04 April, 2020 12:22:21 PM


ആളുകളും ആരവവുമില്ല, നാദസ്വരമേളമില്ല: കനത്ത നിശബ്ദതയില്‍ രാജേഷ് ആതിരയ്ക്ക് മിന്നുചാര്‍ത്തി

- സുനിൽ പാലാ



പാലാ: ആളുകളും ആരവവുമില്ല... നാദസ്വരമേളമില്ല... ആകെ നാലാൾ മാത്രം, കനത്ത നിശബ്ദതയിൽ മന്ത്രമായി ഉയരുന്നത് ദൈവശകത്തിന്റെ പ്രാർത്ഥനാ ശീലുകൾ മാത്രം. മഹാഗുരുവിനേയും ശോഭയോടെ തെളിഞ്ഞു നിന്ന നിലവിളക്കുകളെയും സാക്ഷിയാക്കി രാജേഷ് ആതിരയുടെ കഴിത്തില്‍ മിന്നുചാർത്തി. 


വള്ളിച്ചിറ 4236-ാം നമ്പർ എസ്. എൻ.ഡി. പി. ശാഖയിലെ പ്രാർത്ഥനാലയത്തിൽ രാജേഷ് ആതിരയ്ക്ക് മിന്നുചാർത്തുമ്പോൾ ഒപ്പമുണ്ടായിരുന്നത് ശാഖാ പ്രസിഡൻറ് ഇഞ്ചാനാൽ ഐ.ഡി. സോമനും, രാജേഷിന്റെ സഹോദരി  രാജിയും മാത്രം. പ്രാർത്ഥനാ ഹാളിലെ ശ്രീനാരായണ ഗുരുദേവ ചിത്രത്തിനു മുന്നിൽ  നിലവിളക്കുകളും നിറപറയുമൊരുക്കി പവിത്രമായ  വിവാഹവേദി  തയ്യാറാക്കിയത് ശാഖാ പ്രസിഡന്റ് ഇഞ്ചാനാൽ സോമനാണ്. 


വധൂവരന്മാരോടൊപ്പം രാജേഷിന്റെ സഹോദരി രാജിയും സഹായിയായി. എല്ലാം ഒരുക്കിയപ്പോൾ മുഹൂർത്തമായി. വിവാഹ സംബന്ധമായ മറ്റു പൂജകളോ ശാന്തിക്കാരോ ഉണ്ടായിരുന്നില്ല. പ്രസിഡന്‍റ് സോമൻ, രാജേഷിന് താലി എടുത്തു നൽകി; "ദൈവമേ കാത്തുകൊൾകങ്ങ്..... ദൈവദശകവും  ശാഖാ പ്രസിഡന്‍റ് ഉറക്കെ ച്ചൊല്ലിക്കൊടുത്തു. പ്രാർത്ഥനാ സമാപന വേളയിൽ രാജേഷ് ആതിരയ്ക്ക് താലിചാർത്തി.  ഒപ്പമുണ്ടായിരുന്ന രാജി വിവാഹ ചടങ്ങുകൾ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തി. മംഗല്യം മംഗളം ശുഭം !.


കൊറോണയുടെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു ലളിതമായ വിവാഹച്ചടങ്ങ്. താലികെട്ടിനു ശേഷം വധൂവരന്മാർക്കും വരന്‍റെ  സഹോദരിക്കുമായി ശാഖാ പ്രസിഡന്റ് നേരിട്ട് സദ്യയും വിളമ്പി. തലനാട് തോട്ടത്തിൻ കുടിയിൽ രാജൻ -ഓമന ദമ്പതികളുടെ മകനായ രാജേഷ് തലനാട്ടിൽ ഒരു കട നടത്തുകയാണ്. വള്ളിച്ചിറ കൊച്ചുപുരയ്ക്കൽ ജയ്മോൻ - ദീപ്തി ദമ്പതികളുടെ മകളായ ആതിര പാലായിൽ ഒരു വസ്ത്ര വ്യാപാരശാലയിൽ സെയിൽസ് ഗേളാണ്.


ലോക് ഡൗൺ പ്രഖ്യാപനത്തിനും നാളുകൾക്കു മുമ്പേ നിശ്ചയിച്ച വിവാഹം നടക്കുമോ എന്ന് ഇരു വീട്ടുകാർക്കും ആശങ്ക ഉണ്ടായിരുന്നു. എന്നാൽ വിവാഹം നടത്തിക്കൊടുക്കാൻ തയ്യാറായി വള്ളിച്ചിറ ശാഖാ പ്രസിഡന്‍റ്  സോമൻ മുന്നോട്ടു വന്നതോടെ വീട്ടുകാർക്ക് ആശ്വാസമായി. വിവരം ആരോഗ്യ വകുപ്പിലും പോലീസിലും മുൻകൂർ അറിയിച്ച് സോമൻ അനുവാദവും  വാങ്ങിയിരുന്നു. 


വിവാഹ ചടങ്ങുകൾക്കും സദ്യയ്ക്കും ശേഷം വധൂവരന്മാർ തലനാട്ടേയ്ക്ക് തിരിച്ചു. സർക്കാരിന്റെ കർശന നിർദ്ദേശങ്ങൾ പാലിച്ച് ജീവിതത്തിൽ ഒന്നായി മാറിയ രാജേഷിനേയും ആതിരയേയും  വിവാഹം നടത്തിക്കൊടുത്ത ശാഖാ പ്രസിഡന്‍റ് സോമനേയും അഭിനന്ദിച്ച് എം.പി, എം.എല്‍.എ തുടങ്ങി ഒട്ടേറെ പേര്‍ രംഗത്തെത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K