26 April, 2020 10:03:18 PM


ഇടുക്കി ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ ഏലപ്പാറ പിഎച്ച്സിയിലെ വനിതാ ഡോക്ടറും



ഇടുക്കി: ജില്ലയിൽ കോവിഡ് രോഗിയെ ചികിത്സിച്ച വനിതാഡോക്ടർ ഉൾപ്പെടെ ആറു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലാ കളക്ടർ എച്ച് ദിനേശൻ അറിയിച്ചതാണ് ഇക്കാര്യം. ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 20 ആയി. ഏലപ്പാറ പിഎച്ച്സിയിലെ 41കാരിയായ ഡോക്ടർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൈസൂരിൽ നിന്നുവന്ന രോഗബാധിതനായ വ്യക്തിയുടെ അമ്മയിൽ നിന്നാണ് ഡോക്ടർക്ക് രോഗം പകർന്നതെന്ന് കരുതുന്നു. അമ്മ ഏലപ്പാറ പിഎച്ച്സിയിൽ ചികിത്സ തേടിയിരുന്നു. ഡോക്ടർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.


വണ്ടൻമേട്ടിൽ 24കാരനാണ് രോഗം ബാധിച്ചത്. ഇയാൾ മലപ്പുറത്ത് നിന്നാണ് മാർച്ച് 23ന് പനി ലക്ഷണങ്ങളോടെ വീട്ടിൽ എത്തിയത്. ബൈക്കിലായിരുന്നു വന്നത്. തുടർന്ന് വീട്ടിൽ കഴിയുകയായിരുന്നു. ചെമ്പകപ്പാറ ഗ്രാമപഞ്ചായത്തിലെ ഉപ്പുകണ്ടം സ്വദേശിയായ 50കാരൻ കഴിഞ്ഞ മാർച്ച് 15ന് ജർമനിയിൽ നിന്നു സ്പെയിനിലൂടെ അബുദാബി വഴി നാട്ടിലെത്തി. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. വിദേശത്ത് നിന്നു വന്നതിനാൽ സാധാരണരീതിയിൽ സ്രവം പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. 


ഏലപ്പാറയിലെ 54കാരിയാണ് മറ്റൊരു രോഗി. ഇവർ അടുത്ത് രോഗം ബാധിച്ച സ്ത്രീയുടെ വീട്ടിൽ പാലും മുട്ടയും കൊടുക്കുന്നുണ്ടായിരുന്നു. വണ്ടിപ്പെരിയാറിൽ താമസക്കാരനായ അച്ഛനും (35), ഏഴു വയസുള്ള മകൾക്കും രോഗം സ്ഥിരീകരിച്ചു. ഇയാൾ തമിഴ്നാട്ടിലെ തിരിനൽവേലിയിൽ പോയി എപ്രിൽ 12ന് വീട്ടിൽ വന്നതാണ്. പിന്നീട് അച്ഛന്റെയും മകളുടെയും സ്രവം പരിശോധിച്ചപ്പോഴാണ് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K