07 May, 2020 09:57:26 PM


കോട്ടയം നാഗമ്പടത്ത് ഭര്‍ത്താവിന്‍റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ യുവതിക്ക് ദാരുണാന്ത്യം




കോട്ടയം:  നാഗമ്പടത്ത് ഭര്‍ത്താവിന്‍റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ യുവതിക്ക് ദാരുണാന്ത്യം. ഭാര്യ മരിച്ചതറിഞ്ഞ് ഭര്‍ത്താവ് വീടിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. നാഗമ്പടം ഹോമിയോ ആശുപത്രിയ്ക്ക് സമീപം താമസിക്കുന്ന പുകടിമാലിയില്‍ സതീഷി (38) ന്‍റെ ഭാര്യ മിനി (46) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30 മണിയോടെയാണ് സംഭവം.


കുടുംബവഴക്കിനെ തുടര്‍ന്ന് സതീഷ് മിനിയുടെ തലയ്ക്ക് മരകൊമ്പ് കൊണ്ട് അടിയ്ക്കുകയായിരുന്നു. ബോധരഹിതയായി വീണ വിവരം അയല്‍വാസികള്‍ അറിയിച്ചതനുസരിച്ച് കോട്ടയത്തുനിന്നും 108 ആംബുലന്‍സ് എത്തി. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരിച്ചെന്ന് ഉറപ്പുവരുത്തിയതോടെ സതീഷ് വീടിനുള്ളിലേക്ക് കടന്ന് തൂങ്ങിമരിക്കാന്‍ ശ്രമം നടത്തിയെങ്കിലും ആംബുലന്‍സ് ഡ്രൈവര്‍ കണ്ണനുണ്ണിയും നഴ്സ് ബിജോ ജോസഫും കൂടി ഇയാളെ അതില്‍നിന്നും പിന്തിരിപ്പിച്ചു. ഓടി രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ ഇവര്‍ തടഞ്ഞുവെച്ചശേഷം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. 


സ്ഥലത്തെത്തിയ ഗാന്ധിനഗര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരരിച്ച ശേഷം മൃതദേഹം കോട്ടയം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അറ്സ്റ്റിലായ സതീഷിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മണിയാര്‍ ആലയ്ക്കല്‍ ഫ്രാന്‍സിസിന്‍റെ മകളാണ് മരിച്ച മിനി. 12 വര്‍ഷം മുമ്പാണ് സതീഷും മിനിയും ഒന്നിച്ച് നാഗമ്പടത്ത് താമസമാരംഭിച്ചത്. ഇവര്‍ക്ക് ഏകലവ്യന്‍ എന്ന 8 വയസുകാരനായ ഒരു മകനുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.8K