27 February, 2020 09:40:05 PM


വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കാണാതായ കുട്ടിയ്ക്കായി തെരച്ചില്‍ തുടരുന്നു



കൊല്ലം: വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കെ കാണാതായ ആറുവയസുകാരിയ്ക്കായി തെരച്ചില്‍ തുടരുന്നു. നെടുമൺകാവ് ഇളവൂർ തടത്തിമുക്ക് ധനേഷ് ഭവനിൽ പ്രദീപിന്‍റെയും ധന്യയുടെയും മകൾ ദേവനന്ദയെയാണ് (ആറ്) കാണാതായത്.  വീടിനുള്ളിൽ ഉണ്ടായിരുന്ന കുട്ടിയെ രാവിലെ 10.30 ഓടെയാണ് കാണാതായത്. വീടിനടുത്തെ പള്ളിക്കൽ ആറിനു സമീപത്തെ വഴിയിലൂടെ ഒരു കിലോമീറ്ററോളം പോലീസ് നായ സഞ്ചരിച്ചുവെങ്കിലും തെളിവുകൾ ലഭിച്ചില്ല.


ആറുമാസം പ്രായമുള്ള ഇളയ കുഞ്ഞിനെ ഉറക്കി വീടിനു പിറകിൽ തുണി അലക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന മകളെ കാണാതായി എന്നാണ് ദേവനന്ദയുടെ അമ്മ ധന്യ പറയുന്നത്. തിരികെയെത്തിയപ്പോഴാണ് കുട്ടി വീട്ടിൽ ഇല്ലെന്ന കാര്യം മനസിലായത്. വീടിനടുത്ത് വാഹനങ്ങളുടെ ശബ്ദം കേട്ടിരുന്നില്ല. മകൾ പുറത്തോ റോഡിലോ കളിക്കുവാൻ പോകാറില്ലെന്നും ധന്യ പറഞ്ഞു. പള്ളിക്കൽ ആറിനു സമീപത്തെ വഴിയിലൂടെ ഒരു കിലോമീറ്ററോളം സഞ്ചരിച്ച പോലീസ് നായ ഇടയ്ക്ക് വിജനമായ പ്രദേശത്തെ കുറ്റിക്കാടിനടുത്തും നിന്നു. പോലീസ് നായ സഞ്ചരിച്ച വഴിയിലൂടെ പോയാൽ കുളത്തൂപ്പുഴ റോഡിലാണ് പ്രവേശിക്കുക.


കാണാതായ കുട്ടിയുടെ വീടിനു മുന്നിൽ നിന്ന് പിന്നിലേക്ക് ഓടിയ പോലീസ് നായ സമീപത്തെ ആളൊഴിഞ്ഞ വീടിന്‍റെ മതിൽ ചാടിക്കടന്നു. പ്രദേശത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ആരോ കുട്ടിയെ തട്ടിക്കൊണ്ടുപോയിയെന്ന സംശയം നാട്ടുകാർ ഉന്നയിക്കുന്നു. പള്ളിക്കലാറ്റിൽ ഫയർഫോഴ്സും തിരച്ചിൽ നടത്തി. കുട്ടിയുടെ അച്ഛൻ വിദേശത്താണ്. മാതാപിതാക്കൾക്കൊപ്പമാണ് കുട്ടികളുമായി ധന്യ കഴിയുന്നത്. ഇതിനിടെ, കുട്ടിയെ കണ്ടെത്തിയെന്ന നിലയിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണമുണ്ടായി. കുട്ടിക്കായുള്ള തെരച്ചില്‍ നടക്കുകയാണെന്നും ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ സത്യമറിയാതെ പ്രചരണങ്ങള്‍ ഒന്നും നടത്തരുതെന്നും പോലീസ് നിര്‍ദ്ദേശിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K