26 May, 2020 06:55:05 PM


പണമില്ല: സുഭിക്ഷകേരളം പദ്ധതി നടപ്പിലാക്കാനാവാതെ ഏറ്റുമാനൂര്‍ നഗരസഭ

വിവാദമായി ഫോട്ടോസ്റ്റാറ്റ് യന്ത്രം; ജീവനക്കാരുടെ ഹാജര്‍ പരിശോധിക്കാറില്ലെന്ന് ചെയര്‍പേഴ്സണ്‍



ഏറ്റുമാനൂര്‍: ഭക്ഷ്യസ്വയംപര്യാപ്തതയുടെ ഭാഗമായി സര്‍ക്കാര്‍ വിഭാവനം ചെയ്ത സുഭിക്ഷകേരളം പദ്ധതി നടപ്പിലാക്കുവാന്‍ എന്തുചെയ്യണമെന്നറിയാതെ ഏറ്റുമാനൂര്‍ നഗരസഭ. 2020 - 21 വര്‍ഷത്തെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചശേഷമാണ് സുഭിക്ഷകേരളം പദ്ധതിയും ഇതോടൊപ്പം നടപ്പിലാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായത്. എന്നാല്‍ പദ്ധതിയ്ക്കായി പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുമില്ല. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയായ വിവിധ പ്രവൃത്തികളുടെ പണം ഇനിയും കൊടുത്തുതീര്‍ക്കാനുള്ള സാഹചര്യത്തില്‍ സുഭിക്ഷകേരളം പദ്ധതിയ്ക്ക് ഫണ്ട് കണ്ടെത്തുന്നത് എങ്ങിനെയെന്ന ചോദ്യമാണ് നഗരസഭാ അധികൃതരെ കുഴയ്ക്കുന്നത്.


ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ച പ്രവൃത്തികളില്‍ തീര്‍ത്തും അനിവാര്യമല്ലാത്ത പദ്ധതികള്‍ ഒഴിവാക്കി ആ തുക സുഭിക്ഷകേരളത്തിനായി ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ നടക്കാതെ പോയ പദ്ധതികളാണ് ഈ വര്‍ഷവും പദ്ധതിരേഖയില്‍ കടന്നുകൂടിയിരിക്കുന്നതില്‍ ഏറെയും. ഈ പ്രോജക്ടുകള്‍ ഒന്നും വെട്ടികുറയ്ക്കാന്‍ പറ്റില്ലെന്ന നിലപാടിലാണ് വാര്‍ഡ് കൌണ്‍സിലര്‍മാരും നഗരസഭയുടെ വിവിധ സ്ഥിരംസമിതികളും. കുടിശിക തീര്‍ക്കാത്തതിനാല്‍ പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ കരാര്‍കാര്‍ ആരും തയ്യാറാകാതെ വന്നതോടെയാണ് പദ്ധതികള്‍ മുന്‍വര്‍ഷം നടക്കാതെപോയത്.


നഗരസഭയുടെ തനതുഫണ്ട് നിലവില്‍ 38,94,163 രൂപ മാത്രമാണ്. കരാരുകാരുടെ കുടിശിഖ മാത്രം ഒരു കോടിയിലധികം വരും. കരാറുകാരുടെ പണം നല്‍കണമെങ്കില്‍ ഇനിയും പണം കണ്ടെത്തണം.  വാര്‍ഡുകളിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ പ്രതിസന്ധി പരിഹരിക്കണമെന്ന് വൈസ് ചെയര്‍പേഴ്സണ്‍ ലൌലി ജോര്‍ജിന്‍റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച നടന്ന നഗരസഭാ കൌണ്‍സിലില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. പണത്തിന്‍റെ ലഭ്യത പരിശോധിച്ച്  മുന്‍ഗണനാക്രമത്തില്‍ കരാറുകാരുടെ തുക കൊടുത്തുതീര്‍ക്കാമെന്ന് കൌണ്‍സില്‍ തീരുമാനിച്ചു.


