27 February, 2020 09:51:34 AM


ഏറ്റുമാനൂര്‍ നഗരസഭ നാട്ടുകാരെ കുടിപ്പിക്കുന്നത് കോളിഫോം ബാക്ടീരിയ കലര്‍ന്ന വെള്ളം

600 രൂപയുടെ വെള്ളം വിതരണം ചെയ്യാന്‍ നഗരസഭ കരാര്‍ ഏല്‍പ്പിച്ചത് 1200 രൂപയ്ക്ക്



- സ്വന്തം ലേഖകന്‍


ഏറ്റുമാനൂര്‍: കഴിഞ്ഞ വേനലില്‍ ഏറ്റുമാനൂര്‍ നഗരസഭ നാട്ടുകാരെ കുടിപ്പിച്ചത് മുന്തിയ അളവില്‍ കോളിഫോം ബാക്ടീരിയ കലര്‍ന്ന വെള്ളം. കുടിവെള്ളവിതരണത്തിന്‍റെ ചുമതല ഏറ്റെടുത്ത കരാറുകാര്‍ വാട്ടര്‍ അതോറിറ്റി ജില്ലാ ഗുണനിലവാരപരിശോധനാ ലാബില്‍നിന്നും ലഭിച്ച കോളിഫോം ബാക്ടീരിയയുടെ അളവ് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടികള്‍ സ്വീകരിക്കാതെ നഗരസഭാ അധികൃതര്‍. മാത്രമല്ല സ്വകാര്യവ്യക്തികള്‍ ഈടാക്കുന്ന വിലയേക്കാള്‍ ഇരട്ടിതുകയ്ക്കാണ് നഗരസഭ സോണുകളായി തിരിച്ച് കുടിവെള്ളവിതരണത്തിന് കരാര്‍ നല്‍കിയതും.  ഇതുസംബന്ധിച്ച രേഖകളുടെ പകര്‍പ്പുകള്‍ കൈരളി വാര്‍ത്തയ്ക്ക് ലഭിച്ചു.


പരിസ്ഥിതിപ്രവര്‍ത്തകനായ മോന്‍സി പി തോമസ് വിവരാവകാശനിയമപ്രകാരം നഗരസഭയില്‍ നല്‍കിയ കത്തിനുള്ള മറുപടികളിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഏറ്റുമാനൂര്‍ നഗരസഭ കഴിഞ്ഞ വേനല്‍കാലങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്തത് വെള്ളത്തിന്‍റെ ഗുണനിലവാരം ഉറപ്പ് വരുത്താതെ. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത സ്വകാര്യ ഏജന്‍സികളാണ് കുടിവെള്ള വിതരണം നടത്തിയതെന്നും അധികൃതര്‍ സമ്മതിക്കുന്നു. 


അംഗീകൃത ലാബുകളില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയ വെള്ളം കുടിവെള്ളവിതരണത്തിന് ലൈസന്‍സ് ഉള്ള ഏജന്‍സികള്‍ മുഖേന മാത്രമേ ജനങ്ങളില്‍ എത്തിക്കാനാവു എന്നാണ് നിയമം. വാണിജ്യാടിസ്ഥാനത്തില്‍ ജലവിതരണം നടത്തുന്നതിനുള്ള കിണറുകളും കുളങ്ങളും കുഴിക്കുന്നതിനും ഇവിടെ നിന്നും വെള്ളം വിതരണം  ചെയ്യുന്നതിനും  നഗരസഭയുടെ അനുമതി വാങ്ങേണ്ടതാണ്. എന്നാല്‍ ലൈസന്‍സ് ഉള്ള ഒരു ഏജന്‍സിയും നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്ന് അധികൃതര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.


മീനച്ചിലാറിന്‍റെ തീരപ്രദേശങ്ങളിലും പാടശേഖരങ്ങളുടെ കരയ്ക്കും അനുമതിയില്ലാതെ അനിയന്ത്രിതമായി കുഴിച്ച കിണറുകള്‍ ഏറെയാണ് നഗരസഭാ അതിര്‍ത്തിക്കുള്ളിലുള്ളത്. ഇത്തരം അനധികൃത കിണറുകളില്‍ നിന്നു തന്നെയാണ് നഗരസഭയുടെ ജലവിതരണം ഏറെയും. ഏറ്റുമാനൂര്‍ നഗരസഭയിലെ ഒരു കൌണ്‍സിലര്‍ ഉള്‍പ്പെടെയുള്ള മാഫിയയാണ് അന്നും ഇന്നും കുടിവെള്ളവിതരണം നടത്തുന്നത്. കര്‍ഷകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ അനധികൃതമായി കിണറുകള്‍ കുഴിച്ച് കുടിവെള്ളവിതരണം നടത്തുന്നത് കണ്ടെത്തിയിരുന്നു.  


ടാങ്കര്‍ ലോറികളിലും താല്‍ക്കാലിക ടാങ്കുകള്‍ ഉപയോഗിച്ച് ലോറികളിലും വിതരണം ചെയ്യുന്ന വെള്ളം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ടെങ്കിലും അങ്ങനെയൊരു നടപടി ഇന്നേവരെ ഉണ്ടായിട്ടില്ലെന്ന് ഒരു വിവരാവകാശ അപേക്ഷയ്ക്ക് 2019 നവംബറില്‍ നഗരസഭ നല്‍കിയ മറുപടിയില്‍ വെളിപ്പെടുത്തിയിരുന്നു. വെള്ളം കൊണ്ടുപോകുന്ന വാഹനങ്ങളോ സംഭരണികളോ ഒന്നും പരിശോധനയ്ക്ക് വിധേയമാക്കിയതായും രേഖകളില്ലായിരുന്നു. ഇതിന് പിന്നാലെയാണ് കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായുള്ള വെള്ളമാണ് കഴിഞ്ഞ വേനലില്‍ വിതരണം ചെയ്തെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവരുന്നത്. 


