21 March, 2020 11:28:49 AM


മഹാമാരി പടരുന്നു: ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍ പടിയിറങ്ങുന്നു; 5-ാമനു വേണ്ടി



ഏറ്റുമാനൂര്‍: നാടും നഗരവും കോവിഡ് 19 ഭീഷണിയില്‍ അമര്‍ന്നിരിക്കെ ഏറ്റുമാനൂര്‍ നഗരസഭയുടെ നാലാം ചെയര്‍മാന്‍റെ പടിയിറക്കം നാളെ. യുഡിഎഫിലെ മുന്‍ധാരണപ്രകാരമാണ് കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധിയായ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് സ്ഥാനമൊഴിയുന്നത്. 2019 മാര്‍ച്ച് 23ന് അധികാരമേറ്റ ഇദ്ദേഹം രാജി സമര്‍പ്പിക്കുന്നതും മാര്‍ച്ച് 23ന് തന്നെ. ജോര്‍ജിന്‍റെ രാജിയോടെ 'അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ചെയര്‍മാന്‍' എന്ന 'നേട്ട'വുമായി പുതിയ നഗരസഭയായ ഏറ്റുമാനൂര്‍ കേരളചരിത്രത്തില്‍ ഇടം പിടിക്കുക കൂടിയാണ്. 


ധാരണപ്രകാരം കോണ്‍ഗ്രസിലെ ബിജു കൂമ്പിക്കനാണ് അടുത്ത ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രക്രീയകള്‍ പൂര്‍ത്തിയായി പുതിയ ചെയര്‍മാന്‍ അധികാരമേല്‍ക്കാന്‍ ഒരു മാസമെങ്കിലും എടുക്കും. അതുവരെ വൈസ് ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജിന് ചാര്‍ജ് ലഭിക്കുമെങ്കിലും ചെയര്‍മാന്‍റെ അഭാവം നഗരസഭാ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകിച്ച് കോവിഡ് 19നെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കും എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. നഗരസഭയുടെ ഈ ഭരണസമിതിയിലെ മൂന്നാമത് വൈസ് ചെയര്‍പേഴ്സണ്‍ കൂടിയാണ് ലൗലി ജോര്‍ജ്.  


യുഡിഎഫിന്‍റെ പിന്‍തുണയോടെ ആറ് മാസം ചെയര്‍മാനായിരുന്ന ജോയി ഊന്നുകല്ലേല്‍ മുന്‍ധാരണപ്രകാരം രാജിവെച്ച ഒഴിവിലേക്കാണ് ഒട്ടേറെ നാടകീയതകള്‍ക്കൊടുവില്‍ ജോര്‍ജ് പുല്ലാട്ട് തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് - 14 (കോണ്‍ഗ്രസ് - 9, കേരളാ കോണ്‍ഗ്രസ് - 5), എല്‍ഡിഎഫ് - 12 (സിപിഎം - 11, സിപിഐ -1), ബിജെപി - 5, സ്വതന്ത്രന്‍മാര്‍ - 4 എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില. യുഡിഎഫ് അംഗങ്ങളുടെയും മൂന്ന് സ്വതന്ത്ര അംഗങ്ങളുടെയും പിന്തുണയോടെ 17 വോട്ട് നേടിയാണ് ജോര്‍ജ് പുല്ലാട്ട് ചെയര്‍മാന്‍ സ്ഥാനത്ത് എത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് പത്തും ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് അഞ്ച് വോട്ടും ലഭിച്ചു. രണ്ട് സിപിഎം അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. ചെയര്‍മാന്‍ സ്ഥാനത്തേക്ക് എല്‍ഡിഎഫ് - ബിജെപി പിന്തുണയോടെ മത്സരിക്കാന്‍ തയ്യാറായി രംഗത്ത് വന്ന സ്വതന്ത്ര അംഗം ബീനാ ഷാജിയും അവസാനനിമിഷം തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്നത്.


