07 March, 2020 12:00:47 AM


ഇന്ത്യയും അമേരിക്കയും തമ്മിൽ നിയമ സംവിധാനത്തിൽ വളരെയേറെ സാമ്യം - യു എസ് ജഡ്ജി



കൊച്ചി: ഇന്ത്യയും അമേരിക്കയും തമ്മിൽ നിയമ സംവിധാനത്തിൽ വളരെയേറെ സാമ്യമുണ്ടെന്നും സ്വേച്ഛാധിപത്യമോ ഇഷ്ടാനിഷ്ടങ്ങളൊ അല്ല , ഭരണഘടനയെ ആസ്പദമാക്കി നീങ്ങാൻ ബോധപൂർവ്വമായ തീരുമാനം കൈക്കൊണ്ട  രാജ്യങ്ങളാണ് ഇവയെന്നും ന്യൂയോർക്ക് സുപ്രീം കോടതി ജഡ്ജി മാത്യു എഫ് കൂപ്പർ. ജനാധിപത്യ രാജ്യത്തിന് അനുസൃതമായ നിലയിൽ ഭരണഘടനയോടുള്ള ബഹുമാനം ആവർത്തിച്ചു ദൃഢീകരിച്ചുകൊണ്ടു മുന്നോട്ടുപോകണമെന്നും ജസ്റ്റിസ് കൂപ്പർ അഭിപ്രായപ്പെട്ടു.


നിയമവാഴ്ചയും നീതിയുടെ ലഭ്യതയും എന്ന വിഷയത്തിൽ കളമശ്ശേരി നുവാൽസും ഓ പി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയും സംയുക്തമായി നടത്തിയ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതി ജഡ്ജി ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായിരുന്നു. 


നാല് കാര്യങ്ങൾ ഉറപ്പാക്കിയാൽ നിയമ വാഴ്ച ഉറപ്പു വരുത്താമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രൊഫസർ സ്റ്റീഫൻ പി മാർക്സ് അഭിപ്രായപ്പെട്ടു. ഒന്ന് , ഒരു ഭരണഘടനയുണ്ടാവുക, രണ്ട്‌, അധികാരത്തിന്റെ വ്യക്തമായ വിഭജനം കടലാസിൽ അല്ല, പ്രവൃത്തിയിൽ വരണം, മൂന്ന് , രാഷ്ട്രീയത്തിനും അഴിമതിക്കും വിധേയമല്ലാത്ത പോലീസ് സംവിധാനം , അവസാനമായി നല്ലൊരു പ്രൊഫഷണൽ സിവിൽ സർവീസ്. ഇതെല്ലം ഇക്കാലത്തു വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നുവാൽസ് വൈസ് ചാൻസലർ ഡോ കെ സി സണ്ണി, ജിൻഡാൽ ഗ്ലോബൽ സ്കൂൾ വൈസ് ചാൻസലർ ഡോ രാജ്‌കുമാർ, ജിൻഡാൽ പ്രൊഫസർ മൈക്കിൾ സി ഡേവിസ് എന്നിവരും സംബന്ധിച്ചു. സമാപന യോഗത്തിൽ ജിൻഡാൽ ലോ സ്കൂൾ വൈസ് ഡീൻ ഡോ ശ്രീജിത് , നുവാൽസ് റെജിസ്ട്രർ എം ജി മഹാദേവ് എന്നിവർ പങ്കെടുത്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K