20 March, 2020 07:26:07 PM


വില്ലേജ് ഓഫീസുകളില്‍ പൊതുജനങ്ങള്‍ എത്തുന്നത് ഒഴിവാക്കണം; മുന്‍കരുതല്‍ വേണം



കോട്ടയം: വില്ലേജ് ഓഫീസുകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ നേരിട്ട് എത്തുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു അറിയിച്ചു. വില്ലേജ് ഓഫീസുകളില്‍ നിന്നുളള പ്രധാന  സേവനങ്ങളെല്ലാം ഓണ്‍ലൈനില്‍ ലഭ്യമാണ്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി.


കോവിഡ് - 19 ബാധ പ്രതിരോധിക്കുന്നതിനായി ജില്ലയിലെ തൊഴിലുറപ്പ് പ്രവൃത്തി സ്ഥലങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായ ജില്ലാ കളക്ടര്‍ അറിയിച്ചു. ജോലി തുടങ്ങുന്നതിനു മുന്‍പും ശേഷവും ഇടവേളകളിലും തൊഴിലാളികള്‍ സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകണം. വീട്ടില്‍ തിരികെ എത്തിയശേഷവും ഇതേ രീതിയില്‍ കൈകള്‍ ശുചീകരിക്കണം. തൊഴിലിടങ്ങളില്‍ സോപ്പും വെള്ളവും കരുതേണ്ടതാണ്. ഏതുതരം പ്രവൃത്തിയാണെങ്കിലും വൃത്തിയുള്ള കയ്യുറകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം.


വിയര്‍പ്പ് തുടയ്ക്കാന്‍ ഓരോരുത്തരും തോര്‍ത്ത് കരുതണം. ദിവസവും കഴുകി വൃത്തിയാക്കിയ തോര്‍ത്താണ് ഉപയോഗിക്കേണ്ടത്. പ്രവൃത്തിയില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ പരസ്പരം കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കണം. തൊഴില്‍ സ്ഥലത്തെ അനൗപചാരികമായ ഒത്തുകൂടല്‍ ഒഴിവാക്കണം. പനി,ചുമ, ശ്വാസതടസം എന്നിവയുള്ളവര്‍ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ വൈദ്യസഹായം തേടണം. കൊറോണ വൈറസ് ബാധയുള്ള വ്യക്തികളുമായി നേരിട്ടോ അല്ലാതെയോ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളവര്‍ തൊഴിലിടങ്ങളില്‍ പോകുന്നത് ഒഴിവാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. 


കൊവിഡ് 19 രോഗവ്യാപനം തടയുന്നതിനുളള അടിയന്തിര നടപടികളുടെ ഭാഗമായി കോട്ടയം ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ചിട്ടുള്ള നിരോധന ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കും. ദുരന്ത നിവാരണ നിയമം സെക്ഷന്‍ 51,  ഐ.പി.സി സെക്ഷന്‍ 269 എന്നിവ പ്രകാരം നടപടി സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ 50 ല്‍  കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന  യോഗങ്ങള്‍, ആഘോഷങ്ങള്‍, പരിപാടികള്‍, ഒത്തുചേരലുകള്‍ എന്നിവ  നിരോധിച്ച് വ്യാഴാഴ്ച്ച രാത്രിയാണ് ജില്ലാ കളക്ടര്‍ ഉത്തരവായത്.  


കോട്ടയം ജില്ലയിലെ വെള്ളിയാഴ്ച വരെയുള്ള സ്ഥിതിവിവരങ്ങള്‍


ജില്ലയില്‍ വെള്ളിയാഴ്ച ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍  - 0

ആശുപത്രി നിരീക്ഷണത്തില്‍നിന്ന് വെള്ളിയാഴ്ച ഒഴിവാക്കപ്പെട്ടവര്‍ -1

ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ (എല്ലാവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍) - 5

വെള്ളിയാഴ്ച ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ -  271

ഹോം ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ ആകെ - 1871

ജില്ലയില്‍ ഇതുവരെ പരിശോധിച്ച സാമ്പിളുകള്‍ -  157

പോസിറ്റീവ്  -  2

നെഗറ്റീവ്  - 116

ഫലം വരാനുള്ളവ - 36

നിരാകരിച്ചവ -  3

വെള്ളിയാഴ്ച ഫലം വന്ന സാമ്പിളുകള്‍ (ഇവയില്‍ എല്ലാം നെഗറ്റീവ്. ഇതില്‍ ആറു വിദേശ പൗരന്‍മാരുടെ സാമ്പിളുകളുമുണ്ട്) -  24

വെള്ളിയാഴ്ച പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ (ഇതില്‍ 16 വിദേശ പൗരന്‍മാരുടെ സാമ്പിളുകളുമുണ്ട്) - 24

രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ (ആകെ)  - 129

സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ (ആകെ)  - 461

റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും വെള്ളിയാഴ്ച പരിശോധനയ്ക്ക് വിധേയരായ യാത്രക്കാര്‍ -  2907

റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധനയ്ക്ക് വിധേയരായവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവര്‍ -  112

റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധനയ്ക്ക് വിധേയരായ ആകെ യാത്രക്കാര്‍ - 11623

കണ്‍ട്രോല്‍ റൂമില്‍ വെള്ളിയാഴ്ച വിളിച്ചവര്‍ - 143

കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ ആകെ - 1195

ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ വെള്ളിയാഴ്ച ബന്ധപ്പെട്ടവര്‍ - 26

ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ ആകെ -  125


ഹോം ക്വാറന്‍റയിന്‍ നിരീക്ഷണ സംഘങ്ങള്‍ വെള്ളിയാഴ്ച സന്ദര്‍ശിച്ച വീടുകള്‍ - 1030



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K