25 March, 2020 06:22:24 PM


ലോക്ക് ഡൗണ്‍ ലംഘനം; സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 3612 കേസുകള്‍

പോലീസ് പാസ് ലഭിക്കുന്നതിൽ നിന്ന് കൂടുതൽ വിഭാഗക്കാരെ ഒഴിവാക്കി



തിരുവനന്തപുരം: കോവിഡ് 19 നെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിരോധനം ലംഘിച്ചു യാത്ര ചെയ്യുന്നവര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികള്‍ നാളെ മുതല്‍ ശക്തിപ്പെടുത്തും. വ്യക്തമായ കാരണങ്ങള്‍ കൂടാതെയും നിര്‍ദേശം ലംഘിച്ചും യാത്ര ചെയ്യുന്നവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. ന്യായമായ ആവശ്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ.


സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ സത്യവാങ്മൂലം ഹാജരാക്കിയാല്‍ മാത്രമേ യാത്ര തുടരാന്‍ അനുവദിക്കൂ. സത്യവാങ്മൂലം പരിശോധിച്ചശേഷം പോലീസ് ഇതു മടക്കി നല്‍കും. യാത്ര ചെയ്യുന്ന ആള്‍ ഒഴികെ മറ്റാരും സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തേണ്ടതില്ല. 


അതേസമയം, അവശ്യസർവീസ് മേഖലയിൽ പ്രവർത്തിക്കുന്ന കൂടുതൽ വിഭാഗക്കാരെ പോലീസ് പാസ് ലഭിക്കുന്നതിൽനിന്ന് ഒഴിവാക്കി. ഔദ്യോഗിക കൃത്യനിർവഹണത്തിനു പോകുമ്പോൾ ഇവർ സ്ഥാപനം നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് പോലീസിനെ കാണിച്ചാൽ മതി. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ, നഴ്‌സുമാരും മറ്റു ജീവനക്കാർ, ആംബുലൻസ് ഡ്രൈവർമാർ, ജീവനക്കാർ, മെഡിക്കൽ ഷോപ്പ് ജീവനക്കാർ, മെഡിക്കൽ ലാബ് ജീവനക്കാർ, മൊബൈൽ ടവർ ടെക്‌നീഷ്യൻമാർ, ഡാറ്റ സെന്റർ ഓപ്പറേറ്റർമാർ, യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ജീവനക്കാർ, സ്വകാര്യ സുരക്ഷ ജീവനക്കാർ, പാചകവാതക വിതരണ ജീവനക്കാർ, പെട്രോൾ ബങ്ക് ജീവനക്കാർ എന്നിവരെയാണ് പോലീസ് പാസ് ലഭിക്കുന്നതിൽ നിന്ന് ഒഴിവാക്കിയത്.


നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1751 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 3612 ആയി. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് കോഴിക്കോട് സിറ്റിയിലാണ് - 338 കേസുകള്‍. ഇടുക്കിയില്‍ 214 കേസുകളും കോട്ടയത്ത് 208 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10 കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്ത കാസര്‍ഗോഡ് ആണ് പിന്നില്‍. ജില്ല തിരിച്ചുള്ള കണക്കു ചുവടെ.

തിരുവനന്തപുരം സിറ്റി - 66, തിരുവനന്തപുരം റൂറല്‍ - 138, കൊല്ലം സിറ്റി - 170, കൊല്ലം റൂറല്‍ - 106, പത്തനംതിട്ട - 43, കോട്ടയം - 208, ആലപ്പുഴ - 178, ഇടുക്കി - 214, എറണാകുളം സിറ്റി - 88, എറണാകുളം റൂറല്‍ - 37, തൃശൂര്‍ സിറ്റി - 20, തൃശൂര്‍ റൂറല്‍ -37, പാലക്കാട് - 19, മലപ്പുറം - 11, കോഴിക്കോട് സിറ്റി - 338, കോഴിക്കോട് റൂറല്‍ - 13, വയനാട് - 35, കണ്ണൂര്‍ - 20, കാസര്‍ഗോഡ് -10.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K