ഗ്രാമപഞ്ചായത്തായിരുന്ന ഏറ്റുമാനൂര്‍ നഗരസഭയായി നാല് വര്‍ഷം പിന്നിട്ടതിനിടെ നാലാമത് ചെയര്‍മാനാണ് ജോര്‍ജ് പുല്ലാട്ട്. ഗ്രാമപഞ്ചായത്തിന്‍റെ അവസാനപ്രസിഡന്‍റും ഇദ്ദേഹം തന്നെയായിരുന്നു. നഗരസഭയില്‍ ആദ്യ രണ്ട് വര്‍ഷം കോണ്‍ഗ്രസിലെ ജയിംസ് തോമസ് പ്ലാക്കിതൊട്ടില്‍ ആയിരുന്നു ചെയര്‍മാന്‍. പിന്നീട് സ്വതന്ത്രന്മാരായ ചാക്കോ ജോസഫും (ജോയി മന്നാമല) ജോയി ഊന്നുകല്ലേലും ആറ് മാസം വീതം കസേര പങ്കിട്ടു. മുന്‍ധാരണ അനുസരിച്ച് ഒരു വര്‍ഷമാണ് അഞ്ചാം ചെയര്‍മാന് ഉള്ളതെങ്കിലും ഏഴ് മാസം കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. ഒക്ടോബര്‍ 31ന് നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കും.


അടുത്ത വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ച് മൂന്നാം ദിവസമാണ് ജോര്‍ജ് പുല്ലാട്ടിന്‍റെ പടിയിറക്കം. ആകെ കുത്തഴിഞ്ഞ് കിടന്ന നഗരസഭാ ഭരണത്തില്‍ കാലാനുസൃതമായ ഒട്ടേറെ പരിഷ്കാരങ്ങള്‍ കൊണ്ടുവരാനായി വിമുക്തഭടന്‍ കൂടിയായ ജോര്‍ജിന്. ഭരണരംഗത്തെ നേട്ടങ്ങളാണ് ഏറെ എടുത്തുപറയേണ്ടത്. ജീവനക്കാര്‍ തൊഴിലില്‍ സമയനിഷ്ഠ പാലിക്കുന്നത് നിര്‍ബന്ധമാക്കി. അഞ്ച് മണിക്ക് ശേഷം മദ്യപാനം വരെ അരങ്ങേറിയിരുന്ന നഗരസഭാ ഓഫീസില്‍ അത്തരം അഴിഞ്ഞാട്ടങ്ങള്‍ക്ക് കടിഞ്ഞാണിട്ടു. നാല് വര്‍ഷമായി അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന പ്രൊക്യുര്‍ കമ്മറ്റി നിയമാനുസൃതം പുനസംഘടിപ്പിച്ചു. വിവിധ പദ്ധതിനടത്തിപ്പുമായി ബന്ധപ്പെട്ട് സാധനസാമഗ്രികള്‍ വാങ്ങുന്നതിലും നഗരസഭയുടെ സേവനങ്ങളിലും കര്‍ശനനിയന്ത്രണമേര്‍പ്പെടുത്തിയതോടൊപ്പം സുതാര്യവുമാക്കി. കൌണ്‍സില്‍ യോഗങ്ങള്‍ കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞാലും മിനിറ്റ്സ് പൂര്‍ത്തികാരിക്കാത്ത നടപടിക്കും കടിഞ്ഞാണിട്ടു. അധികാരമൊഴിയുന്നതിനു രണ്ട് ദിവസം ബാക്കി നില്‍ക്കെ നടത്തിയ കംഫര്‍ട്ട് സ്റ്റേഷന്‍റെ ഉദ്ഘാടനം ജനകീയമാക്കി. എല്ലാ കൌണ്‍സിലര്‍മാരുടെയും പേരുകള്‍ കൊത്തിയ ശിലാഫലകം അവിടെ സ്ഥാപിച്ചു.