എന്നാലും സുഭിക്ഷകേരളം പദ്ധതി വിജയകരമാക്കി തീര്‍ക്കുന്നതിന് പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിനുള്ള സമയകുറവും പ്രശ്നമായി നില്‍ക്കുകയാണ്. ചൊവ്വാഴ്ച നഗരസഭാ തലത്തിലും ബുധനാഴ്ച വാര്‍ഡുതലത്തിലും യോഗങ്ങള്‍ ചേര്‍ന്ന് മെയ് 30ന് മുമ്പ് പ്രോജക്ടുകള്‍ അംഗീകാരത്തിനായി സമര്‍പ്പിക്കണമെന്ന് വികസനകാര്യസ്ഥിരംസമിതി അധ്യക്ഷന്‍ പി.എസ്.വിനോദ് ചൂണ്ടികാട്ടി. എന്നാല്‍ പദ്ധതികള്‍ വെട്ടികുറയ്ക്കാന്‍ അംഗങ്ങള്‍ സമ്മതിക്കാത്ത സാഹചര്യത്തില്‍ കാര്‍ഷികമേഖലയ്ക്ക് മാറ്റിവെച്ചിരിക്കുന്ന തുക കൂടി ചേര്‍ത്ത് പ്രോജക്ട് തയ്യാറാക്കുന്നതിനെകുറിച്ചും നഗരസഭാ അധികൃതര്‍ ആലോചിക്കുകയാണ്. 


വിവാദമായി ഫോട്ടോസ്റ്റാറ്റ് യന്ത്രവും ഹാജര്‍ബുക്കും


ഏറ്റുമാനൂര്‍: നഗരസഭയ്ക്ക് പുതിയ ഫോട്ടോസ്റ്റാറ്റ് യന്ത്രം വാങ്ങണമെന്ന നിര്‍ദ്ദേശം വൈസ് ചെയര്‍പേഴ്സണ്‍ ലൌലി ജോര്‍ജ് മുന്നോട്ടുവെച്ചത് വിവാദത്തിന് തിരികൊളുത്തി. ഒരു വര്‍ഷം മുമ്പ് വാങ്ങിയ യന്ത്രം എവിടെപോയെന്നായി അംഗങ്ങളുടെ ചോദ്യം. അത് കേടായെന്നും 85000 രൂപാ വേണം നന്നാക്കാനെന്നും സെക്രട്ടറി. ഗ്യാരന്‍റിയുള്ളതിനാല്‍ അത് നന്നാക്കിയെടുത്താല്‍ മതിയെന്നും പുതിയത് വാങ്ങേണ്ട എന്നും അംഗങ്ങള്‍. ഇതോടെ തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ ഒന്നു കൂടി വാങ്ങണമെന്നായി വൈസ് ചെയര്‍പേഴ്സണ്‍. തത്ക്കാലം വേണ്ടെന്നുള്ള നിലപാടില്‍ അംഗങ്ങള്‍ ഉറച്ചുനിന്നതോടെ ആ ചര്‍ച്ച അവിടെ അവസാനിച്ചു.


ഇതിനിടെ നഗരസഭയിലെ ജീവനക്കാര്‍ എത്ര പേര്‍ കൃത്യമായി ജോലിക്ക് ഹാജരാകുന്നുണ്ട് എന്ന ചോദ്യം അംഗങ്ങള്‍ ഉന്നയിച്ചു. ജീവനക്കാരുടെ ഹാജര്‍ബുക്ക് പരിശോധിക്കാറുണ്ടോ എന്ന ഭരണകക്ഷി അംഗം ടോമി പുളിമാന്‍തുണ്ടത്തിന്‍റെ ചോദ്യത്തിന് ഇതുവരെ ഇല്ല എന്നായിരുന്നു  ചെയര്‍മാന്‍റെ ചുമതലയുള്ള വൈസ് ചെയര്‍പേഴ്സന്‍റെ  മറുപടി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K