09 April, 2020 07:10:35 PM


മോഹന്‍ലാൽ കോവിഡ് ബാധിച്ച് മരിച്ചെന്ന വ്യാജവാര്‍ത്ത: കാസര്‍ഗോഡ് സ്വദേശി അറസ്റ്റിൽ



കാസർഗോഡ്: സിനിമാ താരം മോഹൻലാൽ കോവിഡ് 19 ബാധിച്ച് മരിച്ചുവെന്ന വ്യാജവാർത്ത പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കാസർഗോഡ് പാഡി സ്വദേശി സമീര്‍ ആണ് അറസ്റ്റിലായിരിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് 31 മുതലാണ് ഇത്തരമൊരു വാർത്ത സോഷ്യൽമീഡിയ വഴി പ്രചരിച്ചു തുടങ്ങിയത്. 'കോവിഡ് ബാധിച്ച് ഒരു മരണം കൂടി.. തിരുവനന്തപുരം സ്വദേശി മോഹൻലാല്‍ ആണ് മരിച്ചത്' എന്നായിരുന്നു ചിത്രങ്ങള്‍ സഹിതമുള്ള പ്രചരണം.


തിരുവനന്തപുരം റേഞ്ച് ഡി ഐ ജി കെ സഞ്ജയ്കുമാറിന്‍റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് സമീറിനെ അറസ്റ്റ് ചെയ്തത്. വിഐപികളെയും സെലിബ്രിറ്റികളെയും ബാധിക്കുന്ന തരത്തില്‍ വ്യാജവാർത്ത സൃഷ്ടിച്ച് പ്രചരിപ്പിച്ചതിനും പരിഭ്രാന്തി പരത്തിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐപിസി 469, സിഐടി 66, ദുരന്ത നിവാരണ 54 നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.


നടന്‍ മോഹന്‍ലാല്‍ കൊറോണ ബാധിച്ചു മരിച്ചതായി വ്യാജവാര്‍ത്ത പരക്കുന്ന പശ്ചാത്തലത്തില്‍ നടപടി സ്വീകരിക്കണമെന്ന് മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വിമല്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ലാലിന്റെ ഏതോ സിനിമയിലെ മരിച്ചു കിടക്കുന്ന ഫോട്ടോ സഹിതം തിരുവനന്തപുരം സ്വദേശി മോഹന്‍ലാല്‍ കൊറോണ ബാധിച്ചു എന്ന രീതിയിലാണ് വ്യാജ വാര്‍ത്ത പരത്തിയത്. സമീര്‍ എന്നയാളാണ് ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നതെന്നും വിമല്‍ കുമാര്‍ ചൂണ്ടികാട്ടിയിരുന്നു.

ഇയാൾ വ്യാജ വാർത്തകൾ നിർമ്മിക്കാനും, പ്രചരിപ്പിക്കാനും ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകൾ പടച്ചു വിടുന്നവർക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും അടക്കം നേരത്തെ തന്നെ കര്‍ശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് പൊലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K