01 April, 2020 09:30:15 PM


കൊറോണ പ്രശ്നങ്ങള്‍ തീരും വരെ ശമ്പളം 30000 മതി; സാലറി ചലഞ്ച് ഏറ്റെടുത്ത് പി.സി.ജോര്‍ജ്



കോട്ടയം: കോവിഡ് പ്രശ്നങ്ങള്‍ അവസാനിക്കും വരെ തനിക്ക് 30,000 രൂപ മതി ശമ്പളമെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. കോവിഡ് വ്യാപനത്തെതുടര്‍ന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച സാലറി ചലഞ്ച് ഏറ്റെടുത്ത് കൊണ്ടാണ് പി.സി.ജോര്‍ജ് ഇങ്ങനെ പറഞ്ഞത്. ഒരാള്‍ക്ക് ഒരു മാസം ജീവിക്കാന്‍ 30,000 രൂപ ധാരാളം മതിയെന്ന് പറഞ്ഞ ജോര്‍ജ് തന്‍റെ ഈ മാസത്തെ ശമ്പളം പൂര്‍ണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതായും അറിയിച്ചു.


ഇന്ന് ഉച്ചയ്ക്ക് ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് ജോര്‍ജ് തന്‍റെ നിലപാട് വ്യക്തമാക്കിയത്. അതേസമയം, ആരോഗ്യപ്രവര്‍ത്തകര്‍, പോലീസുകാര്‍, ഫയര്‍ഫോഴ്സ്, വനപാലകര്‍ എന്നിവരുടെ ശമ്പളം അതേപടി നിലനിര്‍ത്തണമെന്നും സാലറി ചലഞ്ച് അവര്‍ക്ക് ബാധകമാക്കേണ്ടതില്ലെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അവര്‍ക്ക് അല്‍പം തുക കൂട്ടികൊടുത്താലും കുഴപ്പമില്ല എന്നും പി.സി.ജോര്‍ജ് പറയുന്നു.


എന്തിനാണ് നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് 30000 രൂപയില്‍ കൂടുതല്‍ ശമ്പളം എന്നു ചോദിക്കുന്ന ജോര്‍ജ് മഹാരാഷ്ട്രയിലും തെലുങ്കാനയിലും ഉദ്യോഗസ്ഥരുടെ ശമ്പളം 60 ശതമാനം വരെ വെട്ടികുറയ്ക്കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരിക്കുകയാണെന്നും പറയുന്നു. അതിനാല്‍ 30000 രൂപയില്‍ ഒരു രൂപ പോലും കൂടുതല്‍ കൊടുക്കാന്‍ പാടില്ലെന്നും പെന്‍ഷന്‍ 25000 ആയി വെട്ടിചുരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. 


തന്‍റെ നിര്‍ദ്ദേശം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അംഗീകരിക്കുമെന്ന് പി.സി.ജോര്‍ജ് പറയുന്നുണ്ടെങ്കിലും നല്ലൊരു ശതമാനം ആളുകളും ജോര്‍ജിന്‍റെ അഭിപ്രായത്തോട് യോജിക്കുന്നില്ല. പി.സി.ജോര്‍ജിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയ പിന്നാലെ ഇദ്ദേഹത്തിന്‍റെ അഭിപ്രായത്തെ എതിര്‍ത്ത് ഒട്ടനവധി ആളുകളാണ് രംഗത്ത് വന്നിട്ടുള്ളത്.


സാലറി ചലഞ്ച് ഏറ്റെടുത്ത് എംഎല്‍എ പറഞ്ഞപോലെ ശമ്പളം വാങ്ങിയാല്‍ സാധാരണ സര്‍ക്കാര്‍ ജീവനക്കാരുടെ വീട്ടുചെലവിനു പുറമെ വായ്പാ തിരിച്ചടവ്, ഇന്‍ഷ്വറന്‍സ്, കുട്ടികളുടെ വിദ്യാഭ്യാസം, വകുപ്പ് തല റിക്കവറികള്‍ തുടങ്ങിയ ചെലവുകള്‍ ആര് വഹിക്കുമെന്നാണ് പലരുടെയും ചോദ്യം. ഇത്തരം ചെലവുകള്‍ ഒഴിവാക്കി തരാന്‍ സര്‍ക്കാര്‍ തയ്യാറാണ് എങ്കില്‍ തങ്ങള്‍ ഇതിനോട് യോജിക്കാമെന്നാണ് ഇക്കൂട്ടരുടെ അഭിപ്രായം. 2018 മാര്‍ച്ചില്‍ എം.എല്‍.എമാരുടെ ശമ്പളം 39500 രൂപയില്‍ നിന്നും 70000 രൂപ ആയും മന്ത്രിമാരുടേത് 55012 രൂപയില്‍ നിന്നും 90000 രൂപ ആയും ഉയര്‍ത്തിയിരുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K