03 May, 2020 01:44:36 PM


'ജനകൂട്ടത്തിലും പനി കണ്ടെത്താം': തെർമൽ & ഒപ്റ്റിക്കൽ ഇമേജിങ് ക്യാമറ തലസ്ഥാനനഗരിയില്‍



തിരുവനന്തപുരം: ജർമനിയിലെ കൊളോണിൽനിന്ന് എത്തിച്ച ആദ്യ താപക്യാമറ തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് ജാർഖണ്ഡിലേക്കുപോയ അന്യസംസ്ഥാന തൊഴിലാളികളെയാണ് ക്യാമറ ആദ്യമായി സ്ക്രീൻ ചെയ്തത്. തിരുവനന്തപുരം എം.പി. ശശി തരൂരാണ് ആഗോളസൗഹൃദവും എം.പി. ഫണ്ടുമുപയോഗിച്ച് തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ് ക്യാമറ വാങ്ങി സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധത്തിന് ശക്തിപകർന്നത്. 


ജര്‍മനിയില്‍നിന്നും കണക്ഷൻ വിമാനങ്ങളിലൂടെ ബെംഗളൂരുവിലേക്കും അവിടെനിന്ന് റോഡുമാർഗം തിരുവനന്തപുരത്തേക്കും എത്തിയ ആദ്യ കൃത്രിമ ഇന്‍റലിജൻസ് പവേർഡ് ഫെയ്സ് ഡിറ്റക്ഷൻ സാങ്കേതികവിദ്യയുള്ള തെർമൽ ആൻഡ് ഒപ്റ്റിക്കൽ ഇമേജിങ് ക്യാമറ ശനിയാഴ്ച തലസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം കളക്ടർ കെ. ഗോപാലകൃഷ്ണനുമായി നടത്തിയ ചർച്ചയിലാണ് ഇത്തരമൊരു ഉപകരണത്തിന്‍റെ ആവശ്യം ബോധ്യമായതെന്ന് ശശി തരൂർ പറഞ്ഞു.



ഏഷ്യയിൽ താപക്യാമറകൾ കിട്ടാനില്ലായിരുന്നു. അന്വേഷണത്തിൽ ജർമനിയിലെ ബോണിലുള്ള ടെട്രബിക് ഇ.കെ. എന്ന കമ്പനി നിർമിക്കുന്നുണ്ടെന്ന് കണ്ടെത്തി. എന്നാൽ, അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ ഉപകരണം മുഴുവനായും വാങ്ങിക്കൂട്ടി. അന്വേഷണത്തിൽ കമ്പനിയുടെ ആംസ്റ്റർഡാമിലെ വെയർഹൗസിൽ ഒരുയൂണിറ്റ് ഉണ്ടെന്നറിഞ്ഞു .
അവിടെനിന്ന് 300 കിലോമീറ്റർ റോഡുമാർഗം ഉപകരണം ബോണിലെത്തിച്ചു. ഏപ്രിൽ 24-ന് ജർമനിയിലെ കൊളോണിൽനിന്ന് ഡി.എച്ച്.എൽ. സൗത്ത് ഇന്ത്യ ഏരിയ മാനേജർ ജോസഫ് നോബിയുടെ സഹായത്തോടെ പ്രത്യേക വിമാനത്തിൽ കയറ്റി. 


പാരീസ് (ഫ്രാൻസ്),  ബ്രസ്സൽസ് (ബെൽജിയം),  ലീപ്സിഗ് (ജർമനി),  ബഹ്റൈൻ, ദുബായ് എന്നിവിടങ്ങളിലൂടെ പല വിമാനങ്ങളിലായി 28-ന് ബെംഗളൂരുവിലെത്തിച്ചു. ശശി തരൂർ എം.പി.യുടെ ടീമിൽ പ്രവർത്തിക്കുന്ന രോഹിത് സുരേഷും ആനന്ദ് മോഹൻ രാജനും റോഡുമാർഗം ശനിയാഴ്ച തലസ്ഥാനത്തെത്തിച്ചു. 5,60,986 രൂപയാണ് ക്യാമറയുടെ വില. കസ്റ്റംസ് നികുതിയും യാത്രച്ചെലവുമുൾപ്പെടെ ആകെ 7.45 ലക്ഷം രൂപയാണ് ചെലവ്. ട്രൈപോഡിൽ ബന്ധിപ്പിച്ച് മൊബൈൽ യൂണിറ്റായി ഉപയോഗിക്കവുന്ന ക്യാമറ സാമൂഹികഅകലം പാലിച്ചുവരുന്ന എത്രവലിയ ജനക്കൂട്ടത്തെയും സ്ക്രീന്‍ ചെയ്യും. താപനിലയും പ്രത്യേകം സജ്ജീകരിച്ച് പരിശോധിക്കാം.


അതിഥിതൊഴിലാളികൾ അവരുടെ സ്വന്തംസ്ഥലത്തേക്ക് പോകുകയാണ്. രാജ്യത്തിന്‍റെ വിവിധഭാഗങ്ങളിലുള്ള മലയാളികളും വരാനിരിക്കുന്നു. അതുപോലെ പ്രവാസികളും. ഇവരെയെല്ലാം പരിശോധിക്കാൻ പുതിയ ഉപകരണംകൊണ്ട് എളുപ്പം സാധിക്കും. എം.പി.ഫണ്ട് തീർന്നുപോയതിനാൽ ഈ അത്യാധുനിക സാങ്കേതിക ഉപകരണം കൂടുതൽ ശേഖരിക്കുന്നതിന് മറ്റ് കോർപ്പറേറ്റ് ഗ്രൂപ്പുകളെ സമീപിക്കുമെന്ന് ശശി തരൂർ എം.പി. പറഞ്ഞു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K