19 March, 2020 08:12:49 PM


ജസ്റ്റിസ് ഗൊഗോയ് രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു; പ്രതിപക്ഷം ഇറങ്ങി പോയി



ദില്ലി: പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പുകള്‍ മറികടന്ന് ജസ്റ്റിസ് ഗൊഗോയ് രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷപാര്‍ട്ടികള്‍ സഭയില്‍നിന്ന് ഇറങ്ങി പോയി. രാജ്യസഭാ എം.പി.യാകുന്ന ആദ്യ മുൻചീഫ് ജസ്റ്റിസാണു ഗൊഗോയ്. ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്കെതിരായ ഏറ്റവും ഗുരുതരമായതും അഭൂതപൂർവവും മാപ്പർഹിക്കാത്തതുമായ ആക്രമണങ്ങളിലൊന്നാണിതെന്ന് ഗൊഗോയിയുടെ സ്ഥാനാരോഹണത്തെ കോൺഗ്രസ് വിശേഷിപ്പിച്ചു. വിരമിച്ച ശേഷം ജഡ്ജിമാർ പദവികൾ സ്വീകരിക്കുന്നത് രാജ്യത്തെ കോടതികളുടെ സ്വാതന്ത്ര്യത്തിനു കളങ്കമേൽപ്പിക്കുമെന്ന് മുൻപ് ജസ്റ്റീസ് ഗൊഗോ തന്നെ പറഞ്ഞിട്ടുണ്ട്. സ്വന്തം കാര്യം വന്നപ്പോൾ അതെല്ലാം താനേ വിഴുങ്ങിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.


ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിർദേശം ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അദ്ദേഹത്തിന്‍റെ സഹപ്രവർത്തകരായിരുന്ന മുൻ ജഡ്ജിമാരടക്കം വിമർശനമുന്നയിക്കുകയുമുണ്ടായി. ഇതിനിടെ ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിർദേശം ചെയ്തതു ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജിയും സമർപ്പിക്കുകയുണ്ടായി. ജസ്റ്റിസ് ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത നടപടി ജുഡീഷ്യറിയിൽ ജനങ്ങൾക്കുള്ള വിശ്വാസം തകർക്കുന്നതാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K