01 March, 2020 10:17:47 PM


8 വർഷം, 33 മരണം; ചങ്ങനാശ്ശേരി പുതുജീവൻ മാനസികാരോഗ്യ കേന്ദ്രം പ്രതിക്കൂട്ടിൽ



ചങ്ങനാശേരി: തൃക്കൊടിത്താനം പുതുജീവൻ മാനസികാരോഗ്യ കേന്ദ്രത്തിൽ എട്ടു വർഷത്തിനിടെ മരിച്ചത് 33 പേർ. കോട്ടയം ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം സ്ഥാപനത്തിലെ ഔദ്യോഗിക രജിസ്റ്ററുകള്‍ ഉള്‍പ്പെടെ എഡിഎം അനിൽ ഉമ്മൻ നടത്തിയ പരിശോധനയിലാണ് കണക്കുകൾ പുറത്തുവന്നത്.  ആത്മഹത്യകളും നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. 2012 മുതലുള്ള കണക്കുകളാണ് എഡിഎം പരിശോധിച്ചത്. കഴിഞ്ഞ ആഴ്ച ഉണ്ടായ മരണങ്ങൾ ചേർത്താണ് കണക്ക് 33 ആയത്. 


മരണങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തും. മരണങ്ങൾ സംബന്ധിച്ച് മരണങ്ങളിൽ പ്രായാധിക്യം മൂലം സംഭവിച്ചതും ഉണ്ടെന്നാണ് കണക്ക്. ഇവയിൽ ഏതെങ്കിലും  മരണം സംബന്ധിച്ച് കേസ് നിലനിൽക്കുന്നുണ്ടോ എന്നതുള്‍പ്പെടെ കൂടുതൽ വിശദാംശങ്ങൾ ജില്ലാ ഭരണകൂടം പരിശോധിക്കും.  സ്ഥാപനത്തിന്‍റെ ലൈസൻസ് സംബന്ധിച്ചും പരിശോധന നടക്കുന്നുണ്ട്. പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 


ഇവിടെയുള്ള ആറ് അന്തേവാസികള്‍ തിരുവല്ലയിലെ മൂന്ന് ആശുപത്രിയിലായി ചികിത്സയില്‍ കഴിയുകയാണ്. മൂന്ന് ദിവസം മുന്‍പാണ് പുതുജീവന്‍ കേന്ദ്രത്തില്‍ നിന്ന് ഒൻപത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവല്ല മെഡിക്കല്‍ മിഷന്‍, തിരുവല്ല പുഷ്പഗിരി ആശുപത്രി, തിരുവല്ലയിലെ തന്നെ മറ്റൊരു ആശുപത്രിയിലുമായാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇവരിൽ രണ്ട് പേര്‍ കഴിഞ്ഞ ദിവസങ്ങളിലും ഒരാള്‍ ഇന്നലെ രാവിലെയും മരിച്ചു. അതിനിടെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഒരാളെ കൂടി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. 


വിവരമറിഞ്ഞ് പരിഭ്രാന്തരായ നാട്ടുകാര്‍ ഇതേക്കുറിച്ച് അന്വേഷിച്ചെങ്കിലും യാതൊരു റിപ്പോര്‍ട്ടും പുറത്തുവന്നില്ല.  അതേസമയം, സാംക്രമിക രോഗം ബാധിച്ചല്ല മൂന്ന് പേരും മരിച്ചതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വിശദമായ പരിശോധനവേണമെന്നും മരിച്ചവരുടെ സാമ്പിളുകള്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി. സംഭവം വാര്‍ത്തയായതിന് പിന്നാലെ മരണത്തില്‍ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K