09 April, 2020 03:25:39 PM


ലോക്ഡൗണ്‍ ആഘോഷിക്കാന്‍ വ്യാജവിദേശമദ്യവും ഒഴുകുന്നു; മണി ചെയിന്‍ പോലെ

- സ്വന്തം ലേഖകന്‍



കോട്ടയം: ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യം കിട്ടാക്കനിയായി. ഹര്‍ത്താല്‍ പോലും ആഘോഷമാക്കുന്ന മലയാളിക്ക് ഇത്രയും ദിവസം വെറുതെ വീട്ടിലിരിക്കുമ്പോള്‍ എവിടെയും ഒരു തുള്ളി മദ്യം ലഭിക്കാത്ത സാഹചര്യം ഉടലെടുത്തതോടെ ആത്മഹത്യകള്‍ക്ക് ഒരു കാരണമായി. ഉറക്കഗുളികകളും സാനിറ്റൈസറും മദ്യത്തിന് പകരമായി ഉപയോഗിച്ചു തുടങ്ങി. ഈ സാഹചര്യങ്ങള്‍ മുതലെടുത്ത് നാടെങ്ങും വ്യാജമദ്യത്തിന്‍റെ ഒഴുക്ക് ക്രമാതീതമായി ഉയര്‍ന്നു. ചാരായം വാറ്റ് പതിന്മടങ്ങ് കൂടി എന്നതാണ് ദിവസേന പോലീസും എക്സൈസും പിടിക്കുന്ന കേസുകള്‍ പരിശോധിച്ചാല്‍ മനസിലാകുക.


ചാരായം ഒഴുകുന്നതുപോലെ തന്നെ വ്യാജവിദേശമദ്യത്തിന്‍റെ ഒഴുക്കും ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യതിരുവിതാംകൂറില്‍ വ്യാജവിദേശമദ്യലോബി പ്രവര്‍ത്തിക്കുന്നത് മണി ചെയിന്‍ മാതൃകയിലാണ്. പത്തനംതിട്ട ജില്ലയില്‍ നിന്നും സമീപജില്ലകളിലെ ചെറുപട്ടണങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പ്പന തകൃതിയായി നടക്കുന്നുവെന്നതാണ് രഹസ്യവിവരങ്ങള്‍.  ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ക്കായി മദ്യം തേടിയുള്ള യാത്ര ചെന്നു നില്‍ക്കുന്നത് ഇത്തരക്കാരുടെ മുന്നിലാണത്രേ. മുമ്പ് ചാരായവിപണനരംഗത്തുണ്ടായിരുന്ന കുപ്രസിദ്ധ മദ്യനിർമ്മാണ കെമിസ്റ്റുകളാണ് ഇപ്പോള്‍ ഒഴുകുന്ന വ്യാജമദ്യത്തിന് പിന്നിലെന്നും പറയപ്പെടുന്നു.


100 രൂപയില്‍ താഴെ മാത്രം ഉത്പാദനചെലവ് വരുന്ന ഒരു ബോട്ടില്‍ മദ്യം മണി ചെയിന്‍ പോലെ പല കൈകള്‍ മറിഞ്ഞ് ആവശ്യക്കാരന് ലഭിക്കുമ്പോള്‍ വില 2000ന് മേല്‍ ആകുന്നു. നിലവിൽ ഏറ്റുമാനൂര്‍, തിരുവല്ല, പാലാ, ചങ്ങനാശ്ശേരി തുടങ്ങി മധ്യതിരുവിതാംകൂറിലെ ചെറുപട്ടണങ്ങളിൽ വ്യാജമദ്യത്തിന്‍റെ വിൽപ്പന തകർക്കുകയാണ്. പ്രധാനമായും എം.സി, ഹണി ബീ ബ്രാൻഡുകളുടെ വ്യാജനാണ് ലഭ്യമായിട്ടുള്ളതത്രേ. ബിവറേജസിൽ അറുനൂറ് രൂപ അടുത്ത് വില വരുന്ന ഒരു ഫുൾ ബോട്ടിലിന് 2000 മുതൽ 2500 രൂപ വരെയാണ് വില. സര്‍ക്കാര്‍ ഉത്പന്നമായ ജവാനും വിപണിയില്‍ ലഭിക്കുന്നുണ്ടത്രേ. 1300 മുതല്‍ 1500 രൂപ വരെയാണ് വില ഈടാക്കുന്നതത്രേ. ഇതിനിടെ വിമുക്തഭടന്മാരും തങ്ങളുടെ 'ക്വാട്ട' വന്‍വിലയ്ക്ക് വിറ്റഴിക്കുന്നുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K