28 April, 2020 06:58:00 PM


പാലക്കാട് 3378 പേര്‍ നിരീക്ഷണത്തില്‍; 4 പേരുടെ രണ്ടാം സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവ്

ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍



പാലക്കാട്: ജില്ലയില്‍ ആരോഗ്യ വകുപ്പിന്‍റെ ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുന്നു. നിലവില്‍ മലപ്പുറം സ്വദേശി ഉള്‍പ്പെടെ ആറ് പേരാണ് ചികിത്സയിലുള്ളത്. 3318 പേര്‍ വീടുകളിലും 49 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 5 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും, 6 പേര്‍ മണ്ണാര്‍ക്കാട്  താലൂക്ക്  ആശുപത്രികളിലുമായി ആകെ 3378 പേരാണ്  നിലവില്‍  നിരീക്ഷണത്തിലുള്ളത്. 


പരിശോധനക്കായി ഇതുവരെ അയച്ച 2014 സാമ്പിളുകളില്‍ ഫലം വന്ന 1766 എണ്ണം നെഗറ്റീവും 13 എണ്ണം പോസിറ്റീവുമാണ്. ഇതില്‍ നാല് പേര്‍ ഏപ്രില്‍ 11 നും രണ്ട് പേര്‍ ഏപ്രില്‍ 15 നും ഒരാള്‍ ഏപ്രില്‍ 22 നും രോഗമുക്തരായി  ആശുപത്രി വിട്ടിരുന്നു. ആകെ 29523 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 26145 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി.


ജില്ലയില്‍ ചികിത്സയിലുള്ള ആറുപേരില്‍ നാലുപേരുടെ രണ്ടാം സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഏപ്രില്‍ 21ന് രോഗബാധ സ്ഥിരീകരിച്ച കഞ്ചിക്കോട് ജോലി ചെയ്തിരുന്ന യു.പി സ്വദേശി, വിളയൂര്‍, കാവില്‍പാട്, മലപ്പുറം സ്വദേശികളുടെ ഫലമാണ് നെഗറ്റീവായത്. ഒരുതവണകൂടി പരിശോധന നടത്തി ഫലം നെഗറ്റീവായാല്‍ ആശുപത്രി വിടാന്‍ അനുവദിക്കും. കൂടാതെ തുടര്‍ച്ചയായി പരിശോധന നടത്തേണ്ടി വന്ന മാര്‍ച്ച് 25 ന് രോഗം സ്ഥിരീകരിച്ച കോട്ടോപ്പാടം സ്വദേശിയുടെ അവസാനം നല്‍കിയ സാമ്പിളിന്റെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. അടുത്ത പരിശോധനയും നെഗറ്റീവായാലെ ആശുപത്രി വിടാനാവൂ. ഏപ്രില്‍ 21 ന് രോഗം സ്ഥിരീകരിച്ച് ജില്ലയില്‍ ചികിത്സയിലുള്ള കുഴല്‍മന്ദം സ്വദേശിയുടെ രണ്ടാം പരിശോധനാഫലം പോസിറ്റീവാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.


അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് തിരിച്ചും ഇടവഴികളിലൂടെയും ചെറിയ നാട്ടുവഴികളിലൂടെയും അതിര്‍ത്തി കടന്ന് യാത്ര ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചതാണ്. ലോക്ക്  ഡൗണ്‍ നിബന്ധനങ്ങള്‍ ലംഘിച്ച് യാത്രചെയ്താല്‍ കേരള എപിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് 2020 പ്രകാരം രണ്ടു വര്‍ഷം തടവോ 10000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ചുമത്താവുന്ന കുറ്റമാണ്. ഇത്തരത്തില്‍ ആരെങ്കിലും അന്തര്‍സംസ്ഥാന യാത്ര  ചെയ്യുന്നതായി വിവരം ലഭിച്ചാല്‍ അടിയന്തരമായി അധികൃതരെ അറിയിക്കേണ്ടതാണ്. കാള്‍ സെന്റര്‍ നമ്പര്‍:  0491 2505264, 2505189, 2505847


ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


#     പൊതുഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക
#    ക്യൂവിലും സാധനങ്ങള്‍ തെരഞ്ഞെടുക്കുന്ന ഇടങ്ങളിലും സാമൂഹിക അകലം പാലിക്കുക
#     കടകളില്‍ കയറുന്നതിനു മുന്‍പും ഇറങ്ങിയതിനു ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക സാനിറ്റെസര്‍  ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക
#     കടകള്‍ക്ക് വെളിയില്‍ കൈകള്‍ വൃത്തിയാക്കാനുള്ള സംവിധാനങ്ങള്‍ കാണുമെന്ന് ഉറപ്പുവരുത്തുക
#     തിരക്കുള്ള കടകള്‍ ഒഴിവാക്കുക
#     എ.ടി.എമ്മില്‍  കയറുന്നതിനു മുന്‍പും ഉപയോഗത്തിന് ശേഷവും ശേഷവും സാനിറ്റെസര്‍  ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക
#     പരമാവധി ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുക
#     10 വയസ്സിനു താഴെയുള്ള കുട്ടികള്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍ , മറ്റ് രോഗമുള്ളവര്‍ എന്നിവര്‍ നിര്‍ബന്ധമായും വീടുകളില്‍ കഴിയുക അനാവശ്യ യാത്രകളും കൂടിച്ചേരലുകളും സന്ദര്‍ശനങ്ങളും ഒഴിവാക്കുക.
#     എപ്പോഴും എവിടെയും സാമൂഹിക അകലം പാലിക്കുക



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K