19 March, 2020 10:11:15 PM


'ബ്രേക്ക് ദ ചെയിൻ' ക്യാമ്പയിൻ ഏറ്റെടുത്ത് ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍



ഏറ്റുമാനൂര്‍: കോവിഡ് 19 നെ  പ്രതിരോധിക്കുവാൻ 'ബ്രേക്ക് ദ ചെയിൻ' ക്യാമ്പയിൻ ഏറ്റെടുത്ത് ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷനും. 'കൈ കഴുകൂ കൊറോണയ്‌ക്കെതിരെ സ്വയം പ്രതിരോധിക്കൂ' എന്ന സന്ദേശം പൊതുജനങ്ങളില്‍ എത്തിക്കുന്നതിന്‍റെ ഭാഗമായി എം.സി.റോഡില്‍ ശക്തിനഗര്‍ ബസ് സ്റ്റോപ്പില്‍ സ്ഥാപിച്ച ശുചീകരണ യൂണിറ്റിന്‍റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് നിര്‍വ്വഹിച്ചു.



കോവിഡ് 19 പ്രതിരോധത്തിന്‍റെ കാര്യത്തില്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയാര്‍ഹമാണെന്ന് ചെയര്‍മാന്‍ പറഞ്ഞു. 'ബ്രേക്ക് ദ ചെയിൻ' ക്യാമ്പയിന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചശേഷം ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ ആദ്യമായി കൈകഴുകുവാനുള്ള യൂണിറ്റ് സ്ഥാപിക്കുന്നത്  ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷനാണ്. കെഎസ്ആര്‍ടിസി - സ്വകാര്യ ബസ് സ്റ്റാന്‍റുകളില്‍ നഗരസഭ കൈകഴുകുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും അതിനുശേഷമാണ് 'ബ്രേക്ക് ദ ചെയിൻ' ക്യാമ്പയിന് സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടായത്. 



വാര്‍ഡ് കൌണ്‍സിലര്‍ ഉഷാ സുരേഷ്, റസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം.എസ് മോഹന്‍ദാസ്, ജനറല്‍ സെക്രട്ടറി ബി.സുനില്‍കുമാര്‍, വൈസ് പ്രസിഡന്‍റ് എം.എസ്.രാജു, ബി.അരുണ്‍കുമാര്‍, വി.എന്‍.പത്മനാഭ കൈമള്‍, ബിജു ജോസഫ്, അശോക് ആര്‍ നായര്‍, ടി.ജി.രാമചന്ദ്രന്‍ നായര്‍, ജി.ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി റസിഡന്‍റ്സ് അസോസിയേഷന്‍ പരിധിയില്‍ ഭിക്ഷാടനവും വീടുകള്‍ കയറിയിറങ്ങിയുള്ള കച്ചവടവും പിരിവുകളും നിരോധിച്ചിരുന്നു. ഇതിന്‍റെ ചുവട് പിടിച്ച് നഗരസഭാ പരിധിയിലാകെ ഭിക്ഷാടനം നിരോധിച്ചുകൊണ്ട് കഴിഞ്ഞ നഗരസഭാ കൌണ്‍സില്‍ തീരുമാനമെടുത്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K