ഇതുപോലെ നേട്ടങ്ങളുടെ പട്ടിക തുടരുന്നതോടൊപ്പം ഒട്ടേറെ വിവാദസംഭവങ്ങള്‍ക്കും ഇദ്ദേഹത്തിന്‍റെ കാലത്ത് ഏറ്റുമാനൂര്‍ സാക്ഷ്യം വഹിച്ചു. മള്‍ട്ടിപ്ല്ക്സ് തീയറ്റര്‍ ഉള്‍പ്പെട്ട നഗരത്തിലെ ഷോപ്പിംഗ് കോംപ്ലക്സിന്‍റെ നിര്‍മ്മാണം ആരംഭിച്ചത് തൊട്ടുമുമ്പിരുന്ന ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍ ആണ്. ജോര്‍ജ് പുല്ലാട്ട് അധികാരത്തിലെത്തിയ പിന്നാലെയാണ് ഈ പ്രവൃത്തിയുടെ കരാറില്‍ അപാകതകളുണ്ടെന്ന് ചൂണ്ടികാട്ടി നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന് എഞ്ചിനീയര്‍ കുറിയെഴുതിയത്. പിന്നാലെ തന്നെ ഈ എഞ്ചിനീയറെ സ്ഥലംമാറ്റിയെങ്കിലും കെട്ടിട നിർമ്മാണം നിലച്ചു.


ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം പ്രതിസന്ധിയിലെന്ന വിവരം പുറത്തു കൊണ്ടുവന്നത് കൈരളി വാർത്തയാണ്. അന്ന് അത് വ്യാജവാർത്തയെന്ന് ചെയർമാൻ പ്രസ്താവനയിറക്കി. മലയാളത്തിലെ പ്രമുഖപത്രവും വ്യാജവാർത്തയെന്ന് ചെയർമാൻ പറഞ്ഞത് അപ്പാടെ പ്രസിദ്ധീകരിച്ചു. കെട്ടിടനിർമ്മാണത്തിന്റെ പേരിൽ പരസ്യങ്ങളിലൂടെ വൻവരുമാനമുണ്ടാക്കിയ മാധ്യമങ്ങളും യഥാർത്ഥ വസ്തുതക്കെതിരെ കണ്ണടച്ചു. ഇതിനിടെ നിലച്ചുപോയ കെട്ടിടനിര്‍മ്മാണം പുനരാരംഭിക്കാന്‍ ജോർജ് പുല്ലാട്ടും സംഘവും മേല്‍തട്ട് വരെ പോയെങ്കിലും ഇതുവരെ നടപടികള്‍ ഒന്നും ആയില്ല. 


പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് നഗരസഭാ ചെയര്‍മാന്‍റെ വാഹനം പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ജോര്‍ജ് പുല്ലാട്ട് ദിവസങ്ങളോളം സൈക്കിളില്‍ സഞ്ചരിച്ചത് വലിയ വാര്‍ത്തയായിരുന്നു. നഗരസഭാ ആസ്തിരജിസ്റ്ററില്‍ ഇല്ലാത്ത സ്വകാര്യവഴിയിലൂടെ കുടിവെള്ളം എത്തിക്കുന്നതിനുള്ള പൈപ്പ് ഇട്ടതിനെതിരെ കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കാതെ നടപടികള്‍ എടുത്ത ചെയര്‍മാനെതിരെ പരിസരവാസികള്‍ രംഗത്തുവന്നിരുന്നു. കൌണ്‍സിലര്‍മാര്‍ സെക്രട്ടറിയെ കാബിനില്‍ തടഞ്ഞുവെച്ചതും പിന്നീട് സെക്രട്ടറിയ്ക്ക് സ്ഥലംമാറ്റം ലഭിച്ചതും ഇദ്ദേഹത്തിന്‍റെ കാലയളവിലാണ്. വനിതാവിശ്രമകേന്ദ്രത്തിന്‍റെ പേരില്‍ ക്രമക്കേട് ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് വിജിലന്‍സ് റെയ്ഡുമുണ്ടായി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K