15 March, 2020 12:56:54 PM


ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച വിദേശിയ്ക്ക് കൊറോണ; യാത്രക്കാരെ വിമാനത്തില്‍ നിന്ന് തിരിച്ചിറക്കി

സംഘം കേരളത്തില്‍ കറങ്ങിയത് ഒരാഴ്ചയോളം



കൊച്ചി: കൊറോണ ബാധിതനായിരിക്കെ കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് പോകാന്‍ ശ്രമിച്ച ബ്രിട്ടീഷ് സ്വദേശിയെയും ഭാര്യയേയും കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. നെടുമ്പാശ്ശേരിയില്‍ വച്ചാണ്‌ ഇയാള്‍ കൊറോണ ബാധിതനാണെന്ന വിവരം വ്യക്തമായത്. തുടര്‍ന്ന് വിദേശ സഞ്ചാരികളുടെ സംഘത്തെ വിമാനത്തില്‍ നിന്ന് തിരിച്ചിറക്കുകയായിരുന്നു. അധികൃതരെ അറിയിക്കാതെ സംഘത്തോടൊപ്പം ഇയാള്‍ ദുബായിലേക്ക് യാത്ര ചെയ്യാന്‍ തയ്യാറാവുകയായിരുന്നു.


മൂന്നാറില്‍ അവധി ആഘോഷിക്കാന്‍ എത്തിയ 19 അംഗ സംഘത്തിലെ അംഗമായിരുന്നു ഇയാള്‍. ഇയാളുടെ പരിശോധനാഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞതോടെ അധികൃതര്‍ ഇയാള്‍ വിമാനത്തില്‍ ഉണ്ടെന്ന് മനസിലാക്കി നടപടിയെടുക്കുകയായിരുന്നു. ഇതോടെ ഇയാള്‍ ഉള്‍പ്പെടെ വിമാനത്തില്‍ ഉണ്ടായിരുന്ന 270 യാത്രക്കാരെയും പുറത്തെത്തിച്ചു. വിമാനത്താവളം അടച്ചിടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.


യാത്രക്കാരെ മുഴുവന്‍ ആശുപത്രിയിലേക്ക് മാറ്റി. പത്തൊന്‍പത് അംഗ സംഘത്തിനോടൊപ്പമാണ് രോഗബാധിതന്‍ വിമാനത്താവളത്തില്‍ എത്തുന്നത്. മൂന്നാറില്‍ എത്തിയ വിദേശികളുടെ പൂര്‍ണമായ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. ഇന്നലെയാണ് ഇയാള്‍ ഹോട്ടലില്‍ നിന്നും കടന്നുകളഞ്ഞത്. മൂന്നാറിലെ കെ റ്റി ഡി സി ഹോട്ടലിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇയാള്‍ കടന്നു കളഞ്ഞത് തന്നെയെന്ന് ദേവികുളം സബ്കളക്ടര്‍ വ്യക്തമാക്കി. അനുമതി എടുക്കാതെയാണ് ഹോട്ടലില്‍ നിന്നും പോയത്. സ്വകാര്യ ട്രാവല്‍ ഏജന്റിന്‍റെ വാഹനത്തിലാണ് ഇയാള്‍ വിമാനത്താവളത്തില്‍ എത്തിയതെന്നും ദേവികുളം സബ് കളക്ടര്‍ വ്യക്തമാക്കി.


ഈ മാസം ഏഴാം തീയതിയാണ് വിദേശ സഞ്ചാരി സംഘം മൂന്നാറിലെത്തിയത്. ഇവര്‍ മാര്‍ച്ച് 6,7 തീയതികളില്‍ ഐലന്‍ഡിലെ കാസിനോ ഹോട്ടലില്‍ താമസിച്ചു. പിന്നീട് അതിരപ്പള്ളി സന്ദര്‍ശിക്കുകയും അതിരപ്പള്ളി റെസിഡന്‍സിയില്‍ നിന്നും പ്രഭാത ഭക്ഷണം കഴിക്കുകയും ചെയ്തു. അതിനുശേഷം ആണ് സംഘം മൂന്നാറില്‍ എത്തിയത്. അവിടെ എത്തുമ്പോള്‍ തന്നെ കൊറോണ സ്ഥിരീകരിച്ചയാള്‍ക്ക് പനി ഉണ്ടായിരുന്നു. സംഘം ഇതിനകം ഒട്ടേറെ സ്ഥലങ്ങള്‍ മുന്നാറില്‍ സന്ദര്‍ശിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 


രോഗലക്ഷണങ്ങളെ തുടര്‍ന്ന് പത്താംതീയതി മുതല്‍ ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആദ്യഘട്ടത്തില്‍ ഇയാളുടെ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ അടുത്ത ഫലം കൂടി ലഭിച്ചതിന് ശേഷം മാത്രമേ ഇവിടം വിടാവൂ എന്ന കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം അവഗണിച്ചായിരുന്നു ഇവര്‍ ദുബായിലേക്ക് യാത്രക്കൊരുങ്ങിയത്. 


ഇവര്‍ മൂന്നാറില്‍ അവധിക്കാലം ചെലവഴിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടിവരും. ഇയാളോടൊപ്പമുണ്ടായിരുന്ന ബാക്കി സംഘാംഗങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണ്. സുരക്ഷാ പരിശോധനയിലേര്‍പ്പെട്ട വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍, താമസിച്ച റിസോര്‍ട്ട്, മറ്റ് സഞ്ചാരപാതകളെല്ലാം കണ്ടെത്തി വിവര ശേഖരണം നടത്തേണ്ടിവരും



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K