15 March, 2020 12:35:01 AM


നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയ ഹരിയാന സ്വദേശി തമ്പാനൂരിലെ ഹോട്ടലില്‍ പിടിയില്‍



തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ചാടിപ്പോയ ഹരിയാന സ്വദേശിയെ തമ്പാനൂരിലെ ഹോട്ടലില്‍ നിന്ന് പിടികൂടി. ജര്‍മ്മനിയില്‍ നിന്ന് വന്ന ഇയാളെ ശനിയാഴ്ച ഉച്ചയ്ക്കാണ് നിരീക്ഷണത്തിലാക്കിയത്. കന്യാകുമാരിക്ക് പോകുന്നതിനാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയതെന്നാണ് വിവരം. ഇയാളുടെ സഹോദരനും ഒപ്പമുണ്ടായിരുന്നു.


രോഗലക്ഷണം പ്രകടിപ്പിച്ചതോടെ ശനിയാഴ്ച ഉച്ചയോടെ ഇയാളെയും സഹോദരനെയും തിരുവനന്തപുരം മെഡിക്കല്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് ഇയാള്‍ കടന്നുകളഞ്ഞു. ഇയാളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തമ്പാനൂരില്‍ നിന്ന് കണ്ടെത്തിയത്.


വെള്ളിയാഴ്ച ആലപ്പുഴയിലും സമാന സംഭവം നടന്നിരുന്നു. കോവിഡ് നിരീക്ഷണത്തിലിരിക്കെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നാണ് യു.കെ ദമ്പതികള്‍ ചാടിപ്പോയത്. പിന്നീട് ഇവരെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കണ്ടെത്തി. ഇവര്‍ ഇപ്പോള്‍ ആലുവ ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K