ങള്‍ കബളിപ്പിക്കപ്പെട്ടിട്ടില്ല എന്ന വിശ്വാസത്തിലാണ് ബുക്ക് ചെയ്തവര്‍. എന്നാല്‍ തിരക്ക് കുറയ്ക്കാനായിരിക്കും ഇങ്ങനെ അന്യസ്ഥലങ്ങളിലേക്ക് ഡയറക്ട് ചെയ്തിരിക്കുന്നത് എന്ന നിഗമനത്തിലാണ് ബിവറേജസ് ഷോപ്പിലെ ജീവനക്കാര്‍. എക്സൈസ് ഉദ്യോഗസ്ഥര്‍ക്കും ഇതേപ്പറ്റി വ്യക്തമായ ഉത്തരം നല്‍കാനാവുന്നില്ല. ഏതായാലും രാവിലെ ഒമ്പത് മണിക്ക് കച്ചവടം തുടങ്ങുമ്പോള്‍ അറിയാം എന്ന നിലപാടിലാണ് ഉദ്യോഗസ്ഥരും.


അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ ബീറ്റാ ടെസ്റ്റിനായി ഉപയോഗിച്ച ആപ്പിന്‍റെ APK (ആപ്പ്, സോഫ്റ്റ്വെയർ തുടങ്ങിയവ ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഓൺലൈനിൽനിന്ന് ഡൌൺലോഡ് ചെയ്ത ഫയലുകളാണ് APK) പതിപ്പ് ഷെയർ ചെയ്തു ലഭിച്ച് ഇൻസ്റ്റാൾ ചെയ്തവർ അതുവഴി മദ്യം ബുക്കുചെയ്യരുതെന്ന് ഫെയർകോഡ് ടെക്നോളജീസ് അറിയിച്ചു. ഈ അറിയിപ്പ് വരികയും ആപ്പ് പ്ലേ സ്റ്റോറില്‍ നേരിട്ട് ലഭിക്കാതെ വരികയും ചെയ്തവര്‍ തങ്ങള്‍ക്ക് കിട്ടിയ ലിങ്കിലൂടെ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ഒറിജിനലോ വ്യാജനോ എന്ന ആശങ്കയിലാണ്. ബുക്കിംഗില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന കടയില്‍ പറഞ്ഞ സമയത്ത് കിലോമീറ്ററുകള്‍ താണ്ടി ചെല്ലുമ്പോള്‍ മദ്യം കിട്ടാതെ വരുമോ എന്ന ആശങ്കയും നിലനില്‍ക്കുകയാണ്.


രാവിലെ 9 മണി മുതലാണ് സംസ്ഥാനത്ത് മദ്യവിൽപ്പന തുടങ്ങുന്നതെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ട് കൃത്യം 5 മണിക്ക് തന്നെ മദ്യവിൽപ്പന അവസാനിപ്പിക്കും.  മദ്യത്തിന്‍റെ ടോക്കൺ ബുക്കിംഗിനും നിശ്ചിതസമയം ഉണ്ട്. രാവിലെ 6 മണി മുതൽ വൈകിട്ട് 10 മണി വരെയാകും ടോക്കൺ ബുക്കിംഗ് സംവിധാനം. ഒരു സമയത്ത് ക്യൂവിൽ അഞ്ച് പേരെ മാത്രമേ അനുവദിക്കൂ. സമയം തെറ്റിച്ച് വരികയോ, ടോക്കൺ കിട്ടാതെ വരികയോ ചെയ്യുന്ന ഒരാൾക്കും ബാർ, ബവ്റിജസ്, ബിയർ - വൈൻ പാർലറുകൾ വഴി മദ്യം വിൽക്കില്ലെന്നും ഇത് കർശനമായി നടപ്പാക്കുമെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കിയിരുന്നു.


ഇതിനിടെ മദ്യ വിൽപ്പനയ്ക്കുള്ള ബെവ്ക്യൂ ആപ്പ് ഹാങ്ങായെന്നും ആപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ലെന്നുമുള്ള വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. ഡൗൺലോഡ് ചെയ്ത ആപ്പിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നതിലും തടസം നേരിടുന്നതായി പറയപ്പെടുന്നു. അഞ്ചും ആറും തവണ ശ്രമിച്ചതിനുശേഷം മാത്രമാണ് പലര്‍ക്കും ഓടിപി പോലും ലഭിച്ചത്. ഇതുവരെ ആപ്പ് ഡൗൺലോഡ് ചെയ്തത് മൂന്നരലക്ഷത്തോളം ആളുകളാണെന്നാണ് വിവരം.

Share this News Now:
  • Google+
Like(s): 5.4K