30 March, 2020 08:35:44 PM


എച്ച് എൻ എൽ, കോട്ടയം ടെക്സ്റ്റയിൽസ് ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം അനുവദിക്കണം

മോൻസ് ജോസഫ് എംഎൽഎ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു



കോട്ടയം: കോവിഡ് -19 വ്യാപനത്തെ തുടര്‍ന്ന് ലോക് ഡൗൺ  പ്രഖ്യാപിക്കുകയും കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഇടവരുകയും  ചെയ്തിരിക്കുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ വ്യവസായ  സ്ഥാപനങ്ങളായ വെള്ളൂർ  എച്ച് എൻ എൽ, കാണക്കാരി വേദഗിരിയിൽ  പ്രവർത്തിക്കുന്ന കോട്ടയം ടെക്സ്റ്റയിൽസ് എന്നീ കമ്പനികളിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും ഒരു മാസത്തെ ശമ്പളം സംസ്ഥാന സർക്കാർ ദുരിതാശ്വാസമായി അനുവദിക്കണമെന്ന് അഡ്വ മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.


വെള്ളൂർ എച്ച് എൻ എൽ കമ്പനി പൂട്ടിയതു മൂലം ഇവിടുത്തെ സ്ഥിരം ജീവനക്കാരും കാഷ്വൽ  തൊഴിലാളികളും ഉൾപ്പെടെ ആയിരത്തിലധികം പേരുടെ കുടുംബങ്ങൾ കഴിഞ്ഞ 18 മാസമായി പട്ടിണിയിൽ കഴിയുകയാണ്. കോട്ടയം ടെക്സ്റ്റയിൽസ് ഒരു വർഷമായി ശമ്പളം നൽകാൻ കഴിയാത്ത  പ്രതിസന്ധിയിൽ അടച്ചിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിയെ നേരിടാൻ എല്ലാവർക്കും ഭക്ഷണവും മറ്റ്  സൗകര്യങ്ങളും സർക്കാർ ഏർപ്പെടുത്തുമ്പോൾ ഇതിന്റെയൊന്നും പ്രയോജനം ലഭിക്കാതെ നിരാലംബരായിരിക്കുകയാണ് ഇരുസ്ഥാപനങ്ങളിലേയും ജീവനക്കാര്‍.


വെള്ളൂർ എച്ച് എൻ എൽ, കോട്ടയം ടെക്സ്റ്റയിൽസ് എന്നീ കമ്പനികളിലെ തൊഴിലാളികൾക്കും ജീവനക്കാർക്കും മാനുഷിക പരിഗണന കണക്കിലെടുത്ത്  സംസ്ഥാന സർക്കാർ അടിയന്തിര സഹായം ലഭ്യമാക്കാൻ മുന്നോട്ട് വരണമെന്ന് മോൻസ് ജോസഫ് എംഎൽഎ അഭ്യർത്ഥിച്ചു. ഇതുസംബന്ധിച്ച നിവേദനം  മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ എന്നിവർക്ക് എത്തിച്ചതായി എം എൽ എ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K