03 April, 2020 11:41:45 AM


കൊല്ലം മുൻ സബ് കളക്ടറുടെ ഗൺമാനും ഡ്രൈവർക്കും സസ്പെൻഷൻ



കൊല്ലം: കൊല്ലം മുൻ സബ് കളക്ടർ അനുപം മിശ്രയുടെ ഗൺമാനും ഡ്രൈവർക്കും സസ്പെൻഷൻ. നിരീക്ഷണത്തിൽ കഴിയാനുള്ള നിർദ്ദേശം അവഗണിച്ച് പുറത്തിറങ്ങിയതിനാണ് സസ്പെൻഷൻ. വിദേശപര്യടനം കഴിഞ്ഞു വന്നതിനു ശേഷം ഹോ ക്വാറന്റൈനിൽ ഇരിക്കവേ മുങ്ങിയ കൊല്ലം സബ് കളക്ടർ അനുപം മിശ്രയെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
ഗൺമാനായ സിവിൽ പൊലീസ് ഓഫീസർ സുജിത്തിനെ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ടി നാരായണനാണ് സസ്പെൻഡ് ചെയ്തത്.


സംഭവത്തെക്കുറിച്ച് അന്വേഷിച്ച് രണ്ട് മാസത്തിനകം പി.ആർ റിപ്പോർട്ട് നൽകാൻ ചാത്തന്നൂർ എ.സി.പിയെ ചുമതലപ്പെടുത്തി. കൊല്ലം ജില്ല കളക്ടറാണ് ഡ്രൈവർ സന്തോഷിനെ സസ്പെൻഡ് ചെയ്തത്. ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 18 വരെ സിംഗപ്പൂര്‍, മലേഷ്യ യാത്രകൾക്കായി അവധിയിലായിരുന്നു അനുപം മിശ്ര. യാത്ര കഴിഞ്ഞ് മാര്‍ച്ച് 18ന് തിരിച്ചെത്തിയ ഇദ്ദേഹത്തിനോട് തുടര്‍ന്ന് വീട്ടിൽ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് കൊല്ലത്തെ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം.

ആരോഗ്യ പ്രവര്‍ത്തകര്‍ വിളിക്കുമ്പോഴെല്ലാം നിരീക്ഷണത്തില്‍ തുടരുകയാണെന്ന മറുപടിയായിരുന്നു അദ്ദേഹം നല്‍കിയിരുന്നത്. എന്നാല്‍ മാര്‍ച്ച് 26ന് ആരോഗ്യപ്രവര്‍ത്തകര്‍ സബ് കളക്ടറുടെ വസതിയിലെത്തിയപ്പോഴാണ് അദ്ദേഹം അവിടെ നിന്ന് രക്ഷപ്പെട്ടതായി മനസ്സിലാക്കിയത്. നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെട്ട മാര്‍ച്ച് 19ന് തന്നെ അനുപം കാണ്‍പൂരിലേക്ക് പോയതായാണ് വിവരം. തിരുവനന്തപുരം വിമാനത്താവളം വഴിയായിരുന്നു കാണ്‍പൂരിലേക്ക് കടന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K