28 March, 2020 10:47:26 PM


കോവിഡ് 19; രണ്ടാമത്തെ പോസിറ്റീവ് കേസ് കൊല്ലം ജില്ലയില്‍ പ്രവേശിച്ചിട്ടില്ല



കൊല്ലം: ജില്ലയില്‍  ഇന്ന് ഒരു പോസിറ്റീവ് കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തു. ഉമയനല്ലൂര്‍ മൈലാപ്പൂര് സ്വദേശിയാണ്. എന്നാല്‍ ഇദ്ദേഹം ജില്ലയില്‍ പ്രവേശിച്ചിട്ടില്ല. ദുബായില്‍ നിന്ന് എത്തിയ ഇദ്ദേഹത്തെ തിരുവനന്തപുരത്ത് നിരീക്ഷണത്തില്‍ ആക്കുകയായിരുന്നു. ഇന്ന് വരെ 17,023 പേരാണ് ഗൃഹനിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 43 പേര്‍ വിദേശ പൗരന്മാരാണ്. ദുബായില്‍ നിന്നുള്ള 1,479 പേര്‍ ഉള്‍പ്പെടെ ഗള്‍ഫ് മേഖലയില്‍ നിന്ന് തിരികെ എത്തിയ 4,415 സ്വദേശീയരും ഗൃഹനിരീക്ഷണത്തില്‍ ഉള്‍പ്പെടുന്നു.


ഇന്ന് പുതിയതായി പ്രവേശിക്കപ്പെട്ട 15 പേര്‍ ഉള്‍പ്പെടെ ആശുപത്രിയില്‍ 23 പേര്‍ ഉണ്ട്. ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ച 626 സാമ്പിളുകളില്‍ 126 എണ്ണത്തിന്‍റെ ഫലം കൂടി വരാനുണ്ട്. അതീവ ജാഗ്രത പുലര്‍ത്തേണ്ട ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും രോഗ വ്യാപനം തടയാന്‍ എല്ലാവരും വീട്ടിലിരിക്കുക എന്ന സാമൂഹ്യ ഉത്തരവാദിത്തം പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.


പൊതു സ്ഥലങ്ങളിലും വീട്ടിലും വ്യക്തികള്‍ തമ്മില്‍ അകലം പാലിക്കണം. രോഗബാധിതര്‍ക്ക് സഹായത്തിനായുള്ള എല്ലാ കൂട്ടായ്മകളിലും കമ്മ്യൂണിറ്റി കിച്ചനുകളിലും ആരോഗ്യ സംരക്ഷണത്തിനായി തൂവാലകളോ മാസ്‌കുകളോ ഉപയോഗിച്ച് വായും മൂക്കും മൂടണം. കൈകള്‍ ഇടയ്ക്കിടയ്ക്ക് കഴുകണം. ജില്ലയില്‍ പോസീറ്റീവ് റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ ഈ നിര്‍ദ്ദേശങ്ങല്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത പറഞ്ഞു.  കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040 (വാട്‌സ് ആപ് മാത്രം), 1056(ദിശ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K