29 March, 2020 06:57:37 PM


പായിപ്പാട് അതിഥി തൊഴിലാളികള്‍ സംഘടിച്ചത് ആസൂത്രിതം; പിന്നില്‍ തീവ്രവാദസംഘടന?



തിരുവനന്തപുരം: ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് ചങ്ങനാശ്ശേരിയിലെ പായിപ്പാട് അതിഥി തൊഴിലാളികൾ സംഘടിച്ച് തെരുവിലിറങ്ങിയതിനു പിന്നിൽ ഗൂഡാലോചനയുണ്ടെന്ന സംശയം ശക്തമാകുന്നു. തൊഴിലാളികളെ തെരുവിൽ ഇറക്കിയതിനു പിന്നിൽ തീവ്രവാദ സംഘടനയ്ക്ക് ബന്ധമുണ്ടെന്ന് സ്പെഷൽ ബ്രാഞ്ചും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ പ്രതിഷേധം അവസാനിപ്പിച്ച് തൊഴിലാളികൾ ക്യാമ്പുകളിലേക്ക് മടങ്ങി.


ഭക്ഷണം ലഭിക്കുന്നില്ലെന്നും നാട്ടിലേക്ക് മ‌ങ്ങാൻ സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് അതിഥി തൊഴിലാളികൾ  തെരുവിലിറങ്ങിയത്. പായിപ്പാട് സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചങ്ങനാശേരി റസ്റ്റ് ഹൗസിൽ ഉന്നതതലയോഗം ചേർന്നു. മന്ത്രി പി.തിലോത്തമൻ, പത്തനംതിട്ട - കോട്ടയം ജില്ലാ കളക്ടർമാർ, കോട്ടയം എസ്.പി എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. തൊഴിലാളികൾ സംഘടിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കോട്ടയം ജില്ലാ കളക്ടറും യോഗത്തിൽ വ്യക്തമാക്കിയതായി വിവരമുണ്ട്.


തൊഴിലാളികളെ നാട്ടിലേക്ക് അയക്കുമെന്ന തരത്തിലുള്ള സന്ദേശങ്ങൾ ചിലർ വാട്സാപ്പിൽ പ്രചരിപ്പിച്ചിരുന്നു. ഇത്തരം സന്ദേശം പ്രചരിച്ച ഫോൺ നമ്പറുകൾ ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്. ഇവർക്ക് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നാണ് വിവരം. നിലവിലെ സ്ഥിതിഗതികളുടെ പശ്ചാത്തലത്തിൽ പായിപ്പാടേക്ക് കൂടുതൽ പൊലീസിനെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. കോട്ടയം എസ്.പിയ്ക്കാണ് ഇതിന്‍റെ ചുമതല. പ്രതിഷേധവുമായി നൂറുകണക്കിന് തൊഴിലാളികൾ പായിപ്പാട് ടൌണിൽ ഇറങ്ങിയത് ജില്ലാ ഭരണകൂടത്തെയും പൊലീസിനെയും ഞെട്ടിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K