02 May, 2020 04:50:41 PM


അക്ഷരവൃക്ഷം : സ്‌കൂൾ വിക്കിയിൽ സൃഷ്ടികൾ അരലക്ഷം കവിഞ്ഞു



തിരുവനന്തപുരം: ലോക്ഡൗൺ പശ്ചാത്തലത്തിൽ കുട്ടികളുടെ സർഗാത്മക രചനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച  'അക്ഷര വൃക്ഷം' പദ്ധതിയുടെ ഭാഗമായി സ്‌കൂൾവിക്കി പോർട്ടലിൽ കുട്ടികൾ തയ്യാറാക്കിയ രചനകൾ 50,000 കവിഞ്ഞു. ദുരിതകാലത്തെ അതിജീവന ചരിത്രം അനശ്വരമാക്കി നിലനിർത്താൻ ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലെ കുട്ടികളാണ് കഥകളും കവിതകളും രേഖനങ്ങളും കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) തയ്യാറാക്കിയ സ്‌കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്തത്.



മെയ് 5 വരെ രചനകൾ തുടർന്നും അപ്‌ലോഡു ചെയ്യാൻ എല്ലാ ജില്ലകളിലും ഹെൽപ്പ് ഡെസ്‌കുകൾ ഉൾപ്പെടെ സജ്ജമാണെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു. നിലവിൽ അപ്‌ലോഡു ചെയ്ത മുഴുവൻ സൃഷ്ടികളും www.schoolwiki.in ൽ കാണാവുന്നതാണ്. കൂടുതൽ സൃഷ്ടികളും (22,000 ത്തിലധികം) കവിതകളാണ്. ലേഖനങ്ങളും കഥകളും യഥാക്രമം 19,000 വും 9,000 വുമാണ്. അക്ഷര വൃക്ഷത്തിലെ രചനകളിൽ തിരഞ്ഞെടുത്ത രണ്ട് വാള്യങ്ങൾ ഇതിനകം എസ്.സി.ഇ.ആർ.ടി. പുസ്തകമായി പ്രസിദ്ധീകരിച്ചതും സ്‌കൂൾ വിക്കിയിൽ ലഭ്യമാണ്.



ഇതിനു പുറമെ ചിത്രങ്ങൾ ഉൾപ്പെടെ കുട്ടികളുടെ വിവിധ തരത്തിലുള്ള സർഗാത്മക പ്രകടനങ്ങളുടെ വീഡിയോകൾ ശേഖരിച്ച് കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന 'മുത്തോട് മുത്ത്' എന്ന പരിപാടിയ്ക്കും കൈറ്റ് രൂപം കൊടുത്തിട്ടുണ്ട്. ഇതിനായി ചിത്രങ്ങളും മൂന്നു മിനിറ്റിൽ താഴെ ദൈർഘ്യത്തിൽ വീഡിയോകളും, 8921886628 എന്ന വാട്‌സ് ആപ് നമ്പരിലേയ്ക്ക് അയയ്ക്കണം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K