09 March, 2020 11:07:40 PM


ഇറ്റലിയില്‍ നിന്നെത്തിയവരുമായി ഇടപഴകിയ 270 പേരെ തിരിച്ചറിഞ്ഞു; 733 പേര്‍ നിരീക്ഷണത്തില്‍



പത്തനംതിട്ട: കോവിഡ് 19 രോഗം സ്ഥിരീകരിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഇറ്റലിയില്‍ നിന്നെത്തിയവര്‍ നേരിട്ട് ഇടപഴകിയ 270 തിരിച്ചറിഞ്ഞു. ഇവരുമായി നേരിട്ട് സമ്പര്‍ക്കമില്ലെങ്കിലും നിരീക്ഷണത്തില്‍ കഴിയേണ്ട 449 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മൊത്തം 719 പേരാണ് ഇറ്റലിയില്‍ നിന്ന് എത്തിയവരുമായി നേരിട്ടോ അല്ലാതെയോ ഇടപഴകിയതിന്‍റെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തിലുള്ളത്.


പ്രത്യേക മെഡിക്കല്‍ സംഘം എട്ടു സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തലെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. 14 പേര്‍ മറ്റു തരത്തില്‍ നിരീക്ഷത്തിലുള്ളവരാണ്. മൊത്തം 733 പേരാണു ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. രോഗം സ്ഥിരീകരിച്ച ആദ്യദിനമായ മാര്‍ച്ച് എട്ടിന് നടത്തിയ അന്വേഷണത്തില്‍ നേരിട്ട് ഇടപഴകിയ 150 പേരെയും നേരിട്ടല്ലാത്ത 164 പേരെയും കണ്ടെത്തിയിരുന്നു.


പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 12 പേരും കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ നാലുപേരും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ രണ്ടുപേരും അടക്കം 18 പേരാണ് ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിരീക്ഷണത്തിലുള്ളത്. ഒമ്പതാം തിയതി തിങ്കളാഴ്ച പുതിയ പോസിറ്റീവ് കേസ് ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, പുതിയതായി 12 സാമ്പിളുകള്‍ തിങ്കളാഴ്ച പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ നിന്ന് ഒൻപത്, അടൂരില്‍ നിന്ന് രണ്ട്, കോഴഞ്ചേരിയില്‍ നിന്ന് ഒരു സാമ്പിള്‍ എന്നിങ്ങനെയാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.


ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് നാലുവരെ 15 സാമ്പികളുകള്‍ അയച്ചത് എല്ലാം നെഗറ്റീവ് ആയിരുന്നു. മാര്‍ച്ച് ആറു മുതല്‍ ഒൻപതു വരെ 30 സാമ്പിളുകള്‍ അയച്ചതില്‍ അഞ്ച് എണ്ണമാണ് പോസീറ്റിവായത്. ആറുപേരുടെ സാമ്പിള്‍ നെഗറ്റീവായിരുന്നു. ബാക്കി 19 പേരുടെ റിസള്‍ട്ട് ലഭിക്കാനുണ്ട്. പുതിയതായി 12 പേരുടെ സാമ്പിള്‍ അയച്ചതില്‍ അഞ്ച് എണ്ണം റിപീറ്റഡ് ആണ്.സര്‍ക്കാര്‍ മേഖലയില്‍ 30 ബെഡുകളും സ്വകാര്യ മേഖലയില്‍ 40 ബെഡുകളും രോഗികളെ ഐസൊലേറ്റ് ചെയ്യുന്നതിനായി സജ്ജീകരിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K