28 March, 2020 07:22:40 PM


ഇന്ന് 6 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; സമൂഹവ്യാപനം പരി​ശോധിക്കാന്‍ റാപ്പിഡ് ടെസ്റ്റ്



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കുടി ​കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ രണ്ട് പേര്‍ക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് നാല് പേര്‍ക്ക് രോഗം ഭേദമായി. ഇതില്‍ ഒരാള്‍ വിദേശിയാണ്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 165 ആയി. സംസ്ഥാനത്ത് ആകെ 134370 പേര്‍ നിരീക്ഷണത്തിലുണ്ട്. 133750 പേര്‍ വീടുകളിലും 620 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് 148 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് മാത്രം 6067 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 5276 എണ്ണം നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമ​‍ന്ത്രി അറിയിച്ചു.


നിരീക്ഷണത്തില്‍ കഴിയുന്നവരുടെ നിരീക്ഷണം തുടരാന്‍ ത​ന്നെയാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സാമൂഹ്യ വ്യാപനം പരിശോധിക്കുന്നതിനായി റാപ്പിഡ് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചു. പെട്ടെന്ന് ഫലം ലഭിക്കുമെന്നതാണ് ഈ പരിശോധനയുടെ പ്രത്യേകത. റെസ്പിറേറ്ററുകള്‍, വെന്റിലേറ്ററുകള്‍, എന്‍95 മാസ്കുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍, ബയോ മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ വിവിധ തലത്തിലുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി കൊച്ചിയിലെ സൂപ്പര്‍ ഫാം ലാബ്, വന്‍കിട ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയവയെ കോര്‍ത്തിണക്കിയുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി കഞ്ചിക്കോട് വ്യവസായ സ്ഥാപനങ്ങളുടെ ക്ലസ്റ്റര്‍ രൂപീകരിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.


പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ മെഡിക്കല്‍, എഞ്ചിനീയറിംഗ് എ​‍ന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു. കമ്മ്യുണിറ്റി കിച്ചണ്‍ സംവിധാനങ്ങള്‍ ആള്‍ക്കൂട്ട കേന്ദ്രങ്ങള്‍ ആകുന്നതായി മുഖ്യമന്ത്രി വിമര്‍ശിച്ചു. ചില ആളുകള്‍ പടം എടുക്കുന്നതിനായി അവിടെ പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അനുവദിക്കില്ല. കമ്മ്യുണിറ്റി കിച്ചന്റെ പ്രവര്‍ത്തനവുമായി ബന്ധ​പ്പെട്ടവര്‍ മാത്രമേ അവിടെ പോകാവൂ എന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. സംസഥാനത്ത് ഇതിനോടകം 1509 കമ്മ്യുണിറ്റി കിച്ചണുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്മ്യുണിറ്റി കിച്ചണുകള്‍ വഴി 52000ത്തില്‍ അധികം പേര്‍ക്ക് ഭക്ഷണം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.


പത്രവിതരണം തടസപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്രവിതരണം അവശ്യ സേവനമായാണ് കണക്കാക്കുന്നത്. ഇത് തടസപ്പെടുത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില റസിഡന്‍സ് അസോസിയേഷനുകളാണ് പത്ര വിതരണം തടസപ്പെടുത്തുന്നത്. ഇത്തരം പ്രവണത ആവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K