17 March, 2020 07:51:37 PM


മാലിന്യം: ദേവസ്വവും നഗരസഭയും പോര് തുടരുന്നു; പിഴ അടച്ചില്ലെങ്കില്‍ 'അറ്റാച്ച്' ചെയ്യുമെന്ന് നഗരസഭ



ഏറ്റുമാനൂര്‍: പൊതുസ്ഥലത്ത് മാലിന്യം തള്ളിയ നടപടയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം അധികൃതരും നഗരസഭയും തമ്മില്‍ പോര് തുടരുന്നു. ക്ഷേത്രോത്സത്തോടനുബന്ധിച്ച് ദേവസ്വം ലേലം ചെയ്തു നല്‍കിയ കടകളില്‍ നിന്നുള്ള മാലിന്യം ടെമ്പിള്‍ റോഡരികില്‍ കൂട്ടിയിട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ക്ഷേത്രമൈതാനത്ത് കൂട്ടികിടന്ന മാലിന്യങ്ങള്‍ക്കു പുറമെയാണിത്. പൊതുസ്ഥലത്ത് കൂട്ടിയിട്ട പ്ലാസ്റ്റികും ഭക്ഷ്യാവശിഷ്ടങ്ങളും ഉള്‍പ്പെടെയുള്ള മാലിന്യം ദുര്‍ഗന്ധം വമിക്കുന്നതിനും മഴയത്ത് നിരത്തില്‍ പരന്നൊഴുകാനും തുടങ്ങിയതോടെ എതിര്‍പ്പുമായി ഭക്തജനങ്ങളും പരിസരവാസികളും രംഗത്തെത്തി. പക്ഷെ ക്ഷേത്രം അധികൃതര്‍ അനങ്ങിയില്ല.


അവസാനം ഏറ്റുമാനൂര്‍ നഗരസഭ മാലിന്യം നീക്കാന്‍ തയ്യാറാവുകയായിരുന്നു. അതിനുള്ള ചെലവും പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിനുള്ള പിഴയും ചേര്‍ത്ത് 15000 രൂപ അടയ്ക്കാനാവശ്യപ്പെട്ട് നഗരസഭ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് നോട്ടീസും നല്‍കി. എന്നാല്‍ തുക അടയ്ക്കാന്‍ ദേവസ്വം അധികൃതര്‍ തയ്യാറായില്ല. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ ഭാഗത്തുനിന്നുള്ള വീഴ്ചയായതിനാല്‍ ദേവസ്വം ഫണ്ടില്‍ നിന്ന് പിഴ അടയ്ക്കാനാവില്ലെന്നാണ് ഒരു ഉയര്‍ന്ന ദേവസ്വം ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

 
ഇതോടെ ഉത്സവത്തിന് കച്ചവടം നടത്തിയ കടക്കാര്‍ക്ക് നോട്ടീസ് നല്‍കുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പറഞ്ഞതായി ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മൈതാനത്തും ടെമ്പിള്‍ റോഡിലും കച്ചവടം നടത്തിയവര്‍ക്ക് ദേവസ്വവുമായി നേരിട്ട് ഇടപാടുകള്‍ ഇല്ലായിരുന്നു എന്നതും പ്രശ്‌നമായി. ചില വ്യക്തികള്‍ ലേലം കൈകൊണ്ട് ചെറുകിടകച്ചവടക്കാര്‍ക്ക് കടകള്‍ കെട്ടാനുള്ള സ്ഥലം വാടകയ്ക്ക്  മറിച്ച് നല്‍കുകയായിരുന്നു. ഇവരാകട്ടെ ഉത്സവം കഴിഞ്ഞ് പൊടിതട്ടിപോകുകയും ചെയ്തു. ഇതിനിടെ ഉത്സവത്തിന്‍റെ ബാക്കിപത്രമായി വരുന്ന മാലിന്യം നീക്കേണ്ടത് നഗരസഭയാണെന്നും ഹൈക്കോടതി വിധി ഉണ്ടെന്നും പറഞ്ഞ് ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി രംഗത്തെത്തി. എന്നാല്‍ അത്തരമൊരു വിധിയെകുറിച്ച് തങ്ങള്‍ക്കറിവില്ലെന്നും ഉണ്ടെങ്കില്‍ കാണിക്കട്ടെ എന്നും നഗരസഭാ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് പറഞ്ഞു.


ദേവസ്വം ലേലം ചെയ്തു നല്‍കിയ കടകളില്‍ നിന്നുണ്ടാകുന്ന മാലിന്യം നീക്കേണ്ടത് ക്ഷേത്രം അധികൃതരുടെ പൂര്‍ണ്ണഉത്തരവാദിത്തമാണെന്ന് നഗരസഭാ ആരോഗ്യകാര്യസ്ഥിരംസമിതി  അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് പറഞ്ഞു. "ക്ഷേത്രം ലേലം ചെയ്ത് നല്‍കിയ ഒരു വ്യാപാരസ്ഥാപനങ്ങളും നഗരസഭയില്‍ നികുതി അടയ്ക്കുകയോ താത്ക്കാലിക ലൈസന്‍സ് എടുക്കുകയോ ചെയ്തിട്ടില്ല. വസ്തുതകള്‍ മനസിലാക്കാതെ നഗരസഭ നികുതി പിരിച്ചതായും മറ്റും വ്യാജവാര്‍ത്തകള്‍ പ്രമുഖപത്രത്തില്‍ പ്രസിദ്ധീകരിച്ചത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ്. കടകള്‍ കെട്ടി കച്ചവടം ചെയ്ത സ്ഥലം തങ്ങളുടെ സ്വകാര്യസ്വത്താണെന്ന് ദേവസ്വം അധികൃതര്‍ അവകാശപ്പെടുകയും ചെയ്യുന്നു. ഈ അവകാശവാദം ഹൈക്കോടതിയില്‍ ഉന്നയിച്ചാണ് നഗരത്തില്‍ പോലീസ് ഏര്‍പ്പെടുത്തിയ ഗതാഗതപരിഷ്കാരം പോലും ഇവര്‍ അട്ടിമറിച്ചത്. സ്വകാര്യ ഭൂമിയിലെ മാലിന്യം നീക്കേണ്ടത് നഗരസഭയുടെ കടമയല്ല. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ മാലിന്യം പൊതുസ്ഥലത്ത് കൊണ്ടുവന്നിട്ട ദേവസ്വം നടപടിയ്‌ക്കെതിരെയാണ് നഗരസഭ പിഴ ചുമത്തിയിരിക്കുന്നത്." - മോഹന്‍ദാസ് പറഞ്ഞു.


നാടെങ്ങും കൊറോണാ ഭീതി പരക്കവെ ടെമ്പിള്‍ റോഡരികിലെ ഈ മാലിന്യകൂമ്പാരം നീക്കാന്‍ നഗരസഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഹരിതകര്‍മ്മസേന അംഗങ്ങളെ ഉപയോഗിച്ച് പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും വേര്‍തിരിച്ചാണ് മാറ്റുക. നഗരസഭ മാലിന്യം നീക്കിയാലും പിഴയടയ്ക്കാന്‍ ക്ഷേത്രം അധികൃതര്‍ തയ്യാറാവുന്നില്ലങ്കില്‍ ദേവസ്വം കെട്ടിടങ്ങളുടെ നികുതിയോട് തുക 'അറ്റാച്ച്' ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നും ആരോഗ്യകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് കൈരളി വാര്‍ത്തയോട് പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K