26 March, 2020 03:31:39 PM


കെഎസ്ആര്‍ടിസി കണ്ടക്ടറുടെ പിതാവിന് കൊറോണ; യാത്രക്കാര്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം



പാലക്കാട്: മണ്ണാര്‍ക്കാട് നിന്നും പുറപ്പെട്ട കോയമ്പത്തൂര്‍ കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടറുടെ അച്ഛന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബസില്‍ യാത്ര ചെയ്തവര്‍ ഉടന്‍ ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പിന്‍റെ അറിയിപ്പ്. കാരാകുറുശ്ശില്‍ കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുടെ മകനാണ് കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായി ജോലി ചെയ്യുന്നത്. പിതാവിന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മകനേ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.


മണ്ണാര്‍ക്കാട് നിന്നും ആനക്കട്ടി വഴി കോയമ്പത്തൂരിലേക്കും മണ്ണാര്‍ക്കാട് നിന്നും പാലക്കാട്, തൃശൂര്‍, കായംകുളം വഴി തിരുവനന്തപുരത്തേക്കും തിരിച്ച് എറണാകുളം വഴി മണ്ണാര്‍ക്കാട്ടേക്കും സര്‍വീസ് നടത്തിയ ബസിലാണ് ഇയാള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. മാർച്ച് 17ന് രാവിലെ 7 മണിക്ക് മണ്ണാര്‍ക്കാട് നിന്നും പുറപ്പെട്ട കോയമ്പത്തൂര്‍ കെഎസ്ആര്‍ടിസി ബസില്‍ സഞ്ചരിച്ചവര്‍ താഴെ കാണുന്ന നമ്പരുകളില്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യണമെന്ന് അട്ടപ്പാടി ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പറുകള്‍: 9539254036, 9747706576, 8606311777.


13ന് ഉംറ കഴിഞ്ഞു തിരിച്ചെത്തിയയാളാണ് കണ്ടക്ടറുടെ പിതാവ്. 25ന് വൈകുന്നേരമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ടക്ടര്‍ 17ന് 06:15ന് മണ്ണാര്‍ക്കാട് ആനക്കട്ടി വഴി കോയമ്പത്തൂര്‍ സിംഗിള്‍ ഡ്യൂട്ടിയാണ് നിര്‍വഹിച്ചിട്ടുള്ളത്. 18ന് 07:00 മണിക്ക് തിരുവനന്തപുരം സര്‍വീസാണ് ഇയാള്‍ പോയിട്ടുള്ളത്.

റൂട്ട്മാപ്പ്:- 18ന് 07:00 മണിക്ക് മണ്ണാര്‍ക്കാട് നിന്നും പുറപ്പെട്ട് 08:10/30 പാലക്കാട് എത്തി. അറൈവല്‍ രേഖപ്പെടുത്തി ക്യാന്‍റീനില്‍ ചായകുടിച്ച് പുറപ്പെട്ടു, 09:45/10:00മണിക്ക് തൃശൂരില്‍ എത്തി അറൈവല്‍ രേഖപ്പെടുത്തി പുറപ്പെട്ടു. 2:30 കായംകുളം ക്യാന്‍റീനില്‍ ഭക്ഷണം 6:00 മണി തിരുവനന്തപുരം എത്തി അറൈവല്‍ രേഖപ്പെടുത്തി വികാസ് ഭവനിലേക്ക്. കഞ്ഞിക്കടയില്‍ കഞ്ഞി കുടിച്ച് വിശ്രമം.


19ന് അര്‍ദ്ധരാത്രി 12.00 തിരുവുന്തപുരത്ത് നിന്ന് മടക്കം. പുലര്‍ച്ചെ 04:00/30 വൈറ്റില അറൈവല്‍ രേഖപ്പെടുത്തി. 05:00 എറണാകുളം അറൈവല്‍ രേഖപ്പെടുത്തി, 06:50/07:00 തൃശൂരില്‍ അറൈവല്‍ രേഖപ്പെടുത്തി, ചായ കുടിച്ചു, പുറപ്പെട്ടു 08:45/09:00 പാലക്കാട് അറൈവല്‍ രേഖപ്പെടുത്തി, ചായ കുടിച്ചു, പുറപ്പെട്ടു 10:15 ന് മണ്ണാര്‍ക്കാട് തിരിച്ചെത്തി. ബസിലെ ഡ്രൈവറേയും നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K