18 March, 2020 02:34:05 PM


ശ്രീചിത്രയിലെ ഡോക്ടറുടെ റൂട്ട് മാപ്പിലും അട്ടിമറി; വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന് ജില്ലാ ഭരണകൂടം



തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ റൂട്ട് മാപ്പിലും അട്ടിമറി. ആശുപത്രിയിൽ എത്തിയതും, യാത്ര വിവരങ്ങളും, മറച്ച് വച്ചാണ് റൂട്ട്മാപ്പ് തയ്യാറാക്കിയത്. ജില്ല ഭരണകൂടം പുറത്തിറക്കിയ ഡോക്ടറുടെ റൂട്ട് മാപ്പിൽ ആകെ സന്ദർശിച്ചത് ആറ് ഹോട്ടല്‍, ഒര് മാർജിൻ ഫ്രീഷോപ്പ് എന്നിവ മാത്രം. ആറ്, ഏഴ്, ഒൻപത് തീയതികളിൽ പുറത്തേയ്ക്ക് ഇറങ്ങിയതായ യാതൊരു വിവരവും ഇല്ല.


ഡോക്ടർ എങ്ങനെയാണ് സഞ്ചരിച്ചത്, ശ്രീചിത്രയിൽ എത്തിയോ, ഏതൊക്കെ വകുപ്പുകളിൽ ശ്രീചിത്രയിൽ ഇടപെട്ടു എന്നീ വിവരങ്ങൾ റൂട്ട് മാപ്പിൽ ഇല്ല. രണ്ടു ദിവസം ഒപിയില്‍ പോയപ്പോള്‍ എത്ര രോഗികളെ പരിശോധിച്ചു, ആരൊക്കെയായി ഇടപെട്ടു തുടങ്ങിയ വിവരങ്ങളും ഇല്ല. കോവിഡ് സ്ഥിരീകരിച്ച മറ്റുള്ളവരുടെ എല്ലാം വിശദമായ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചപ്പോഴാണ് ഡോക്ടറുടെ സഞ്ചാരപാത അപൂര്‍ണമായി പുറത്തിറക്കിയത്. ശ്രീചിത്രയില്‍ നിന്ന് കൃത്യമായ വിവരം ലഭിക്കുന്നില്ലെന്നാണ് ജില്ല ഭരണകൂടത്തിന്റെ അനൗദ്യോഗിക വിശദീകരണം.


ശ്രീചിത്രയിൽ നിന്ന് വിവരങ്ങൾ നേരിട്ട് എത്തി ശേഖരിക്കാൻ മൂന്ന് ജീവനക്കാരെ ചുമതലപ്പെടുത്തി. ഇവരുടെ വിവരങ്ങൾ ശേഖരിച്ച ശേഷം ഉടൻ പുതിയ റൂട്ട് മാപ്പ് തയ്യാറാക്കുമെന്നാണ് ജില്ലഭരണകൂടത്തിന്റെ വിശദീകരണം. അതിനിടെ ശ്രീചിത്രയിൽ പുതിയ രോഗികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് കാണിച്ച് മാനേജ്മെന്റ് പുതിയ ആഭ്യന്തര സർക്കുലർ പുറത്തിറക്കി. ജീവനക്കാർക്കുള്ള സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K