14 March, 2020 08:06:32 PM


കൊറോണ: സംസ്ഥാനത്ത് ഇന്ന് പുതിയ പോസിറ്റീവ് കേസുകളില്ല; ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ പോസിറ്റീവ് കേസുകളില്ല. ഇന്ന് പരിശോധനാ ഫലം പുറത്തുവന്ന 1345 സാമ്പികളുകള്‍ നെഗറ്റീവ് ആയതായി ഉന്നതതല യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നിയന്ത്രണങ്ങള്‍ ഫലപ്രദമായി, എന്നാല്‍ ലോകത്താകെ ഭീഷണി വ്യാപിക്കുന്നു. ഈ സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇന്ന് എല്ലാ ജില്ലകളിലും അവലോകന യോഗം നടന്നു. തദ്ദേശ സ്ഥാപന പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. തുടര്‍ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


വൈറസ് ബാധ പടരാതിരിക്കാന്‍ എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്നീ കാര്യങ്ങളില്‍ എല്ലാവര്‍ക്കും ബോധ്യം ഉണ്ടാകണം. നിരീക്ഷണത്തിലുള്ളവര്‍ വീടുകളില്‍ കഴിയുന്നു. അവര്‍ എന്തൊക്കെ പാലിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ അവരുടെ കൈവശം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് 7677 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 7375 പേര്‍ വീട്ടിലും 302 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ആളുകള്‍ നിരീക്ഷണത്തില്‍ കഴിയുന്ന വീടുകളുമായി എല്ലാ ദിവസവും ബന്ധപ്പെടാന്‍ തീരുമാനിച്ചു. ചിലര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല. ഇക്കാര്യത്തില്‍ പരിശോധന നടത്തുന്നതിനാണ് വീടുകള്‍ സന്ദര്‍ശിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ ഭക്ഷണത്തിന് ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അത് അടക്കം സര്‍ക്കാര്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


വിമാനത്താവളങ്ങളിലെ പരിശോധനയ്ക്ക് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയമിക്കാന്‍ തീരുമാനിച്ചു. ആവശ്യമുള്ളത്ര ആരോഗ്യ പ്രവര്‍ത്തകരെയും വിന്യസിക്കും. പരിശോധനയ്ക്കുള്ള നീണ്ട ക്യൂവും മറ്റും ഒഴിവാക്കുന്നതിനാണ് പോലീസിന്റെ സേവനം ലഭ്യമാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതിര്‍ത്തി കടന്ന് വരുന്ന ട്രെയിനുകളില്‍ പരിശോധന നടത്താനും തീരുമാനിച്ചു. സംസ്ഥാനം കടന്നു വരുന്ന ട്രെയിനിലെ യാത്രക്കാരെ കേരളത്തില്‍ പ്രവേശിക്കുന്ന ആദ്യ സ്‌റ്റോപ്പില്‍ വച്ച് തന്നെ പരിശോധിക്കും. രണ്ട് ബോഗിക്ക് ഒരു ടീം എന്ന കണക്കിലാകും പരിശോധനാ സംഘത്തെ നിയോഗിക്കുക. റെയില്‍വേയുമായി സഹകരിച്ചാകും ഈ പ്രവര്‍ത്തനം നടത്തുക. ഇതിനായി റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെിയുനുകള്‍ക്കുള്ളിലും അനൗണ്‍സ്‌മെന്റ് നടത്തും.


റോഡ് മാര്‍ഗം യാത്ര ചെയ്യുന്ന എല്ലാ വാഹനങ്ങളും നിര്‍ത്തി ആളുകളെ പരിശോധിക്കാനും തീരുമാനിച്ചു. ഇതിനായി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ടീം രൂപീകരിച്ചു. ഇത്തരം പരിശോധനകള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിലും സാഹചര്യം മനസിലാക്കി ആളുകള്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സ്വകാര്യ ആശുപത്രികളിലും ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തും. അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. നാളെ അവരുടെ ലേബര്‍ ക്യാമ്പുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കും. അവരുടെ ഭാഷയില്‍ വിവരങ്ങള്‍ കൈമാറാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടും ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പാര്‍ക്ക്, ബീച്ച് തുടങ്ങിയ സ്ഥലങ്ങളിലും ആള്‍ക്കൂട്ടം ഒഴിവാക്കണം. ഉത്സവങ്ങളും ആരാധനകളും ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ചിലരെങ്കിലും ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ സഹകരിക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കോവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നതില്‍ മാധ്യമങ്ങള്‍ അഭിനന്ദനാര്‍മായ പ്രവര്‍ത്തനം കാഴ്ചവച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ ആരോഗ്യ പരിഗണിച്ച് ആശുപത്രികള്‍ക്ക് സമീപം വന്നുള്ള റിപ്പോര്‍ട്ടിംഗ് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. രോഗികളുടെ അടുത്ത ബന്ധുക്കളുമായി അടുത്തിടപഴകുമ്പോഴും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K