16 March, 2020 08:51:12 AM


കൊറോണക്കിടെ ബിഗ് ബോസ് മത്സരാര്‍ഥിക്ക് വിമാനത്താവളത്തില്‍ സ്വീകരണം; 79 പേര്‍ക്കെതിരേ കേസ്




കൊച്ചി: കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ കനത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയ കൊച്ചി വിമാനത്താവളത്തില്‍ ബിഗ് ബോസ് മത്സരാര്‍ഥി ഡോ.രജിതിന് ആരാധകര്‍ ഒത്തുകൂടി സ്വീകരണം ഒരുക്കിയ സംഭവത്തില്‍ പോലീസ്‌ കേസ് എടുത്തു. പേരറിയാവുന്ന നാല്‌ പേര്‍ക്കെതിരേയും കണ്ടാലറിയാവുന്ന 75 പേര്‍ക്കെതിരെയും  നിയമലംഘനത്തിന് കേസ് എടുത്തതായി എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു.

കൊറോണ പടരുന്ന സാഹചര്യത്തില്‍ ലോകം മുഴുവന്‍ ജാഗ്രതയില്‍ തുടരുമ്പോള്‍ ഒരു ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും ചേര്‍ന്ന് വിമാനത്താവള പരിസരത്ത് ഞായറാവ്ച രാത്രി നടത്തിയ പ്രകടനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണ്. മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങള്‍ പോലും കൂടുതല്‍ ജനങ്ങള്‍ ഒത്തുചേര്‍ന്ന ചടങ്ങുകളെല്ലാം ഉപേക്ഷിച്ചു ജനങ്ങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോള്‍ ഇങ്ങനെയുള്ള നിയമലംഘനങ്ങള്‍ക്ക് മുന്‍പില്‍ കണ്ണടക്കാന്‍ നിയമപാലകര്‍ക്കു കഴിയില്ലെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. 

മനുഷ്യ ജീവനെക്കാളും വില താരാരാധനക്ക്  കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല. ഇങ്ങനെ ചില ആളുകള്‍ നടത്തുന്ന കാര്യങ്ങള്‍ കേരള സമൂഹത്തിന് ലോകത്തിന്റെ മുന്‍പില്‍ അവമതിപ്പുണ്ടാക്കുമെന്നും ജില്ലാ കളക്ടര്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. 


ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം 

''കേസ് എടുത്തു !


കോവിഡ് 19 പശ്ചാത്തലത്തില്‍ ലോകം മുഴുവന്‍ ജാഗ്രതയില്‍ നില്‍കുമ്പോള്‍ ഒരു TV ഷോയിലെ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും ചേര്‍ന്ന് കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണ്. ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങള്‍ പോലും എല്ലാ വിധ സംഗം ചേര്‍ന്ന പ്രവര്‍ത്തനങ്ങളും ഉപേക്ഷിച്ചു ജനങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോള്‍ ഇങ്ങനെയുള്ള നിയമലംഘനങ്ങള്‍ക്കു മുന്‍പില്‍ കണ്ണടക്കാന്‍ നിയമപാലകര്‍ക്കു കഴിയില്ല. പേരറിയാവുന്ന 4 പേരും , കണ്ടാലറിയാവുന്ന മറ്റു 75 പേര്‍ക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തു .
മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല , ഇങ്ങനെ ചില ആളുകള്‍ നടത്തുന്ന കാര്യങ്ങള്‍ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുന്‍പില്‍ അവമതിപ്പുണ്ടാക്കാന്‍ കാരണമാകും''



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K