06 March, 2020 09:23:33 PM


ഏഷ്യനെറ്റ് ന്യൂസിന്‍റെയും മീഡിയ വണ്ണിന്‍റെയും സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞു



ദില്ലി: മലയാളം വാർത്ത ചാനലുകളായ ഏഷ്യനെറ്റ് ന്യൂസിന്‍റെയും മീഡിയ വണ്ണിന്‍റെയും സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞു. 48 മണിക്കൂറാണ് വിലക്ക്. ദില്ലി സംഘർഷം റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് കേന്ദ്ര വാർത്ത പ്രക്ഷേപണ മന്ത്രാലയം ഇരു ചാനലുകൾക്കും പൊടുന്നനെ വിലക്ക് ഏർപ്പെടുത്തിയത്. ഇന്ന് രാത്രി 7.30 മുതലാണ് ഇരു ചാനലുകളുടെയും സംപ്രേഷണം മുടങ്ങിയത്.


കലാപത്തിൽ കേന്ദ്രസർക്കാരും പൊലീസും കാണിക്കുന്ന അലസ മനോഭാവവും, സംഘപരിവാർ ബന്ധവുമെല്ലാം ഏഷ്യാനെറ്റ്‌ ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്‌തിരുന്നു. ഇതാണ്‌ സർക്കാരിനെ പ്രകോപിപ്പിച്ചത്‌. കലാപം റിപ്പോർട്ട്‌ ചെയ്‌തപ്പോൾ സന്തുലിതമായി കാര്യങ്ങൾ അവതരിപ്പിച്ചില്ല, ദില്ലി പൊലീസിനെയും ആർഎസ്‌എസിനെയും പ്രതിസ്ഥാനത്ത്‌ നിർത്തി തുടങ്ങിയ കാര്യങ്ങൾ പറഞ്ഞാണ്‌ വിലക്ക്‌. കലാപസമയത്ത്‌ പൊലീസ്‌ നിഷ്‌ക്രിയമായതും ആർഎസ്‌എസ്‌, സംഘ്‌പരിവാറുകാർ നടത്തിയ ആക്രമണങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തിരുന്നു. ഇതിന്‍റെ പേരിൽ മാധ്യമപ്രവർത്തകർക്കും സംഘ്‌പരിവാറുകാരിൽനിന്ന്‌ ഭീഷണിയുണ്ടായി.


ട്വിറ്ററിൽ ഏഷ്യാനെറ്റ്‌ ന്യൂസ്‌ റിപ്പോർട്ടർ പി ആർ സുനിലിന്റെ ചിത്രങ്ങൾവച്ചും ഉത്തരേന്ത്യൻ ഹാൻഡിലുകളിൽനിന്നും ഭീഷണിയുണ്ടായിരുന്നു. ഈ ചാനലുകൾ അപ്‌ലിങ്ക് ചെയ്യുന്ന സ്വകാര്യ ഏജൻസികളോടാണ് കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്താനായി ആവശ്യപ്പെട്ടത്. രണ്ട് ചാനലുകൾക്കും ഈ വിഷയത്തിൽ നേരത്തെ തന്നെ സർക്കാരിന്‍റെ നോട്ടീസ് ലഭിച്ചിരുന്നെന്നും അതിന് രണ്ടു കൂട്ടരും മറുപടി നൽകിയിരുന്നെന്നും വിവരമുണ്ട്. ഈ നോട്ടീസ് തള്ളിക്കളഞ്ഞ കേന്ദ്ര സർക്കാർ നിരോധനം നടപ്പാക്കാൻ പോകുകയാണെന്ന് രണ്ട് ചാനലുകളെയും ഇന്ന് വൈകീട്ട് അറിയിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K