17 March, 2020 05:07:54 PM


കോട്ടയം കോടിമതയിൽ ടോറസ് ലോറി സ്‌കൂട്ടറില്‍ ഇടിച്ചു; വീട്ടമ്മ മരിച്ചു




കോട്ടയം: കോടിമത നാലുവരിപ്പാതയില്‍ ടോറസ് ലോറി സ്‌കൂട്ടറിനു പിന്നില്‍ തട്ടി മകനൊപ്പം യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയ്ക്കു ദാരുണാന്ത്യം. റോഡില്‍ തലയിടിച്ചു വീണ പള്ളം കുമരകത്തു വീട്ടില്‍ സാലമ്മ(50) തത്ക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന മകന്‍ ജോമോനെ നിസാര പരിക്കുകളോടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെ നാലുവരിപ്പാതയില്‍ മണിപ്പുഴ ജംഗ്ഷനിലായിരുന്നു അപകടം.


പള്ളിയിലേയ്ക്കു പോകുന്നതായി വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു ഇരുവരും. പന്നിമറ്റത്തെ വീട്ടില്‍ നിന്നും മണിപ്പുഴ ജംഗ്ഷനില്‍ എത്തിയപ്പോള്‍, പിന്നാലെ എത്തിയ ടോറസ് ലോറി, ഇവരുടെ സ്‌കൂട്ടറിന്റെ പിന്നില്‍ തട്ടുകയായിരുന്നു. നിയന്ത്രണം നഷ്ടമായ സ്‌കൂട്ടര്‍ റോഡിന്റെ ഒരു വശത്തേയ്ക്കു മറിഞ്ഞു. സാലമ്മ റോഡില്‍ തലയിടിച്ചു വീണു. ഇവര്‍ റോഡില്‍ വീണു കിടക്കുന്നത് കണ്ട് ഓടിയെത്തിയ ഓട്ടോ ഡ്രൈവര്‍മാരാണ് രണ്ടു പേരെയും ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും സാലമ്മ മരിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K