05 April, 2020 03:28:54 PM


ലോക്ഡൗണില്‍ വില്‍ക്കുന്നത് മാസങ്ങള്‍ പഴക്കമുള്ള മത്സ്യം; ഇന്ന് പിടിച്ചത് 2865 കിലോ മത്സ്യം



തിരുവനന്തപുരം: മത്സ്യങ്ങളിൽ വിവിധതരം രാസവസ്തുക്കൾ ചേർത്ത് വിൽപ്പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച ഓപ്പറേഷൻ സാഗർറാണി ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഓപ്പറേഷൻ സാഗർറാണിയുടെ ഭാഗമായി നടന്ന പരിശോധനകളിൽ ഉപയോഗ ശൂന്യമായ 2865 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചു. സംസ്ഥാനത്താകെ നടന്ന 165 പരിശോധനകളിൽ 14 സ്ഥലങ്ങളിൽ നോട്ടീസ് നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം കൊല്ലം കടയ്ക്കാവൂരില്‍ കവലയൂർ മാടൻ കാവിന് സമീപത്തെ വർക്ക്ഷോപ്പിൽ ഒളിപ്പിച്ചിരുന്ന ഒരു കണ്ടെയ്‌നർ പഴകിയ മത്സ്യം കഴിഞ്ഞ ദിവസം പൊലീസ് പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.


ഫോർമാലിൻ കലർത്തിയ ആറ് മാസത്തിനുമേല്‍ പഴക്കമുള്ള ചാള, ചൂര ഇനത്തിൽപ്പെട്ട മീനുകളാണ് കൊല്ലത്ത് പിടികൂടിയവയിലേറെയും. ആലംകോട് മത്സ്യമൊത്ത വിതരണ ചന്ത പൂട്ടിയതോടെ ചെറുകിട വില്പനക്കായി സലീം എന്നയാൾ ആന്ധ്രയിൽ നിന്നെത്തിച്ചതായിരുന്നു ഇത്. ഈ കണ്ടയ്നറില്‍ വന്ന മത്സ്യം കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇറക്കിയതായി കണ്ടെയ്‌നർ തൊഴിലാളികളായ ഫക്രുദീൻ, അസ്ലം എന്നിവര്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇവരെ പിന്നീട് നിരീക്ഷണത്തിലാക്കി. 



ഇന്ന് സംസ്ഥാനത്ത് 165 സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. തിരുവനന്തപുരം - 12, കൊല്ലം - 26, പത്തനംതിട്ട - 14, ആലപ്പുഴ - 10, കോട്ടയം - 13, ഇടുക്കി - 4, എറണാകുളം - 11, തൃശൂർ - 12, പാലക്കാട് - 15, മലപ്പുറം - 12, കോഴിക്കോട് - 24, വയനാട് - 5, കണ്ണൂർ - 7. ഇതിൽ കൊല്ലം 9, പത്തനംതിട്ട 1, ആലപ്പുഴ 2, എറണാകുളം 2 എന്നീ ക്രമത്തില്‍ നോട്ടീസും നല്‍കി. ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ മത്സ്യങ്ങളിൽ മായം ചേർക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് ഓപ്പറേഷൻ സാഗർ റാണി ശക്തിപ്പെടുത്തിയതെന്ന് മന്ത്രി വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K