11 March, 2020 01:20:14 PM


റാന്നി കുടുംബത്തിനെതിരെ ആരോഗ്യമന്ത്രി; ഇപ്പോൾ നടപടിക്കു പോകുന്നില്ലെന്നും മന്ത്രി

കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: കൊറോണാ വൈറസ് ബാധിതരായ റാന്നിയിലെ മൂന്നംഗ കുടുംബത്തിനെതിരെ ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ. വിമാനത്താവളത്തിലെ പരിശോധനയിൽ നിന്ന് സൂത്രത്തിൽ ഒഴിവായ ഇറ്റലിയില്‍ നിന്ന് എത്തിയ ഈ കുടുംബത്തിനെതിരേ ഇപ്പോൾ നടപടിക്കു പോകുന്നില്ലെന്നും ഷൈലജ ടീച്ചർ വ്യക്തമാക്കി. നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് കുടുംബത്തിനെതിരെ ആരോഗ്യമന്ത്രി പരാമർശം നടത്തിയത്.


പരിശോധന ഇല്ലാത്തതു കൊണ്ടല്ല, പരിശോധനയിൽ നിന്ന് അവർ സൂത്രത്തിൽ ഒഴിവായതാണ്. വിമാനത്തിലും അറിയിപ്പുണ്ടായിരുന്നു. സഹയാത്രികൻ ഇത് സാക്ഷ്യപ്പെടുത്തുന്നു. വീട്ടിൽ എത്തിയ ശേഷവും ആ കുടുംബം നിരവധി സ്ഥലങ്ങളിൽ പോയി. സർക്കാർ ആശുപത്രിയിലും റാന്നിയിലെ കുടുംബം കള്ളം പറഞ്ഞു. ആംബുലൻസിൽ കയറാൻ തയ്യാറായില്ല. കാറിലാണ് പോയത്. ഇത്തരം കാര്യങ്ങളിലെങ്കിലും ദോഷൈക ദൃക്കാകരുതെന്ന് പ്രതിപക്ഷത്തോട് മന്ത്രി ആവശ്യപ്പെട്ടു. നാട് ഇത് കാണുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.


കോവിഡ് 19 വൈറസ് ബാധയിൽ മരണങ്ങൾ ഒഴിവാക്കാൻ സംസ്ഥാനം അതിസാഹസികമായി ശ്രമിക്കുന്നുവെന്നും ആരോഗ്യമന്ത്രി കെ കെ ഷൈലജ വ്യക്തമാക്കി. മരണം ഉണ്ടാകില്ലെന്നു ഉറപ്പു പറയാൻ കഴിയില്ല. പോരായ്മകൾ ചൂണ്ടിക്കാട്ടിയാൽ തിരുത്തും. കോവിഡ് ആശങ്കയുള്ള രാജ്യങ്ങളിലെ ഇന്ത്യൻ പൗരന്മാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര നടപടിക്കെതിരെ നിയമസഭ പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K