ആശുപത്രികള്‍ ഉള്‍പ്പെടെ ജില്ലയിലെ ഒട്ടേറെ പ്രമുഖസ്ഥാപനങ്ങളിലേക്കാണ് യാതൊരു പരിശോധനയും നടത്താതെ സംഭരിക്കുന്ന കുടിവെള്ളം ടാങ്കറുകളില്‍ എത്തിക്കുന്നത്. ഇതിനിടെ ലാബുകളെ സ്വാധീനിച്ച് പേരിന് വേണ്ടി പരിശോധനാ റിപ്പോര്‍ട്ടുകള്‍ സംഘടിപ്പിച്ച് ജലവിതരണ അധികാരം നേടിയെടുക്കാനുള്ള ശ്രമങ്ങളും ഉണ്ടാകുന്നുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഈ വിധം നേരിട്ടും സ്വകാര്യ ഏജന്‍സികള്‍ മുഖേനയും നടത്തുന്ന ജലവിതരണം നിയമപരമായി കുറ്റകൃത്യമാണ് എന്ന് സമ്മതിക്കുന്നതാണ് നഗരസഭ നല്‍കിയ മറുപടി വ്യക്തമാക്കുന്നത്. 


കോളിഫോം ബാക്ടീരിയ അടങ്ങിയ ജലമെത്തിയ വാര്‍ഡുകള്‍


നഗരസഭയിലെ 35 വാര്‍ഡുകളെ നാല് സോണുകളായി തിരിച്ചാണ് കഴിഞ്ഞ വേനലില്‍ നഗരസഭ കുടിവെള്ളവിതരണം നടത്തിയത്.


സോണ്‍ 1 - വാര്‍ഡുകള്‍ 1, 2, 3, 4, 5, 32, 33, 34, 35

സോണ്‍ 2 - വാര്‍ഡുകള്‍ 6, 7, 8, 9, 10, 11, 12, 13

സോണ്‍ 3 - വാര്‍ഡുകള്‍ 14, 15, 16, 17, 18, 19, 20, 21, 22

സോണ്‍ 4 - വാര്‍ഡുകള്‍ 23, 24, 25, 26, 27, 28, 29, 30, 31


ഒന്നാം സോണില്‍ ഏറ്റുമാനൂര്‍ സ്വദേശി കെ.വി.സജികുമാര്‍ വിതരണം ചെയ്ത കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് 240 എന്നാണ് കാണിക്കുന്നത്. കടപ്പൂര്, മംഗലംകലുങ്ക് എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച് വിതരണം ചെയ്ത വെള്ളത്തിന്‍റെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇത്തരത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കണ്ടെത്തിയത്. മൂന്നും നാലും സോണുകളില്‍ എസ്എച്ച് മൌണ്ട് സ്വദേശി പി.ആര്‍.രാജന്‍ വിതരണം ചെയ്തത് പൂവത്തുംമൂട്ടില്‍ നിന്നും ശേഖരിച്ച ജലമാണെന്നാണ് രേഖകള്‍.  ഈ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കണ്ടെത്താനായില്ല.


അതേസമയം രണ്ടാം സോണില്‍ വിതരണം നടത്തിയ വെള്ളം പരിശോധിച്ചതിന്‍റെ റിപ്പോര്‍ട്ട് ലഭ്യമല്ലെന്നും ആകെയുള്ളത് ഈ മൂന്ന് റിപ്പോര്‍ട്ടുകളാണെന്നുമാണ് നഗരസഭാ ആരോഗ്യവിഭാഗം അധികൃതര്‍ പറയുന്നത്. 35 വാര്‍ഡുകളിലായി ആകെ മൂന്ന് കിണറുകളില്‍നിന്ന് ശേഖരിച്ച് വിതരണം ചെയ്ത ജലം മാത്രമാണ് നഗരസഭയുടെ അറിവില്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. ബാക്കി സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച വെള്ളത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഇനിയും നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല.


കുടിവെള്ളവിതരണം ഏല്‍പ്പിച്ചത് ഇരട്ടിവിലയ്ക്ക്


പൊതുവിപണിയില്‍ സ്വകാര്യവ്യക്തികള്‍ നല്‍കുന്നതിനേക്കാള്‍ ഇരട്ടിവിലയ്ക്കാണ് ഏറ്റുമാനൂര്‍ നഗരസഭ കുടിവെള്ളവിതരണത്തിന് കരാര്‍ നല്‍കിയതെന്ന് വിവരാവകാശരേഖകള്‍ വ്യക്തമാക്കുന്നു. 600 രൂപയ്ക്കാണ് കഴിഞ്ഞ വേനലില്‍ സ്വകാര്യ ടാങ്കര്‍ ലോറികള്‍ വെള്ളം വിതരണം ചെയ്തിരുന്നത്. അതേസമയം യാതൊരു ഗുണനിലവാരവുമില്ലാത്ത വെള്ളം നഗരസഭ വിതരണം ചെയ്യാന്‍ കരാര്‍ നല്‍കിയത് 1200 രൂപയ്ക്കും 1248 രൂപയ്ക്കും. ജിഎസ്ടി പുറമെ. കുടിവെള്ളവിതരണത്തിലൂടെ വന്‍തുക തട്ടിയെടുക്കാനുള്ള ഒരു മാഫിയാ തന്നെ നഗരസഭയില്‍ പ്രവര്‍ത്തിക്കുന്നതായാണ് ഈ രേഖകള്‍ സൂചിപ്പിക്കുന്നത്.  








Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K