29 April, 2020 11:22:37 AM


കസേരകള്‍ സാക്ഷി; ലോക്ഡൗണില്‍ പ്രേക്ഷകരില്ലാതെ പ്രദര്‍ശനം നടത്തി തീയേറ്ററുകള്‍



പാലക്കാട്:  സൂപ്പർ താരങ്ങളുടെ ചിത്രങ്ങളില്ല. കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകളും ഫ്ന്‍സ് അസോസിയേഷനുകളുടെ പരസ്യപരിപാടികളുമില്ല. തിക്കും തിരക്കും അനുഭവപ്പെട്ടിരുന്ന സിനിമാ തിയേറ്ററുകളും പരിസരങ്ങളും ലോക് ഡൗണിൽ ശാന്തമായി. ആളും അനക്കവുമില്ലെങ്കിലും തിയറ്ററുകളിപ്പോഴും പ്രവർത്തിപ്പിക്കുകയാണ്. നൂറുകണക്കിന് കസേരകള്‍ സാക്ഷിയായി. ഇല്ലെങ്കിൽ ലോക് ഡൗൺ കാലം കഴിഞ്ഞാലും ഒരു പ്രദർശനവും നടത്താനാവാതെ എന്നന്നേക്കുമായി അടച്ചിടേണ്ടിവരും. കഴിഞ്ഞ മാർച്ച് 10 നായിരുന്നു പ്രേക്ഷകര്‍ക്കായി നടത്തിയ അവസാനത്തെ പ്രദർശനം. ഇപ്പോള്‍ പ്രേക്ഷകരില്ലാതെയും.


തുടർച്ചയായി അടച്ചിട്ടാല്‍ ലക്ഷങ്ങൾ ചെലവഴിച്ച് സജ്ജീകരിച്ച ശബ്ദസംവിധാനവും സ്ക്രീനും യന്ത്രസാമഗ്രികളും ഉള്‍പ്പെടെയുള്ളവ പിന്നീട് പ്രവര്‍ത്തിപ്പിക്കാനാവാത്ത സ്ഥിതിയാകും. ഈയൊരു അവസ്ഥ ഉണ്ടാകാതിരിക്കാനാണ്  ആളില്ലാതെ മണിക്കൂറുകളോളം യന്ത്രങ്ങൾ പ്രവർത്തിപ്പിക്കേണ്ട സ്ഥിതിയിലേക്ക് ഉടമകളും ജീവനക്കാരും എത്തിപ്പെട്ടത്. അതിനായി രണ്ട് ദിവസം കൂടുമ്പോഴെങ്കിലും സിനിമ പ്രദർശിപ്പിക്കണം. ഇതിനൊക്കെ പുറമെയാണ് തിയറ്ററിന് വരുന്ന കേടുപാടുകൾ പരിഹരിക്കാനുള്ള ചെലവ്. ജീവനക്കാരെ നിലനിർത്തികൊണ്ടുതന്നെയാണ് പല തീയേറ്ററുകളും ഒഴിവു സമയങ്ങളില്‍ ഈ ആളില്ലാ പ്രദർശനം നടത്തുന്നത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K