04 April, 2020 04:48:30 PM


കോവിഡ്: കൊല്ലം കളക്ടറുടെ വീഴ്ച ചൂണ്ടിക്കാട്ടിയ അഭിഭാഷകനെതിരെ കേസ്; മുഖ്യമന്ത്രിക്ക് പരാതി




കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൊല്ലം ജില്ലാകലക്ടര്‍ക്ക് വീഴ്ചകള്‍ സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട അഭിഭാഷകനെതിരെയും അനുകൂലിച്ച് അഭിപ്രായം പറഞ്ഞ മൂന്നു പേര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ്. കൊല്ലം ജില്ലാ കലക്ടറെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് അഭിഭാഷകനെതിരെ കഴിഞ്ഞ ദിവസം ക്രിമിനല്‍ കേസ് എടുത്തത്. 


കൊല്ലം ബാറിലെ അഭിഭാഷകനായ ബോറിസ് പോളിനെതിരെയാണ് കൊല്ലം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, സംഭവത്തിലെ സത്യവസ്ഥ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, റവന്യുമന്ത്രി, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് പരാതി അയച്ചിരിക്കുകയാണത്രേ അഡ്വ.ബോറിസ് പോള്‍. തികച്ചും നിയമവിരുദ്ധമായാണ് ഈ മാസം ഒന്നിന് രാത്രി പത്തു മണിക്കു ശേഷം തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. ഫെബ്രുവരി 20 മുതല്‍ ഫെയ്‌സ്ബുക്ക് വഴി നടത്തിയ വിമര്‍ശനപരമായ പോസ്റ്റുകളാണ് കേസിന് ആധാരമാക്കിയിട്ടുള്ളത്.


താന്‍ എഴുതിയതൊക്കെയും ജില്ലാ കലക്ടറുടെ വീഴ്ചകളെ കുറിച്ചാണെന്നാണ് ബോറിസ് പറയുന്നത്. അതില്‍ ഏറ്റവും പ്രധാനം മാര്‍ച്ച് 12ന് ജില്ലാ കലക്ടറുടെ കോണ്‍ഫറന്‍സ് ഹാളില്‍ കൊല്ലത്തെ പൗരാവലിയെ വിളിച്ചുചേര്‍ത്തതാണ്. ഹാളിനുള്ളില്‍ ആള്‍ക്കൂട്ടം സൃഷ്ടിച്ചശേഷം ആള്‍ക്കൂട്ടം നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് അറിയിക്കാനാണ് യോഗം വിളിച്ചതെന്ന് കലക്ടര്‍ പറഞ്ഞതിനെയാണ് താന്‍ വിമര്‍ശിച്ചത്. അന്ന് അവിടെ ഒരു കോവിഡ് രോഗി ഉണ്ടായിരുന്നുവെങ്കില്‍ ഉള്ള അവസ്ഥ ചിന്തനീയമാണ്. തന്റെ പോസ്റ്റില്‍ അഭിപ്രായ പ്രകടനം നടത്തിയ മൂന്നു സാമുഹിക പ്രവര്‍ത്തരെ തെരഞ്ഞുപിടിച്ചും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ടെന്നും അഡ്വ.ബോറിസ് പോള്‍ അയച്ച പരാതിയില്‍ പറയുന്നു.


കേസെടുത്ത വിവരം പിറ്റേന്ന് പത്രവാര്‍ത്തയിലുടെയാണ് താന്‍ അറിഞ്ഞത്. കലക്ടറുടെ പ്രവര്‍ത്തനങ്ങളെ മേലില്‍ ആരും വിമര്‍ശിക്കരുതെന്ന സന്ദേശം ജനങ്ങളിലെത്തിക്കാനാണ് ഇത്തരമൊരു കള്ളക്കേസ് എടുപ്പിച്ചതെന്നും പത്രങ്ങളില്‍ വാര്‍ത്ത നല്‍കിയതെന്നും പരാതിയില്‍ പറയുന്നു. സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങളുടെ വിരുദ്ധമാണിത്. കലക്ടറുടെ നിയമവിരുദ്ധ പ്രവര്‍ത്തങ്ങളെ നിയമനടപടികള്‍ക്ക് വിധേയമാക്കുമെന്ന് അഡ്വ.ബോറിസ് പോള്‍ പ്രതികരിച്ചു. എന്നാല്‍ അഭിഭാഷകനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം സ്റ്റേഷനില്‍ ഹാജരായിട്ടില്ലെന്നും കൊല്ലം വെസ്റ്റ് പോലീസ് കൈരളി വാര്‍ത്തയോട് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K