29 April, 2020 08:27:42 PM


കൊല്ലത്ത് കല്ലുവാതുക്കല്‍, ഓച്ചിറ ഗ്രാമ പഞ്ചായത്തുകളിലും നിരോധനാജ്ഞ



കൊല്ലം: ജില്ലയില്‍ കോവിഡ് 19 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കല്ലുവാതുക്കല്‍, ഓച്ചിറ ഗ്രാമപഞ്ചായത്തുകളിലും നിരോധനാജ്ഞ ഏര്‍പ്പെടുത്തി ജില്ലാ കലകടര്‍ ഉത്തരവായി. ഇവിടങ്ങളില്‍ അഞ്ച് ആളുകളില്‍ കൂടുതല്‍ കൂട്ടംകൂടാന്‍ പാടില്ല. അടിയന്തര സാഹചര്യങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ അടുത്തുള്ള ആളുമായി ഒരു മീറ്റര്‍ അകലം പാലിച്ചിരിക്കണം. മാസ്‌ക്ക് നിര്‍ബന്ധമായും ധരിക്കണം.


റവന്യൂ, ആരോഗ്യം, തദ്ദേശ സ്വയംഭരണം, സിവില്‍ സപ്ലൈസ്, അനുബന്ധ സ്ഥാപനങ്ങള്‍, ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ തിരിച്ചറിയല്‍ കാര്‍ഡിന്‍റെ അടിസ്ഥാനത്തില്‍ മാത്രം കടത്തിവിടും. പുനലൂര്‍ നഗരസഭയിലെ 17-ാം വാര്‍ഡ്, കുളത്തൂപ്പുഴ, നിലമേല്‍, തൃക്കരുവ, ചാത്തന്നൂര്‍ എന്നിവയ്ക്ക് പുറമേ നെടുമ്പനയിലെ 16, 17 വാര്‍ഡുകളും പോരുവഴി ഗ്രാമപഞ്ചായത്തിലെ 13, 14, 15 വാര്‍ഡുകളും കര്‍ശന നിയന്ത്രണത്തില്‍ തുടരും.


കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് വരെ 19,046 പേരാണ് ഗൃഹനിരീക്ഷണംപൂര്‍ത്തിയാക്കിയത്. പുതുതായി ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ച 77 പേര്‍ ഉള്‍പ്പെടെ 1,171 പേരാണ് നിലവില്‍ ഗൃഹനിരീക്ഷണത്തില്‍ ഉള്ളത്. ഇന്നലെ പ്രവേശിക്കപ്പെട്ട 10 പേര്‍ ഉള്‍പ്പെടെ 39 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉള്ളത്. വിദഗ്ധ പരിശോധനയ്ക്ക് അയച്ച 1,511 സാമ്പിളുകളില്‍ 53 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. നിലവില്‍ 15 പോസിറ്റീവ് കേസുകള്‍ ഉണ്ട്. അഞ്ചു പേര്‍  രോഗം ഭേദമായി  വീട്ടിലേക്ക് മടങ്ങി. ഫലം വന്നതില്‍ 1,436 എണ്ണം നെഗറ്റീവാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K