20 March, 2020 10:13:13 PM


ബാറും ബിവറേജുമില്ല; ജനതാ കർഫ്യൂ ദിനത്തിൽ പൊതുഗതാഗവും സ്തംഭിക്കും



തിരുവനന്തപുരം: കോവിഡ് 19 പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ ദിനമായ ഞായറാഴ്ച സംസ്ഥാനത്തെ ബാറുകളും ബിവറേജുകളും അടച്ചിടും.  അന്ന് സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങളും നിർത്തിവയ്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത 'ജനതാ കർഫ്യൂ'വിന് പൂർണ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. കൊവിഡ് 19 ന്റെ സാഹചര്യം കേന്ദ്ര സർക്കാർ ഗൗരവമായി എടുത്തതിന് തെളിവാണ് പ്രധാനമന്ത്രി യുടെ വാക്കുകളെന്ന് മുഖ്യമന്ത്രി പറഞ്ഞു.


കേന്ദ്ര നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ പൂർണമായും അനുസരിക്കും. ജനതാ കര്‍ഫ്യൂവിനോട് സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കും. അന്നേദിവസം കെഎസ്ആര്‍ടി- മെട്രോ സര്‍വ്വീസുകള്‍ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ജനതാ കർഫ്യൂവിന് ആഹ്വാനം നൽകിയത്. എന്നാൽ തൊട്ടുപിന്നാലെ  പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
മന്ത്രി എം.എം മണി പോലും പ്രധാനമന്ത്രിയുടെ പ്രസംഗത്തെ പരിഹസിച്ചിരുന്നു. "മല എലിയെ പ്രസവിച്ചതു പോലെ" എന്നാണ് എംഎം മണി മോദിയുടെ പ്രസംഗത്തെ പരിഹസിച്ചത്. അതേസമയം പ്രധാനമന്ത്രിയുടെ പ്രസംഗം കോവിഡ് 19 സാഹചര്യത്തെ കേന്ദ്രം ഗൗരവത്തോടെ കാണുന്നു എന്നതിന്‍റെ തെളിവാണെന്നാണ് മുഖ്യമന്ത്രി ഇന്ന് പത്രസമ്മേളനത്തിൽ പറഞ്ഞത്. കർഫ്യൂവിന് പൂർണ സഹകരണം നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K