18 April, 2020 02:13:03 AM


ലോകകപ്പ്‌ നേടിയ ഇംഗ്ലണ്ട്‌ ടീമംഗം നോര്‍മന്‍ ഹണ്ടര്‍ കോവിഡ്‌ ബാധിച്ചു മരിച്ചു


uploads/news/2020/04/389147/s4.jpg


ലണ്ടന്‍: കോവിഡ്‌ ബാധിച്ച ലീഡ്‌സ് യുണൈറ്റഡിന്റെ ഇതിഹാസ ഫുട്‌ബോള്‍ താരം നോര്‍മന്‍ ഹണ്ടര്‍ (76) മരണത്തിനു കീഴടങ്ങി. 1966ല്‍ ലോകകപ്പ്‌ നേടിയ ഇംഗ്ലണ്ട്‌ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു. ഈ മാസം 10നു കോവിഡ്‌ 19 സ്‌ഥിരീകരിച്ചതു മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ലീഡ്‌സ് യുണൈറ്റഡിനു വേണ്ടി 726 മത്സരങ്ങള്‍ കളിച്ച താരം ക്ല ബ്ബിന്റെ ഇതിഹാസമായാണ്‌ അറിയപ്പെടുന്നത്‌.


ക്ലബ്ബിനൊപ്പം രണ്ടു തവണ പ്രീമിയര്‍ ലീഗ്‌ കിരീടവും ഓരോ തവണ എഫ്‌എ കപ്പ്‌, ലീഗ്‌ കപ്പ്‌ എന്നിവയും രണ്ടു തവണ ഇന്റര്‍ സിറ്റീസ്‌ ഫെയേഴ്‌സ് കപ്പും നേടി. 1966ല്‍ ലോകകപ്പ്‌ നേടിയ ഇംഗ്ലണ്ട്‌ ടീമില്‍ അംഗമായിരുന്നെങ്കിലും ഒരു മത്സരം പോലും കളിച്ചില്ല. സെന്‍ട്രല്‍ ഡിഫന്‍ഡറുടെ റോളിലായിരുന്നു നോര്‍മന്‍ ഹണ്ടര്‍ കളിച്ചിരുന്നത്‌. 

'ലീഡ്‌സ് യുണൈറ്റഡ്‌' കുടുംബത്തില്‍ വലിയൊരു വിടവു സൃഷ്‌ടിച്ചാണ്‌ അദ്ദേഹം വിടവാങ്ങുന്നത്‌. അദ്ദേഹത്തിന്റെ സംഭാവനകള്‍ ക്ലബ്‌ ഒരിക്കലും മറക്കില്ല. 


ഈ ദുഃഖകരമായ നിമിഷത്തില്‍ നോര്‍മന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വേദന പങ്കിടുന്നെന്ന്‌' ലീഡ്‌സ് യുണൈറ്റഡ്‌ ക്ലബ്‌ ട്വിറ്ററില്‍ കുറിച്ചു. ലോകകപ്പില്‍ സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാരായ ജാക്ക്‌ ഷാള്‍ട്ടന്‍ - ബോബി മൂര്‍ കൂട്ടുകെട്ട്‌ മിന്നുന്ന ഫോമിലായിരുന്നതിനാലാണ്‌ താരത്തിന്‌ അവസരം കിട്ടാതെ പോയത്‌. 


1969, 1974 വര്‍ഷങ്ങളിലാണു ലീഡ്‌സിനൊപ്പം ഫുട്‌ബോള്‍ ലീഗ്‌ ഫസ്‌റ്റ് ഡിവിഷന്‍ കിരീടം ചൂടിയത്‌. 1968ല്‍ ലീഗ്‌ കപ്പ്‌ ഫൈനലിലും 1972ല്‍ എഫ്‌.എ. കപ്പ്‌ ഫൈനലിലും ആര്‍സനലിനെ തോല്‍പ്പിച്ച ലീഡ്‌സ് യുണൈറ്റഡ്‌ ടീമിന്റെ പ്രതിരോധത്തിലെ നെടുന്തൂണായിരുന്നു നോര്‍മന്‍. 1975ല്‍ യൂറോപ്യന്‍ കപ്പ്‌ ഫൈനലില്‍ കടന്നെങ്കിലും ജര്‍മന്‍ വമ്പന്‍മാരായ ബയണ്‍ മ്യൂണിക്കിനോടു തോറ്റു. ലീഡ്‌സ് യുണൈറ്റഡ്‌ വിട്ടശേഷം ബ്രിസ്‌റ്റള്‍ സിറ്റി, ബാണ്‍സ്‌ലി എന്നീ ക്ലബ്ബുകള്‍ക്കും കളിച്ചു. പിന്നീട്‌ പരിശീലകനായി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K