03 April, 2020 01:34:54 PM


അതിഥിതൊഴിലാളികള്‍ സംഘടിക്കാന്‍ ശ്രമിക്കുന്നെന്ന് അറിയിച്ച കെട്ടിടമുടമ അറസ്റ്റില്‍



ഏറ്റുമാനൂര്‍: പായിപ്പാടും പെരുമ്പാവൂരും സംഭവിച്ച പോലെ പേരൂരിലും ഇതരസംസ്ഥാന തൊഴിലാളികള്‍ സംഘടിക്കാന്‍ ശ്രമം നടത്തുന്നെന്ന വിവരം പോലീസില്‍ അറിയിച്ച കെട്ടിടമുടമ അറസ്റ്റില്‍. പേരൂര്‍ കിണറ്റിന്‍മൂട്ടില്‍ തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിന്‍റെ ഉടമ മോന്‍സി തോമസിനെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പായിപ്പാട്ടെപോലെ സമരവുമായി തങ്ങള്‍ പൂവത്തുംമൂട് പാലത്തിനു സമീപം ഒത്തുചേരാന്‍ തീരുമാനിച്ചതായി തൊഴിലാളികള്‍ പറഞ്ഞതായ വിവരം വെള്ളിയാഴ്ച രാവിലെ കെട്ടിടമുടമ ഏറ്റുമാനൂര്‍ പോലീസ് ഇന്‍സ്പെക്ടറെ അറിയിച്ചിരുന്നു.


പിന്നീട് പോലീസ് തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് എത്തി അന്വേഷണം നടത്തി. തങ്ങളാരും ഇങ്ങനെ പറഞ്ഞിട്ടില്ലെന്ന് തൊഴിലാളികള്‍ മൊഴി നല്‍കിയതോടെ വ്യാജപ്രചരണം നടത്തി എന്ന കുറ്റമാരോപിച്ച് മോന്‍സിക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. തൊഴിലാളികള്‍ സംഘടിക്കുന്നതായ വിവരം മോന്‍സി പോലീസ് ഇന്‍സ്പെക്ടറെ അറിയിച്ചത് കൈരളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തെകുറിച്ച് അന്വേഷണം നടത്തുമെന്ന് ഇന്‍സ്പെക്ടര്‍ അന്‍സാരി കൈരളി വാര്‍ത്തയോട് പറയുകയും ചെയ്തിരുന്നു. കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ തൊഴിലാളികള്‍ കൂട്ടം കൂടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ കേട്ട വിവരം മോന്‍സി ഉടനെ പോലീസിനെ അറിയിച്ചത്. പക്ഷെ വാദി പ്രതിയാകുന്ന സാഹചര്യമാണ് ഇവിടെ ഉടലെടുത്തത്.


മോന്‍സിയുടെ കെട്ടിടത്തില്‍ 25ലധികം തൊഴിലാളികളാണ് വാടകയ്ക്ക് താമസിച്ചുവരുന്നത്. ലോക്ഡൌണ്‍ പ്രഖ്യാപിച്ച പിന്നാലെ മറുനാടന്‍ തൊഴിലാളികള്‍ക്ക് കരാരുകാര്‍ വേണ്ട ഭക്ഷണവും മറ്റ് സൌകര്യങ്ങളും ചെയ്തു കൊടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കിണറ്റിന്‍മൂട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന തൊഴിലാളികളുടെ കാര്യങ്ങള്‍ നോക്കാന്‍ കരാറുകാരാരും ഇല്ലാതിരുന്നതിനാല്‍ ഇവരോട് തത്ക്കാലം വാടക വേണ്ടെന്ന് കര്‍ഷകന്‍ കൂടിയായ മോന്‍സി പറഞ്ഞിരുന്നു. മാത്രമല്ല,  ഇവര്‍ക്കാവശ്യമായ മരച്ചീനിയും മറ്റും തന്‍റെ കൃഷിയിടത്തില്‍ നിന്നും സൌജന്യമായി എത്തിക്കുകയും നഗരസഭാ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തി ഇവര്‍ക്കാവശ്യമായ ഭക്ഷണം ലഭ്യമാക്കുകയും ചെയ്തിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K